Thursday, November 13, 2014

മാലോം കൂലോം മുക്ക്രി പോക്കര്‍

       മാലോം കൂലോം മുക്ക്രിപോക്കര്‍ 

ഉത്തര കേരളത്തിലെ പ്രഗല്‍ഭരായ നായര്‍ ജന്മി കുടുംബങ്ങളില്‍ പ്രഗല്ഭമായ ബാലിക്കടക്കത്ത് നായന്മാര് , നോക്കെത്താത്ത ദൂരം പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ .പുനം കൃഷി ( മാലോം മുതല്‍ മരുതോം വരെ ), യഥേഷ്ടം നെല്ലും പണവും കുന്നുകൂടി എങ്കിലും പലപ്പോഴും ഉണ്ടാക്കുന്ന ധാന്യങ്ങള്‍ പത്തായപുരകളില്‍ എത്താറില്ല .പണിയാളരുടെ (മലം കുടിയാന്മാര്‍ ,മാവിലര്‍ ) കുറവ് തന്നെ കാരണം ,പിന്നെ കെടുകാര്യസ്ഥതയും . വേലി തന്നെ വിളവു തിന്നുന്ന ഒരവസ്ഥ വന്നു .സംഗതികള്‍ കൈവിട്ടുപോകും എന്ന അവസ്ഥ വന്നപ്പോള്‍ കാരണവര്‍ ഒരു നല്ല വിശ്വസ്ഥനും കാര്യപ്രാപ്തിയും ഉള്ള ഒരു കാര്യസ്ഥനു വേണ്ടി അന്വേഷിക്കുന്ന കാലം .തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറയുന്ന പോലെ ഒരു ദിവസം തറവാട് പടിക്കല്‍ ഒരാള്‍ വന്നു നിന്ന് സ്വയം പരിചയപ്പെടുത്തി . പോക്കര്‍ എന്നാണു പേര് ,ഉള്ലാളം ആണ് ദേശം .കണ്ടമാത്രയില്‍ തന്നെ നല്ല ശരീര ശേഷിയും ആരോഗ്യവും ഉള്ള ഒരു മുസ്ലിം ആണന്നു യജമാനന്‍ മനസിലാക്കി .അനുവദിക്കുകയാണെങ്കില്‍ അവിടത്തെ കൃഷി കാര്യങ്ങള്‍ നോക്കി നടത്താന്‍ താല്പര്യമുണ്ടന്നു ഉണര്‍ത്തിച്ചു . കാരണവര്‍ക്ക്‌ പിന്നെ മറ്റൊന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല, ഉടന്‍ സമ്മതം മൂളി .
തുടര്‍ന്നുള കാല ഘട്ടം ഉയര്ച്ചയുടെതായിരുന്നു ,വീടും പത്തായവും നിറഞ്ഞു കവിയാന്‍ തുടങ്ങി ,സൂക്ഷിക്കാന്‍ സ്ഥലം പോരാതെ വന്നപ്പോള്‍ നെല്ല് വയലില്‍ കൂട്ടി ഇട്ടു കത്തിച്ച ചരിത്രവും ഇവര്‍ക്ക് ഉണ്ടന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഈ തറവാട്ടുകാരുടെ ആസ്ഥാനം അരീക്കരയായിരുന്നു .അരി വിളയുന്ന കര എന്നര്‍ത്ഥം വരും . അങ്ങിനെ ജന്മിയും ,പണിയാളരും ,ദേശ വാസികളും അല്ലലില്ലാതെ കഴിഞ്ഞു പോരുന്ന കാലം ,നിര്‍ഭാഗ്യവശാല്‍ അവിടെയും അസൂയയും ,കുശുമ്പും, വളരാന്‍ തുടങ്ങി .ഇന്നലെ കയറി വന്ന പോക്കറോ ട് യജമാനന്‍ ഇത്രവേഗം അടുത്തത്‌ ചില കണക്കപിള്ളമാര്‍ക്കും പണിക്കാര്‍ക്കും രസിച്ചില്ല .അവിടെ ചതിയുടെയും വഞ്ചനയുടെയും വിഷബീജം മുളച്ചു പൊങ്ങി .
ഒരുദിവസം  ഒരു മാവിലന്‍ പണിക്കാരന്‍ ഓടിവന്നു ഉടയോരെ .......പുനത്തില്‍ പന്നി കൂട്ടം ഇറങ്ങി യിട്ടുണ്ടന്നും ഉടന്‍ എല്ലാം നശിപ്പിക്കുമെന്നും ഉണര്‍ത്തിച്ചു ഇത് കേട്ടുകൊണ്ട് അവിടെ നിന്നിരുന്ന വീരശൂര പരാക്രമിയായ പോക്കര്‍ ഉടന്‍ വാരികുന്ദങ്ങളും മറ്റും എടുത്തു പുനത്തിലേക്ക് നടന്നു . മാനം ഏറെ കറുത്തിരുന്നു .കാലവര്‍ഷം തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ ഏറെ ഉണ്ട് , പിന്നെ എന്തെ ഇങ്ങിനെ വരാന്‍  .ഇതൊന്നും ഗൌനിക്കാതെ പോക്കര്‍ ലക്ഷ്യസ്ഥാനം നോക്കി നടന്നു . പ്രകൃതി എന്തൊക്കെയോ മുന്‍കൂട്ടി അറിഞ്ഞപോലെ .. മാലോം പള്ളിയില്‍ നിന്നും ബാങ്ക് വിളികള്‍ മുഴങ്ങുന്നുണ്ട് .പുനത്തിലേക്ക്  പോയ പോക്കര്‍ പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല .
പിറ്റേന്ന് രാവിലെ മരുതോം മലയില്‍ ചിതറി തെറിച്ച  ശവ ശരീരമയായി നമ്മുടെ വീര പുരുഷന്‍ കിടക്കുന്നു .ദേശ വാസികള്‍ക്ക് പലതും പറയാനുണ്ടായിരുന്നു .കാട്ടു പന്നി കടിച്ചു പിച്ചി  ചീന്തിയതോ അല്ലാ ദുര മൂത്ത മനുഷ്യ പിശാചുക്കള്‍ രക്തം ഊറ്റി കുടിച്ചതോ ?
വീരന്മാരേ  എന്നും ആദരിച്ചു മാത്രം ശീലമുള്ള  വടക്കേ മലബാറിലെ ദേശ വാസികള്‍ക്ക് പോക്കര്‍ എന്നും വീര പുരുഷന്‍ തന്നെയായിരുന്നു ..അന്നും,ഇന്നും ..

