Friday, November 21, 2014

താളം തെറ്റുന്ന ജീവിതം


മനസമാധാനവും സന്തോഷവും എന്നും 

നിലനില്‍ക്കാന്‍ ഒരു ജീവിത ക്രമം


നമ്മുടെ ജീവിതം നമുക്കെന്നും സന്തോഷവും സമാധാനവും തരുന്ന ഒന്നാണ് എന്നാണു എന്റെ വിശ്വാസം . നാം കഷ്ട്ടതകളില്‍ പെടുമ്പോള്‍ അതിനുള്ള പോംവഴികളും നമ്മുടെ മുന്‍പില്‍ വന്നുചേരാറുണ്ട് . പക്ഷെ പലപ്പോഴും നാം അത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. പകരം കഷ്ടതകളെ കുറിച്ചും വരാനിരിക്കുന്ന ഭാവിയെ കുറിച്ചും ചിന്തിക്കുന്നതിനാല്‍ നമുക്ക് മുന്നില്‍ തുറന്നിരിക്കുന്ന വിശാലമായ ആ വഴികള്‍ നാം കാണതെ പോകുന്നു എന്നുമാത്രം . എന്നും നമ്മളെ കുറിച്ച് മാത്രം ചിന്തിക്കുന്നതിനു പകരം നമ്മെക്കാള്‍ കൂടുതല്‍ കഷ്ട്ടപ്പെടുന്നവര്‍ നിരവധിയുള്ളപ്പോള്‍ അവരെക്കുറിച്ചും. അല്‍പ്പം ആലോചിച്ചു നോക്കുക  . നമ്മുടെ സഹതാപം അല്ല അവര്‍ക്ക് ആവശ്യം. അല്പം കരുണയും ചെറിയ സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള ഒരു ചെറുപുഞ്ചിരിയും മാത്രം മതി അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ എന്നോര്‍ക്കുക. എന്നും മുകളിലോട്ടു മാത്രം നോക്കി നടക്കുന്ന അല്ലങ്കില്‍ നമ്മളെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നവരെന്നു നാം കരുതുന്നവരെ മാത്രം അനുകരിച്ചു പോകാനുള്ള മോഹം മാറ്റിവെച്ചു നമുക്ക് ചുറ്റുമുള്ള നമ്മെക്കാള്‍ എത്രയോ കൂടുതല്‍ കഷ്ട്ടപ്പെടുന്ന മനുഷ്യരെയും ജീവജാലങ്ങളെയും അല്പ്പനെരമെങ്കിലും ഒന്ന് തല താഴ്ത്തി കണ്ടുനോക്കുക ,അപ്പോള്‍ കാണാം നമ്മുടെ കഷ്ട്ടപ്പാടുകള്‍ എത്രയോ നിസ്സാരം എന്ന് . ഇന്ന് ഏറെപ്പേരും വിചാരിക്കുന്നു   .ഞാന്‍ ഉണ്ടാക്കിയ ധനം എന്റെ കുടുംബത്തിനു മാത്രം ഉപയോഗിക്കാനുള്ളതാണ്. അവര്‍ ഏറെ സന്തുഷ്ട്ടരായി ജീവിക്കണം. അല്ലലും ,അലച്ചിലും അറിയാതെ  എന്നല്ലാം . പക്ഷെ മക്കള്‍ പ്രായപൂര്‍ത്തി എത്തുമ്പോള്‍  , യാതൊരു ബുദ്ധിമുട്ടും കൂടാതെ  തങ്ങളുടെ  മുന്നില്‍ യഥേഷ്ടം    ധനവും ധാന്യമണികളും,ഭക്ഷണവും മറ്റും . ഫലമോ തനിക്കു വേണ്ടുന്നതിലധികം ഭക്ഷണം വിളംബിച്ചു ഇലകളില്‍ ബാക്കി വന്ന ഭക്ഷണം വെറുതെ വലിച്ചെറിയുന്ന    അവസ്ഥ വരുന്നു അതും എത്രയോ പേര്‍ ഒരുനേരത്തെ അന്നത്തിനു വേണ്ടി പാടുപെടുമ്പോള്‍ നമ്മള്‍ പലപ്പോഴും ഇതിനു സാക്ഷികളുമാണ് . ഇത്രയും ധനവും, ഭക്ഷണവും മറ്റും എവിടെ നിന്നാണ് മക്കളെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. പഴയ കാലത്തെ തലമുറകളാണങ്കില്‍ ചിലപ്പോള്‍ പറഞ്ഞെന്നിരിക്കും ‘ ചക്കി കുത്തും , അമ്മ വെക്കും ,ഞാന്‍ തിന്നും എന്ന്, പുതിയ തലമുറകള്‍ക്ക് അതും അറിയില്ല .  