Tuesday, November 18, 2014

എന്‍റെ വിദ്ധ്യാലയ സ്മരണകള്‍ . Dr.Ambedkar G.H.S.S..Kodoth



Kunhambu Nair-Periye.Pakkam
Kodoth Ambedkar HSS

എന്റെ വിദ്ധ്യാലയ സ്മരണകള്‍

 G.L.P.School.Kodoth



1954. കാലഘട്ടം ഗ്രാമ ശുദ്ധിയുടെ വിളനിലമായ കൊടോം നാടു എവിടെ നോക്കിയാലും നെല്‍കതിരുകള്‍ വിളഞ്ഞു നില്‍ക്കുന്ന പാടങ്ങങ്ങള്‍ തെയ്യങ്ങള്‍ ഉറഞ്ഞാടുന്ന പള്ളിയറകള്‍, ക്ഷേത്രങ്ങള്‍, നലുകെട്ടും പടിപ്പുരകളും ഉള്ള വലിയ വീടുകള്‍. വയലുകള്‍ക്കു ചുറ്റുമുള്ള കരകളില്‍ ക്ഷേത്രാവശ്യങ്ങളും സമൂഹത്തിന്റെ വിവിധ കാര്യങ്ങളും നിറവേറ്റുന്നതിനു വേണ്ടുന്നതായ ഇരുമ്പ് പണിക്കാര്‍, മരപ്പണിക്കാര്‍,തുണിനെയിത്തുകാര്‍,എന്നിവരുടെ വീടുകള്‍, ഒരു പ്രീ പ്ലാനിങ്ങോടെ നിര്‍മ്മിച്ചിരിക്കുന്ന ഗ്രാമമാണെന്നെ പറയു .