അങ്ങിനെ മാലോത്ത്‌ കോവിലകം (കൂലോം) ബാലിക്കടക്കത്ത് നായന്മാരുടെ തറവാട് മുറ്റത്തു നേര് മാത്രം നടത്തി നിലകൊണ്ട മുക്ക്രി പോക്കര്‍ തെയ്യകൊലമായി മാറി . അങ്ങിനെ തെയ്യകൊലത്തിന്റെ നേര്‍ത്ത കാലൊച്ചയും, ചിലംബൊലിയും മാലോം പള്ളിയിലെ അഞ്ചു നേരത്തെ ബാങ്കിനൊപ്പം കേള്‍ക്കാന്‍ തുടങ്ങി .ഹിന്ദു മുസ്ലിം മത മൈത്രിയുടെ അടയാളമായി ഇന്നും നിലകൊള്ളുന്നു ..
മാലോം വയലിന് നടുവില്‍ ഇന്നും ആ തറവാട് വീട് ഉണ്ട് .ഇടക്കാലത്ത് എല്ലാം തകര്‍ന്ന മട്ടിലായിരുന്നു .   ബാലിക്ടക്കത്തു നായന്മാര്‍ ക്ഷയിച്ചപ്പോള്‍ അവരുടെ മലോത്തുള്ള ഏകദേശം ഭൂസ്വത്തുക്കളും കോടോത്ത് തറവാട്ടു കാര്‍ സ്വന്തമാക്കിയിരുന്നു . മാലോം വയലില്‍ കൊടോക്കാരുടെ വകയില്‍ ഒരു പത്തായപുരയും അവിടെ ഉണ്ടാക്കിയിരുന്നു ഈ അടുത്ത കാലം വരെ അത് അവിടെ ഉണ്ടായിരുന്നു  . മാലോം കോവിലകം നിന്ന സ്ഥലം മാത്രം  അവിടെ നിലനിന്നിരുന്നു  , ഈ അടുത്ത കാലത്ത് തറവാട്ടിലെ ഇളം തലമുറയില്‍ പ്പെട്ട  ലേറ്റ് ശ്രീ ,ബാലിക്കടക്കത്ത് കുഞ്ഞമ്പു നായര്‍ (മണിക്കല്ല് ) അവരുടെ നേതൃത്വത്തില്‍ പുനരുദ്ധാനം ചെയ്തു എല്ലാം പഴയ പടി നിലനിര്‍ത്തി പരിപാലിച്ചു വരികയാണ് . വര്ഷം തോറും മുക്ക്രിപോക്കരുടെ തെയ്യകൊലം കെട്ടിയാടുന്നു ..വരും കാലങ്ങളിലും മതമൈത്രിയുടെ പ്രതീകമായി ഏറെ നാളുകള്‍ തുടരട്ടെ എന്ന് നമുക്കും പ്രത്യാശിക്കാം .