പഴംചൊല്ലുകള്‍ പറഞ്ഞുകൊടുക്കാന്‍ മാതാ പിതാക്കള്‍ക്ക് സമയം ഇല്ലല്ലോ .   വീട്ടു വേലക്കാരിയായ ചക്കിയും  ഇന്നുണ്ടാവില്ല , അമ്മ വല്ല ക്ലബ്ബിലോ മറ്റോ ആയിരിക്കും, അച്ഛന്‍ പുറംനാടുകളില്‍ പണം സമ്പാദിക്കുന്ന തിരക്കിലായിരിക്കും. മക്കള്‍ ഏറ്റവും പുതിയതരം മൊബൈല്‍ ഫോണുകളും, കണ്ടാല്‍ തിരിച്ചറിയാത്ത വിധമുള്ള കണ്ണടകളും അതിനു യോജിക്കുന്ന വസ്ത്രങ്ങളും അണിഞ്ഞു അടിപൊളിയിലായിരിക്കും ഉണ്ടാകുക .കാലം പിന്നെയും കടന്നുപോയി  അറുപതു കഴിഞ്ഞ അച്ഛന്‍ പണസംബാധന മോഹങ്ങളൊക്കെ കഴിഞ്ഞു സ്വന്തം കുടുംബത്തെ കുറിച്ചുള്ള പല മോഹങ്ങളും മനസ്സില്‍ അയവിറക്കി വര്‍ഷങ്ങളായി രാപകലില്ലാതെ അദ്ധ്വാനിച്ചതിന്റെ പ്രതിഫലമായി പ്രകൃതി നല്‍കിയ പലവിധ അസുഖങ്ങളുമായി വേച്ചു വേച്ച് സ്വന്തം വീട്ടില്‍ എത്തുമ്പോഴേക്കും മക്കള്‍ പൊയിട്ട് ഭാര്യ പോലും സ്വീകരിക്കാന്‍ അവിടെ ഉണ്ടാകുമെന്ന് ഇന്നത്തെ സാഹചര്യത്തില്‍  ഉറപ്പില്ല. ചിലപ്പോള്‍ അയല്‍പക്കത്തെ ഒരു കുട്ടിയെങ്കിലും ചിലപ്പോള്‍ നിങ്ങളെ ചിരിച്ചുകൊണ്ട് വരവേല്‍ക്കാന്‍ അവിടെ ഉണ്ടാകാം എന്ന് മാത്രം  അതും ഉറപ്പില്ല . അതിനാല്‍ നാം നമ്മുടെ മക്കള്‍ക്ക് സമ്പാദിച്ചു കൊടുക്കുന്നതും കുടുംബം ആര്ഭാടമായി ജീവിക്കാനുള്ള വക ഉണ്ടാക്കുന്നതും എല്ലാം നല്ലതുതന്നെ ,പക്ഷെ അടുത്ത വീട്ടിലെ വളരെ കഷ്ട്ടതകള്‍ അനുബവിക്കുന്ന ഒരു കുട്ടിക്കെങ്കിലും നിങ്ങള്‍ സ്വന്തം മക്കള്‍ക്ക്‌ കൊടുക്കുന്നതില്‍ ചെറിയൊരംശം കൊടുക്കുക എന്ന് അറിവുള്ളവര്‍ പറഞ്ഞത് വെറുതെയാവില്ല  . ഒരു പക്ഷെ ഒരു ചെറു പുഞ്ചിരിയാരിക്കാം അല്ലങ്കില്‍ ഒരു നേരത്തെ ഭക്ഷണ മായിരിക്കാം അതുമല്ല എങ്കില്‍ ഒരു കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശ മായിരിക്കാം .തീര്‍ച്ചയായും നിങ്ങള്ക്കത്  തിരിച്ചുകിട്ടും എന്ന് ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നും എടുത്തു പറയാം. നമ്മുടെ മക്കള്‍ അച്ഛന്റെ ശിക്ഷണത്തിലാണ് വളരേണ്ടത്, മാതാ പിതാക്കളായിരിക്കണം അവരുടെ  ആദ്യത്തെ ഗുരുനാഥന്മാര്‍. അവരുടെ കുട്ടികാലം അവരോടോത്താകണം .അവരുടെ സ്നേഹവാത്സല്യങ്ങള്‍ അവര്‍ അനുഭവിച്ചറിഞ്ഞു വളരണം. അച്ഛനെ കുറിച്ചുള്ള അറിവ് തരുന്ന അമ്മയാണ് ആദ്യത്തെ ഗുരു .