ഇത്രയൊക്കെ ഉണ്ടായിട്ടും എന്തിന്റെയോ ഒരു ഒരപൂര്‍ണ്ണത നിഴലിച്ചു കാണാമായിരുന്നു അവിടെ.സരസ്വതി കടാക്ഷം വേണ്ടുവോളം ഉണ്ട് അത് പകര്‍ന്നു നല്‍കുവാനുള്ള ഒരു പള്ളികൂടം എന്ന സ്വപ്നം ഇതുവരെയായിട്ടും സാക്ഷാല്‍കരിച്ചില്ല. വിദ്ധ്യാഭ്യാസത്തിനു വേണ്ടി മൈലുകള്‍ നടന്നു ഏച്ചിക്കോലില്‍ എത്തണം (ഇന്നത്തെ രാജപുരം).നമ്മുടെ കുട്ടികള്‍ അറിവുകള്‍ നേടുന്നതിന്റെ പ്രാധാന്യം മുന്‍കൂട്ടി കണ്ടിരുന്ന കോടോത്ത് കുഞ്ഞികണ്ണന്‍ നായര്‍ അന്നത്തെ കോടോത്ത് പട്ടേലര്‍ സ്വന്തം വീട്ടില്‍ (കുഞ്ഞിപുതിയ വീട്) പൂമുഖത്ത് നാമമാത്രമായ കുട്ടികള്‍ക്കായി അറിവിന്റെ ലോകം പകര്‍ന്നു നല്‍കാന്‍ ഒരു എകാധ്യാപകനായി പാക്കത്തുള്ള പരേതനായ കുഞ്ഞമ്പു നായരേ നിയോഗിച്ചിരുന്നു. ഇന്നത്തെ ഇളംതലമുറകള്‍ക്ക് അജ്ഞാതമാണ് ഈവക കാര്യങ്ങള്‍.അതിനും മുന്‍പ് എഴുത്തുകൂടുകള്‍ ആയിരുന്നു ഏക ആശ്രയം.. ഇന്നത്തെ കൊടോം ഗ്രാമത്തിലെ വിദ്ധ്യാഭ്യാസ പുരോഗതിയെ വിലയിരുത്തുമ്പോള്‍ ആ പഴയ സംരംഭവും അതിന്റെ ശില്പ്പിയെയും നമ്മള്‍ ഓര്‍ക്കാതെ പോയാല്‍ അത് മഹാപരാധമായിരിക്കും.രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു പിന്നെയും ഒരു യഥാര്‍ത്ഥ സ്കൂള്‍ നിലവില്‍  വരാന്‍.ജനങ്ങളില്‍ വിജ്ഞാന ദാഹം ഏറി വന്നപ്പോള്‍ സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി കോടോത്ത് പുളിക്കാല്‍ എന്ന സ്ഥലത്ത് അവിടെ ഒരു വലിയ പുളിമരം ഉണ്ടായിരുന്നു ,അതിനു അല്‍പ്പം മുകളിലോട്ടു മാറി ഒരു വലിയ പ്ലാവിന്‍ ചുവട്ടില്‍ ആയിരുന്നു എന്റെ വിദ്യാലയം! ഞാന്‍ അഭിമാനത്തോടു കൂടി പറയുന്നു കോടോത്ത് GLP School  (1954-55.year).നിലവില്‍ വന്നു . ഏകദേശം 140.അടി നീളത്തിലും ,70.അടി വീതിയിലും തറനിരപ്പില്‍ നിന്നും അല്‍പ്പം ഉയര്‍ത്തി പണിതിരിക്കുന്ന ഒരു ഓല ഷെഡ്‌ . അറുപതില്‍ താഴെ പഠിതാക്കള്‍ രണ്ടു അധ്യാപകര്‍,ഓഫീസ് മുറികളോ സ്റ്റാഫ് മുറികളോ ഇല്ല . സ്കൂള്‍ റിക്കാര്‍ഡുകള്‍ സൂക്ഷിക്കാന്‍ ഒരു വലിയ മരപ്പെട്ടി. പഴയ കുഞ്ഞമ്പു നായര്‍ തന്നെയായിരുന്നു പ്രധാന അദ്ധ്യാപകന്‍ .