മത സൌഹര്ധത്തിന്റെ പ്രതീകമായി കാസറഗോഡ് ജില്ലയിലെ മറ്റു ചില നായര്‍ തറവാടുകളിലും പ്രകൃതി വര്‍ണങ്ങളില്‍ ചാലിച്ച മുഖത്തെഴുത്തും ,തിളക്കമുള്ള ആടയാഭരണങ്ങളും , തിരിയോലകളില്‍ തീര്‍ത്ത ശില്‍പ്പ ഭംഗിയുള്ള തിരുമുടിയും അണിഞ്ഞു ചിലംബണിഞ്ഞ  കാലുകളാല്‍ നൃത്ത വിസ്മയം തീര്‍ത്ത്‌ ഉറഞ്ഞാടാറുണ്ട് മാപ്പിള തെയ്യങ്ങള്‍ ഇന്നും ... മാവിലന്‍ സമുദായത്തില്‍ പെട്ടവരാണ് പ്രധാനമായും ഈ തെയ്യം കെട്ടുന്നത് .
കംബല്ലുര്‍ കോട്ടയില്‍ തറവാട്ടിലെ കലന്തന്‍ മുക്ക്രിയും കരിംചാമുണ്ഡിയും ,പെരളം ചാമുണ്ടേശ്വരി കാവിലെ മാപ്പിള ചാമുണ്ടി , മാലോം കൂലോത്ത് ഭഗവതി ക്ഷേത്രം ,മൌവ്വേനി കോവിലകം എന്നിവിടങ്ങളിലെ മുക്ക്രി പോക്കര്‍ ,കുമ്പള ആരിക്കാടിയിലെ ആലിഭൂതം ,കക്കാട്ട് കോവിലകത്തെ ഉമ്മാച്ചി തെയ്യം, എന്നിവയാണ് കോലത്തുനാട്ടിലെ മാപ്പിള തെയ്യങ്ങള്‍ .
പട്ടുടുത്ത് താടിയും തലപ്പാവും ധരിച്ചു കൊവിലകങ്ങളിലും ,തറവാടുകളിലും മാപ്പിള തെയ്യങ്ങള്‍ നിസ്കാര കര്‍മങ്ങളും ,ബാങ്കു വിളികളും മുഴക്കുമ്പോള്‍ ഇവിടെ ഊട്ടി ഉറപ്പിക്കപ്പെടുന്നത് നമ്മുടെ മത സൌഹാര്‍ദ്ദം തന്നെയാണ് . മാപ്പിള തെയ്യങ്ങള്‍ ഉറഞ്ഞാടുമ്പോള്‍ വിശ്വാസത്തിനു കളംഗമേല്‍ക്കാത്ത നാടു ഒന്നടക്കം വണങ്ങുന്നു .. എന്‍റെ തറവാടായ കംബല്ലുര്‍ കോട്ടയില്‍ തറവാട്ടില്‍ തുലാവം 11.നു ആരംഭിക്കുന്ന കളിയാട്ടത്തോടെയാണ് മാപ്പിള തെയ്യങ്ങളുടെ തുടക്കം 

ശുഭം 



















No comments:

Post a Comment