ആടിവേടന്‍
![]() |
ചെണ്ട -രാജന്‍ പണിക്കര്‍ .നെല്ലിക്കാട്ട് |
തെയ്യം കേട്ടിയാടല്‍ , കർക്കടകം 7 മുതൽ
മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിയും ഗൃഹ സന്ദർശനം
നടത്തുന്നു.ഒരോ ദേശത്തെയും അവകാശി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം.ഒരാൾ
വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും
പിന്നോട്ടും നടനം ചെയ്യും.കയ്യില്‍ മണിയും ഉണ്ടാകും .മണി കിലുക്കിയാണ് ആട്ടം . വീട്ടമ്മ
പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി.രണ്ടു തെയ്യങ്ങളുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്.
തപസ്സ്ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാൻ ശിവനും പാർവ്വതിയും വേട രൂപത്തിൽ
പോകുന്ന പുരാണ കഥ. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്. വീടും പരിസരവും ചാണകം
തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’
വണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ഥ ദിവസങ്ങളിലായി
കെട്ടിയാടുന്നു. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ
കലക്കിയ കറുത്ത ഗുരുസി തെക്കോട്ടും,വണ്ണാന്റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം.കരിക്കട്ട കലക്കിയതാണു കറുത്ത ഗുരുസി , മഞ്ഞളും നൂറുംകലക്കിയതാണു ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും
പരിശുദ്ധമായി എന്നാണ് സങ്കല്പം. ആടിവേടന്മാരെ വരവേൽക്കാൻ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി,
ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും
വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടർക്കുമുള്ളതാണ്.വെക്കേണ്ട കാഴ്ച
വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും.അതെല്ലാം തുണി മാറാപ്പിൽ ഇട്ട് അടുത്ത
വീട്ടിലേക്ക് വേടൻ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ
വീട്ടുടമസ്ഥർ അവർക്കു നൽകും .പഞ്ഞ മാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ
അവർക്ക് ലഭിക്കുകയും ചെയ്യും .
ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി വളരെ
ബന്ധപ്പെട്ടു കിടക്കുന്ന ഒരു ആചാരമാണ് വേടൻ കെട്ടിയാടൽ. കർക്കിടകമാസം വീടുകൾതോറും
കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’.
ഒന്നിച്ച് ‘ദിവസങ്ങളോളം സ്കൂളിൽ പോവാതെ വേടൻ
കെട്ടാൻ കുട്ടികളെ കിട്ടാതായതും ,വിശ്വാസത്തിലുണ്ടായ കുറവും,ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. ഇവിടെ മുകളില്‍
കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാഞ്ഞംകാടുള്ള നെല്ലിക്കാട്ടു രാജന്‍ പണിക്കരും സംഘവും ആണ് ,വളരെ
തിരക്കുപിടിച്ച തെയ്യം കലാകാരന്‍ എന്നിരിക്കിലും ഈ അനുഷ്ട്ടാന കല കുറച്ചുകാലം കൂടി
പിടിച്ചു നിര്‍ത്തണം എന്നുമാത്രം കരുതി
രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ഇദ്ദേഹം . .ഇതുപോലെ ചിലയിടങ്ങളിൽ മാത്രം ഇന്നും അവശേഷിക്കുന്നുണ്ട് ആടിവേടന്റെ വരവ് . പഴയ കാലത്ത് പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്,
നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ
പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന
ഗ്രാമീണ കർഷകന്റെ വീടുകൾതോറും, ചെണ്ട കൊട്ടിയുള്ള വേടന്റെ വരവ്
ഒരു പുത്തനുണർവ്വ് പകര്‍ന്നു തരുന്നതായി കാണാം .
കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ
ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ
മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ
കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും
ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള
ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.
No comments:
Post a Comment