ഇതായിരുന്നു അവസ്ഥ . അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 1960.ല്‍ ഞാന്‍ ഒന്നാം തരത്തിലെ പഠിതാവായി ചേര്‍ന്നു . അപ്പോഴേക്കും നാലു അദ്ധ്യാപകരും നൂറു പഠിതാക്കളും അടങ്ങിയ ഒരു കൊച്ചു സരസ്വതി നിലയമായി മാറിയിരുന്നു.പനമ്പ് കൊണ്ട് മറച്ച ആ കൊച്ചു ക്ലാസു മുറികളിലും ചരല്‍ വിരിച്ച മുറ്റത്തും ഓടിയും ചാടിയും കൂട്ടുകാരൊത്ത് അടിപിടി കൂടിയും,ചൂരല്‍ വടികളുടെ മഹിമ അറിഞ്ഞും എങ്ങും തുറന്നിട്ടിരിക്കുന്ന അറിവിന്റെ വാതായനങ്ങളില്‍ കൂടി ഞങ്ങള്‍ പുറത്തുള്ള അറിവിന്റെ ലോകം കണ്ടു തുടങ്ങി . അന്യ സ്ഥലങ്ങളില്‍ നിന്നും വന്നിരുന്ന അദ്ധ്യാപകര്‍ക്ക് താമസിക്കാനുള്ള സൌകര്യങ്ങള്‍ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നില്ല അവിടെത്തന്നെയുള്ള ഓരോ വീടുകളിലായിരുന്നു താമസം .യാതൊരു പ്രധിഫലവും അവരോടു വാങ്ങിയിരുന്നില്ല എന്നതാണ് സത്യം .അവര്‍ പകര്‍ന്നു തന്ന അറിവുകള്‍ തന്നെയായിരുന്നു ഏറ്റവും വലിയ പ്രതിഫലം എന്ന് അവര്‍ തിരിഞ്ഞിരുന്നു. അന്നു ഞങ്ങളുടെ തൊണ്ടകളില്‍ തങ്ങി നിന്നിരുന്ന നന്മയെ താളുകളില്‍ പകര്‍ത്താനും അത് അന്യരിലേക്ക് പകരാനും ഉപകരിക്കുന്ന അക്ഷരങ്ങളുടെ ലോകം കാട്ടിത്തന്ന യെശശരീരായ എന്റെ ഗുരുനതന്മാര്‍ നാരായണന്‍ മാഷ്‌. (കോടോത്ത് വടക്കേ വീട്ടിലായിരുന്നു താമസം) . കുഞ്ഞമ്പു മാഷ്‌ പാക്കം, കൃഷ്ണന്‍ മാഷ്‌ വാഴക്കൊട്ട്,എന്നിവരെ ഞാന്‍ തികഞ്ഞ ഭയ ഭക്തി ബഹുമാനത്തോടെ ഈ വേളയില്‍ ഓര്‍ത്തുപോകുന്നു .പിന്നെ ഇന്നും ജീവിച്ചിരിക്കുന്ന രാമചന്ദ്രന്‍ മാഷ്‌. എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.(കോടോത്ത് പടിഞ്ഞാറെ വീട് ). രാഘവന്‍ മാഷ്‌, സുഗുണന്‍ മാഷ് എന്നിവര്‍ തെക്കേകരമ്മല്‍ രാമന്‍ എന്ന വ്യക്ത്തിയുടെ വീട്ടില്‍ താമസിച്ചു വന്നിരുന്നു .
അന്ന് ആ അക്ഷര തിരുമുറ്റത്തു നിന്നു ഞങ്ങള്‍ ഒരുമിച്ചു നിന്ന് പാടിയ പ്രഭാത പ്രാര്‍ത്ഥനകള്‍ ഇന്നും ഓര്‍ക്കുന്നു .