താതാദി ജ്ഞാനമേകും മാതാവോന്നാമതാം ഗുരു ,
അക്ഷരാതി ജ്നാനമേകും ഗുരു രണ്ടാമതുത്തമന്‍ .
എന്ന് എന്റെ ഗുരുനാഥന്‍  "രാമന്‍ മാസ്റ്റര്‍"  എന്നെ ചെറിയ ക്ലാസുകളില്‍  പഠിപ്പിച്ചതോര്‍ക്കുന്നു.

അവര്‍ സ്വന്തം മാര്‍ഗം തിരഞ്ഞു എടുത്തുകഴിഞ്ഞാല്‍ അവര്‍ തന്നെ അവര്‍ക്ക് വേണ്ടുന്ന ധനമുണ്ടാക്കി ചിലവഴിച്ചോട്ടെ,അല്ലാതെ അളവില്ലാത്ത ധനം അവര്‍ക്കുവേണ്ടി ഉണ്ടാക്കിവെച്ചിട്ട് യാതൊരു ദാന ധര്‍മ്മങ്ങളും ചെയ്യാതെ സ്വയം കഷ്ട്ടപ്പെട്ടു ജീവിച്ചു  സ്വന്തം സന്തതീ പരമ്പരകളെ കുഴിമടിയന്മാര്‍ ആക്കുന്ന പ്രവണത നാം ഒഴിവാക്കിയേ തീരു. ആവര്‍ക്ക്‌ മത്സ്യം പിടിച്ചു കറിവെച്ചു കൊടുക്കന്നതിനു പകരം ഒരു വല വാങ്ങികൊടുക്കുക . മത്സ്യം അവര്‍ പിടിക്കട്ടെ ..
ഒരു കൈപ്പവള്ളി മുളച്ചു വരുമ്പോള്‍ത്തന്നെ അതിനു താങ്ങുകള്‍ കൊടുത്ത് പന്തലിലേക്ക് കയറ്റി വിടണം എങ്കില്‍ മാത്രമേ അത് പടര്‍ന്നു പന്തലിച്ചു നല്ല കായി ഫലം തരുകയുള്ളൂ, അല്ലെങ്കില്‍ തോനിയ  വഴിക്കേ അത് വലിഞ്ഞു പോകും . മക്കള്‍ ദുര്മാര്‍ഗികളായി കഴിഞ്ഞതിനു ശേഷം നാം വിഷമിച്ചിട്ടു എന്ത് കാര്യം.

 "നേരെയാക വളഞ്ഞുള്ള നായിന്‍ വാല്‍ കുഴല്‍ പൂകിലും 

അതുപോല്‍ ജ്ഞാനമാര്‍ന്നാലും നീച ചിത്തം ശരിപ്പെടാ."

നീചമായ ബുദ്ധിക്കു അടിമയായി പോയ മക്കളെ നന്നാക്കിയെടുക്കാന്‍ പിന്നെ വളരെ കഷ്ട്ടപ്പെടെണ്ടി വരും .