കാരുണ്യമോലുന്ന സ്നേഹസ്വരൂപ നിന്‍ ,
കാലീണ കൈവണങ്ങുന്നു ഞങ്ങള്‍ .
വായുവും  വെള്ളവും മണ്ണു മാകാശവും-
തീയും ഹാ: നിന്‍റെ അനുഗ്രഹങ്ങള്‍ ..........

എന്നു തുടങ്ങി ....

എന്തിലും മീതെ വിളങ്ങട്ടെ ദൈവമേ
നിന്റെ വാത്സല്യവും കാരുണ്യവും .

ഈ പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ ഒരുമിച്ചു  ചൊല്ലിയാല്‍ അല്‍പ്പം അകലെയുള്ള പടിഞ്ഞാറേ വീടും കടന്നു കൊട്ടേലെ വീട്ടിലും പിന്നെ മൂലേലെ വീട്ടിലും കേട്ടിരുന്നു.കുട്ടിത്തങ്ങളുടെയും വിക്രിതികളുടെയും പൂമഴ പെയ്യിച്ച ഈ കാലഘട്ടം എനിക്ക് ഒരു പിടി ഓര്‍മകളും ചങ്ങാതിമാരെയും തന്നിരുന്നു . ചങ്ങാതികളുടെ കൂട്ടത്തില്‍ കൊട്ടനെയും,ബാലനെയും,പിന്നെ സുഗതന്‍. രാമകൃഷ്നെട്ടനും,ശാരദയും,കാര്‍ത്ത്യായനി,വെള്ളച്ചി,കാരിച്ചി,  തുടങ്ങിയവരെയും  ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നതില്‍ തെറ്റില്ല .അവരായിരുന്നു എന്റെ ഒന്നാം തരത്തിലെ പ്രിയ ചാങ്ങാതികള്‍.സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയ ഉടനെത്തന്നെ വീണ്ടും ഞങ്ങള്‍ എല്ലാവരും കൂടി കോടോത്ത് അമ്പലത്തിനു മുന്‍പിലുള്ള മുണ്ടേന്‍ വയലിന്റെ പാട വരമ്പില്‍ കൊച്ചകള്‍ പാറിവന്നിരിക്കുന്ന പോലെ നിരന്നിരിക്കുമായിരുന്നു .പിന്നെ ഓരോരോ കളികള്‍.കുട്ടിയും കോലും,തലപന്ത് കളി , തുടങ്ങിയ നിരവധി കളികള്‍ ചിലപ്പോള്‍ തോണ്ടന്‍ മാവിന്റെ കീഴില്‍ വന്നു മണ്ണപ്പം ചുട്ടു കളിക്കുകയും ഇടയിക്കിടെ വീണുകൊണ്ടിരിക്കുന്ന മധുരമുള്ള മാമ്പഴം വേണ്ടുവോളം അകത്താക്കുകയും ചെയ്യുമായിരുന്നു. കോടോത്ത് അമ്പലത്തിലെ സന്ധ്യ വേലയ്ക്കുള്ള ശംഖുനാഥം കേള്‍ക്കണം ഞങ്ങള്‍ വീണ്ടും വീടുകളിലേക്ക് തിരിച്ചുപോകാന്‍.വര്ഷം പലതു കഴിഞ്ഞു ഞങ്ങള്‍ ചങ്ങാതിമാര്‍ പല ദിക്കുകളിലായി വഴിപിരിഞ്ഞു നിറമുള്ള ഓര്‍മ്മകള്‍ മാത്രം ബാക്കി വെച്ച്.ഈക്കൂട്ടത്തില്‍ വളരെ നല്ല നിലയില്‍ എത്തപ്പെട്ടവരും സമൂഹത്തില്‍ മാന്യസ്ഥാനം അലംകരിക്കുന്നവരും ഏറെയുണ്ട്.ജീവിത യാത്രയില്‍ ഞങ്ങള്‍ നേടിയ ഗുണപാഠങ്ങള്‍ ഈ  ജീവിതസാഗരം നീന്തി കടക്കുന്ന വേളയില്‍ ഏറെ ഗുണം ചെയ്തുകൊണ്ടിരിക്കുന്നു എന്നതായിരിക്കാം അതിനു കാരണം.നല്ല വാക്കൊതുവാന്‍ ത്രാണി ഉണ്ടാകണം ...... എന്ന കവിത എന്നെ പഠിപ്പിച്ച സുഗുണന്‍ മാഷിനെ വീണ്ടും ഓര്‍ത്തുപോകുന്നു .ഇന്നത്തെ സമൂഹത്തില്‍ നല്ല വാക്കുകള്‍ പകര്‍ന്നു തരുന്നവര്‍  വളരെ ചുരുക്കം പേര്‍മാത്രം . കോടോത്ത് GLP.