പിന്നെ ഭാര്യ ഭര്‍ത്താവിനൊപ്പമാണ്‌ വേണ്ടത്. എന്നും സുഖ ദുഃഖങ്ങള്‍ ഒരുമിച്ചു പങ്കിട്ട് ജീവിക്കണം . പരസ്പരം പഴി ചാരാതെ ഉപദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു പോയാല്‍ നമ്മുടെ മനസ് എന്നും  കലുഷിതമാകാതെ നോക്കാം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ .
പിന്നെ നമ്മള്‍ കാര്യമായി എടുക്കേണ്ടുന്ന ഒരുകാര്യം കൂടി ഇവിടെ ഉദ്ധരിക്കാം . നമ്മുടെ കയ്യില്‍ അകപെട്ടിരിക്കുന്ന അന്യരുടെ വക ധനം, സ്വത്തുക്കള്‍  രേഖകള്‍ ഇങ്ങിനെയുള്ള വസ്തുക്കള്‍ .ഒരിക്കലും നാം നമ്മുടെ കയ്യില്‍ തന്നെ വെച്ചിരിക്കരുത് .ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് തിരിച്ചു നല്‍കുക .അല്ലങ്കില്‍ അവ നമുടെ മനസിനെ വീണ്ടും വീണ്ടും  മുറി പ്പെടുത്തികൊണ്ടിരിക്കും .ആവശ്യമില്ലാത്ത ഒരു വസ്തുക്കളും നമ്മുടെ വീടിലോ കൈകളിലോ വെക്കരുത്. മൂത്രശങ്ക ഉണ്ടായാല്‍ എത്രയും വേഗം നാം അതിനെ ഒഴിവക്കാറില്ലേ അതുപോലെ തന്നെ കെട്ടികിടന്നാല്‍ ദോഷം മാത്രമേ ചെയ്യു  ഈവക സംഗതികള്‍. സൂക്ഷിച്ചു വെച്ചാല്‍ ഒരു ഗുണവും ഉണ്ടാകുകയും ഇല്ല . ഒഴിവാക്കിയാല്‍ മനസമാധാനമെങ്കിലും കിട്ടും .
പിന്നെ വേറൊന്നു കൂടി എന്റെ ചിന്തകളില്‍ ഊറി വരുന്നു .നാം എന്തെങ്കിലും കാര്യങ്ങള്‍ അന്യര്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ഞാനൊരു ഉപകാരം അവനു വേണ്ടി ചെയ്തു എന്നാണ് പറയാറു പതിവ് .ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ചത്തുപോയേനെ എന്നെല്ലാം പറയുന്നവരെ ഞാന്‍ ഏറെ കണ്ടിട്ടുണ്ട്  . ഉദാ ; ഏതെങ്കിലും അപകടത്തില്‍ നിന്ന് രക്ഷിച്ചാലോ, വീണു പോയ സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ ഒരു കൈ നല്‍കിയാലോ മറ്റോ . അന്യര്‍ക്ക് ഉപകാരം ചെയ്യാനും സഹായം ചെയ്യാനും മറ്റും നാം ആരാണ് .നാമും പരിമിതികളുള്ള  മനുഷ്യരല്ലേ .