സ്കൂളിലെ ആ മലയാളം ക്ലാസ്സിലേക്ക് ഞാന്‍ തരിച്ചു പോകുന്നു. നല്ലവാക്കോതുവാന്‍ ത്രാണി ഉണ്ടാകണം, സത്യം പറയുവാന്‍ ശക്തി ഉണ്ടാകണം എന്ന വരികള്‍ വളരെ വലിയ ഒരു ഊര്‍ജ പ്രവാഹം ആണ് അന്ന് എന്റെ മനസ്സില്‍ ഉണര്‍ത്തിയത്, സത്യം പറയുവാനുള്ള ശക്തി ഇന്നത്തെ സമൂഹത്തില്‍ നഷ്ടപെട്ടു കൊണ്ടിരിക്കുന്നു. സ്വന്തം സുഖത്തിനു ഉപരിയായി  അപരന്റെ സുഖത്തെ സാധ്യമാക്കാന്‍ പ്രയത്നിച്ച  ഒരു പാട് വ്യക്ത്തികളെ  കുറിച്ച് മാഷ്‌  അന്ന് പറഞ്ഞു തരുമായിരുന്നു.ജീവിതം എന്നത് എന്ത് എന്ന് ഉള്ള ചോദ്യത്തിന്റെ ആരംഭം ആയീരുന്നു അത്. നിശബ്ധനായിരുന്നതിന്റെ പേരില്‍ എനിക്കൊരിക്കലും ദുഖിക്കേണ്ടി വന്നിട്ടില്ല .പലപ്പോഴും സംസാരിച്ചതിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട് .വാക്കിന്റെ വില അറിയുമ്പോള്‍ അളന്നു മുറിച്ചു മാത്രം അത് ഉപയോഗിക്കുന്ന അവസ്ഥ വരും,കണ്ടതെല്ലാം പറയാനുള്ളതോ കേട്ടതെല്ലാം വിശ്വസിക്കാനുള്ളതോ അല്ലന്നു മാഷ്‌ നാലാം തരത്തില്‍ എത്തിയ ഞങ്ങള്‍ക്ക് പറഞ്ഞു തരുമായിരുന്നു .എനിക്ക് ഇവിടെ നാലാം തരം  വരെ മാത്രം പഠിക്കുവാനുള്ള നിയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ .പിന്നെ അഞ്ചാം തരത്തിലെ ഉപരി പഠനത്തിനായി എന്നെ നീലേശ്വരം  പള്ളിക്കരയിലെ സെന്റ്‌ ആന്‍സ് എ.യു.പി സ്കൂളില്‍ ചേര്‍ത്തു .പിന്നീടുള്ള അഭ്യാസങ്ങള്‍ അവിടെയായിരുന്നു. അവിടെയും  എനിക്ക്  പ്രിയപ്പെട്ട ഗുരുനാഥന്മാര്‍ ഏറെ ഉണ്ടായിരുന്നു .രാമന്‍ മാസ്റ്റര്‍, തമ്പാന്‍ മാസ്ടര്‍ , വെള്ളച്ചി ടീച്ചര്‍ , സരോജിനി ടീച്ചര്‍ , പദ്മാവതി ടീച്ചര്‍, പുരുഷോത്തമന്‍ മാസ്ടര്‍ , പിന്നെ കുറെ സിസ്റര്‍ മാരും , അവിടെയുണ്ടായിരുന്ന സഹപാഠികളെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു . 
'പഠിക്കേണ്ടുന്ന കാലത്തു പഠിക്കുന്നത് താന്‍ ഗുണം ,
പൊടിപ്പില്‍ ലത വേണ്ടും പോല്‍ പടര്‍ത്തായികില്‍ ശരിപ്പെടാ .
താദാതി ജ്ഞാന മേകും മാതാവോന്നാമതാം ഗുരു ,
അക്ഷരാദി ജ്ഞാന മേകും ഗുരു രണ്ടാമതുത്തമന്‍ .
എന്ന വരികള്‍ ചൊല്ലി പഠിപ്പിച്ച രാമന്‍ മാസ്ടരെ ഞാന്‍ ഒരിക്കലും മറക്കില്ല .അദ്ദേഹം ഇന്നില്ല . അദ്ദേഹം അന്ന് പഠിപ്പിച്ചത് പോലെ പഠിക്കേണ്ടുന്ന കാലത്ത് പഠിക്കാനൊന്നും എനിക്കായില്ല അക്കാലത്ത് കളിച്ചു നടക്കാനും ,കാട്ടില്‍ കയറി  നടന്നുള്ള  നായാട്ടിലും മറ്റുമായിരുന്നു കൂടുതലും താല്പര്യം . എങ്കിലും കാലഘട്ടത്തിനനുസരിച്ചുള്ള മാനസിക വളര്‍ച്ചയും അറിവും സ്വന്തമായിത്തന്നെ അപ്ഡേറ്റ് ചെയ്യുവാന്‍ എനിക്ക് ഇന്നു    സാദിച്ചിട്ടുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു അഹംകാര ലേശമന്ന്യേ .

 പിന്നെ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം കോടോത്ത് തിരിച്ചു വരുമ്പോഴത്തേക്കും ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍ പലവിധ മാറ്റങ്ങള്‍ക്കും വിധേയമായിരുന്നു . സ്കൂള്‍ കെട്ടിടം കോടോത്ത് മേലടുക്കത്തേക്ക് മാറ്റി. ഈ മാറ്റത്തിന് പിറകില്‍ പ്രവര്‍ത്തിച്ച പ്രധാന അദ്ധ്യാപകന്‍ ഇന്നും കണ്ണൂര്‍ പെരളശ്ശേരിയില്‍ താമസിക്കുന്ന ശ്രീമാന്‍ KPK.ഗോപിനാഥന്‍ നമ്പിയാര്‍ എന്നവരുടെ അശ്രാന്ത പരിശ്രമവും സേവനവും നാട്ടുകാരുടെ പ്രശംസയ്ക്ക് പാത്രീഭവിച്ചിരുന്നു കൂടാതെ നല്ലവരായ നാട്ടുകാരുടെയും ശ്രീമാന്‍ സി.ശങ്കരന്‍. സി, കൊട്ടന്‍, പരേതരായ തെക്കേകരമ്മല്‍ രാമന്‍,വള്ളിവളപ്പില്‍ അലാമി, കോടോത്ത് പുതിയമാളിയക്കാല്‍ കുഞ്ഞമ്പു നായര്‍,പോക്ക്ലി അപ്പ, കൈല്‍ കണ്ണന്‍ മണിയാണി,അരീക്കര ഗോപാലന്‍ മണിയാണി ചുണ്ട,പാറ്റെന്‍ രാമന്‍ ,മോനാച്ച കണ്ണന്‍ മണിയാണി,ചുണ്ടയില്‍ പരദേശി,തുടങ്ങിയ അനേകം  വ്യക്തികളുടെയും അക്ഷീണ പ്രയത്നം  നമ്മുടെ വിദ്ധ്യാലത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിലുണ്ടന്നു പറയുവാന്‍ അഭിമാനമുണ്ട്. കൂടാതെ എന്റെ പിതാവ് യെശശരീരനായ KP.കുഞ്ഞമ്പു നായര്‍ സ്കൂളിനു വേണ്ടി അല്‍പ്പം സ്ഥലം ദാനമായി നല്‍കുകയും ചെയ്തിരുന്നു. അതോടുകൂടി വിസ്ത്ര്തമായ കളിസ്ഥലവും,കുടിവെള്ളവും ഒക്കെയുള്ള വിദ്ധ്യാലയമായി രൂപാന്തരപ്പെട്ടു 1954,ല്‍ ആരംഭിച്ച ഈ വിദ്ധ്യാലയം 1980,ല്‍ യു.പി.സ്കൂള്‍ ആയും 2000,ത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ അറുപതില്‍ എത്തിനില്‍ക്കുന്ന എന്റെ വിദ്ധ്യാലയം  കോടോത്ത് Dr.അംബേദ്‌കര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ഭൂതകാലങ്ങള്‍ അഭിമാനത്തോടെ അയവിറക്കുന്നു. പഠന കാര്യങ്ങളില്‍ മാത്രമല്ല പരിമിതികള്‍ ഏറെയുണ്ടെങ്കിലും കലാ കായിക വേദികളിലും ജില്ലയിലെ തന്നെ പ്രഥമ പരിഗണന ലഭിക്കുന്ന വിദ്ധ്യലയങ്ങളില്‍ ഒന്നായി മാറി.1300,ലധികം വിദ്ധ്യാര്‍ഥികളും  50,ലധികം അദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രത്തിലെ അദ്ധ്യാപക രക്ഷാകര്തൃ സമിതിയുടെയും നാട്ടു കാരുടെയും പ്രവര്‍ത്തന ഫലമായി  മലയോര മേഘലയ്ക്ക് ഒരു തൊടുകുറിയായി അംബരചുംബിയായി കൊടോം ഗ്രാമത്തിന്റെ അഭിമാനമായി എന്റെ വിദ്ധ്യാലയം പരിലസിക്കുന്നു ആ പഴയ ജി.എല്‍.പി സ്കൂള്‍......(ഈ സരസ്വതി ക്ഷേത്രത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ അറുപതില്‍ എത്തിനില്‍ക്കുന്ന ഒരു പൂര്‍വ വിദ്ധ്യാര്‍ഥിയുടെ സമര്‍പ്പണമായി മാത്രം ഇതിനെ വായനക്കാര്‍ കാണുക )..


1 comment:

  1. അക്ഷര ലോകത്തേക്ക് എന്നെ കൈ പിടിച്ചുയര്‍ത്തിയ എന്റെ പ്രഥമ ഗുരുനാഥന്‍ യെശ ശരീരനായ ശ്രീ ,കുഞ്ഞമ്പു മാസ്ടര്‍ പാക്കം എന്നവര്‍ക്കും ,പിന്നെ ഞാന്‍ പഠിച്ച സ്കൂളിനു വേണ്ടിയും (G.L.P.School Kodoth.) ഈ ഉപഹാരം എളിമയോടെ സമര്‍പ്പിക്കുന്നു..

    ReplyDelete