നമുക്കതിനെ ഒരു എളിയ സേവനം മാത്രമായി കണ്ടുകൂടെ ,ഈ സേവനം എനിക്കു അവര്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിച്ചല്ലോ എന്ന് കരുതി അതിനു നമ്മളെ നിയോഗിച്ച സര്‍വേശ്വരനോട് നന്ദി പരയുകല്ലേ വേണ്ടത് എന്ന് ഒരു നിമിഷം ആലോചിക്കുക .പ്രതിഫലേച്ചയോടെ ഒന്നും ചെയ്യാതിരിക്കുക .നാം ആഗ്രഹിച്ചത്‌ കിട്ടാതിരുന്നാല്‍ നമുക്ക് സന്തോഷിക്കാന്‍ വകയില്ല. പേരിനും പ്രശസ്തിക്കും വേണ്ടിമാത്രം ഒന്നും ചെയ്യണമെന്നില്ല.
നമ്മളെക്കാള്‍ അല്പം കൂടി യാതനകളും കഷ്ടപ്പാടും അനുഭവിക്കുന്ന സ്വന്തം സഹോദരനു വേണ്ടിയെങ്കിലും യാതൊരു പ്രതിഫലവും കൂടാതെ അയാളെ ഒന്ന് പിടിച്ചു കരകയറ്റാന്‍ സാമ്പത്തീകമായോ മറ്റോ ശ്രമിക്കുന്നവര്‍ അഥവാ സ്വന്തം സഹോദരന്മാര്‍ പോലും തയ്യാറല്ല .ഉണ്ടെങ്കില്‍ തന്നെ അവര്‍  വളരെ കുറവല്ലേ . അതെ സമയം എന്തെല്ലാം പേരില്‍ ധനം ദുര്‍വിനിയോഗം ചെയ്യുന്നു . നാം മണിമന്ദിരങ്ങള്‍ പണിയുന്നു ,ക്ഷേത്രങ്ങള്‍ക്കും മറ്റും എത്രയോ പണം ചിലവാക്കി കൊടിമരങ്ങളും മറ്റും സ്വര്‍ണം പൂശുന്നു.ഇന്ന് ക്ഷേത്രങ്ങളില്‍ പോയാല്‍ ഏതോ മായ ലോകത്ത് എത്തിയ പോലെ,എവിടെ നോക്കിയാലും സ്വര്‍ണമയം മറ്റു പല അലംഗാരങ്ങള്‍ വേറെയും,ഇതെല്ലാം കണ്ടു മടങ്ങുന്ന ഒരാള്‍ക്ക്  അവടെ വസിക്കുന്ന ദൈവ ചൈതന്യം (ഭക്തിയെന്ന വികാരം ) അനുഭവപെടുന്നുണ്ടാകുമോ.   എല്ലാം പേരിനു വേണ്ടി മാത്രം കാട്ടികൂട്ടുന്ന പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി മാറിയില്ലേ ക്ഷേത്രങ്ങള്‍ പോലും . നമ്മുടെ പേര് അവിടെ മര്ബിളിളില്‍ കൊത്തി വെക്കണമെന്ന് മാത്രം . അതെ സമയം ഒരു നേരത്തെ വിശപ്പ്‌ അടക്കാന്‍ വേണ്ടി അല്ലെങ്കില്‍ മക്കളുടെ വിദ്യാഭ്യസത്തിനു വേണ്ടി വിഷമിക്കുന്ന സഹോദരനെ കാണാന്‍ നമുക്ക് കഴിയുന്നില്ല .കാണാത്ത ദൈവത്തെ തേടിപ്പോകുന്ന നമ്മള്‍ക്ക് അടുത്തു നില്‍ക്കുന്ന ദൈവ ചൈതന്യം ദ്രിഷ്ട്ടി ഗോചരമല്ല..

അടുത്തു നില്‍പ്പോരനുജനെ നോക്കാന്‍ അക്ഷ്കളില്ലാതോര്‍ക്ക
അരൂപനീശ്വര നദൃശ്യനായാല്‍  അതിലെന്താശ്ചര്യം.
എന്ന വരികള്‍ എത്ര അര്‍ത്തവത്താണ്.

അതിനാല്‍  ദൈവ ചൈതന്യവും മനസമാധാനവും നമ്മളില്‍ എന്നും കളിയടണമെങ്കില്‍ നാം ആദ്യം ദൈവത്തിന്റെ തന്നെ  സൃഷ്ട്ടികളായ സഹജീവികളെ സ്നേഹികുക , ബഹുമാനിക്കുക .നാം കൊടുക്കുന്നത്‌ എന്തായാലും അത് തിരിച്ചുകിട്ടും .കൊടുത്തതെ തിരിച്ചുകിട്ടു എന്ന് മാത്രം. ഞാന്‍ ചെയ്യുന്നതും, പറയുന്നതും മാത്രമാണ് ശരി എന്നും മറ്റുള്ളവര്‍ എല്ലാം പരമ വിഡ്ഢികളാണെന്നും ധരിക്കരുത്. സ്നേഹിതന്മാരായാല്‍ പോലും  കുറച്ചു കാലം അവര്‍ സഹിച്ചു എന്ന് വരും, പിന്നെ അവര്‍ നിങ്ങളെ വിട്ടുപോകും.അങ്ങിനെയുള്ളവരെ സുഹൃത്തുക്കള്‍ പോലും വെറുക്കും എന്നര്‍ത്ഥം .  പിന്നെ വിമര്‍ശനം അത് ഒരു നല്ല കല കൂടിയാണന്നു ഓര്‍ക്കുക –ആര്‍ക്കും ആരെയും വിമര്‍ശിക്കാം പക്ഷെ പൂര്‍വ വൈരാഗ്യം തീര്‍ക്കാനോ കുശുമ്പ് കൊണ്ടോ ആകരുത് അത് . വിമര്‍ശിക്കപ്പെടുന്നവനും അത് ഹൃദ്ധ്യമായി തോന്നണം. അതല്ലാ എങ്കില്‍ വിമര്‍ശിക്കുന്ന സമയം സ്വയം നന്നാകാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത് . അപ്പോള്‍പിന്നെ മറ്റുള്ളവരെ തരംതഴ്ത്തികെട്ടാന്‍ എവിടെ സമയം . അല്ലങ്കില്‍  സ്വയം എന്തെങ്കിലും നല്ല കാര്യങ്ങള്‍  ചെയ്തു കൊണ്ടിരി ക്കണം, അതും ഇല്ല . ഇത്തരത്തിലുള്ളവരോട് അറിവുള്ളവര്‍ എന്തായിരിക്കും പ്രതികരിക്കുക  ഒരു നല്ല വിമര്‍ശകന്‍ എന്നായിരിക്കില്ല .എത്രയോ വിമര്‍ശന ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട് പക്ഷെ ഒരാള്‍ വിമര്‍ശിച്ചു എന്ന ഒറ്റകാരണം കൊണ്ട് എഴുത്തു നിര്‍ത്തിയവരുടെ കഥ കേട്ടിട്ടില്ല . പകരം അവരുടെ തൂലിക പൂര്‍വാധികം വടിവുള്ള അക്ഷരങ്ങളും വാക്കുകളും വാരി വിതറയിട്ടെ യുള്ളൂ.വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ആരെയും വിമര്‍ശിക്കരുത് .അവിടെയും നമുക്ക് മനസമാധാനവും സന്തോഷവും മാത്രമല്ല നഷ്ട്ടപ്പെടുന്നത് ,സ്നേഹിതരേയും,ബന്ധുക്കള്‍ പോലും നമ്മളെ വെറുത്തേക്കാം .
നമ്മള്‍ ഇവിടെ വന്നത് നമ്മുടെ സമ്മതത്തോടെ അല്ല ,ഇവിടെ നിന്ന് പോകുമ്പോഴും നമ്മുടെ സമ്മതം ആരും ചോദിക്കില്ല.ഏതുസമയത്തും നമ്മളെ പറഞ്ഞയച്ചവര്‍ തിരിച്ചു വിളിക്കും എന്നോര്‍ക്കുക. യാതൊരു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യാതെ പിശുക്കന്മാരായി ധനം കൂട്ടിവെച്ചു ജീവിച്ചവര്‍ക്ക് സ്വര്‍ഗത്തിലെ കൊടീശ്വരന്മാരാകാം എന്ന് മാത്രം , പക്ഷെ ഈ ലോകത്ത് അവര്‍ മനസമാധാനവും, സന്തോഷവും എന്തെന്നു അറിഞ്ഞിട്ടുപോലുമുണ്ടാകില്ല . ഒരിക്കല്‍ ആളി കത്താന്‍ തുടങ്ങിയാല്‍ എത്ര വെള്ളമോഴിച്ചാലും കെടാത്ത 'തീ'യാണ് 'ആര്‍ത്തി'  എന്ന് പറഞ്ഞു കേള്‍ക്കുന്നു  , അതും  ഉപേക്ഷിക്കുക. ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുക ,ദുരാഗ്രഹം നമുക്ക് വേണ്ട . ഇവിടെ ഈ ഭൂമിയില്‍ ഉണ്ടായിരുന്നതെല്ലാം ഇവിടെ പണ്ടും ഉണ്ടായിരുന്നതാണ് ഇനിയും അതുപോലെ തന്നെ നിലനില്‍ക്കും. ഇതിനൊന്നും നാം കര്‍ത്താവല്ല .അവകാശം സ്ഥാപിക്കുകയും വേണ്ട. സര്‍വ ശക്തന്‍ നമുക്ക് മാത്രം നല്‍കിയ സിദ്ധികളായ  പുഞ്ചിരിക്കാനുള്ള കഴിവും  പിന്നെ അല്പം വിശേഷബുദ്ധിയും,സ്നേഹം എന്ന ചേതോവികാരം  പ്രകടിപ്പിക്കാനുള്ള ഒരു കഴിവും മനുഷ്യനു  മാത്രം നല്‍കിയിട്ടുണ്ട് സൃഷ്ട്ടി കര്‍ത്താവ് .  അത്  ഉപയോഗിച്ച് അല്പകാലം കൂടി ഇവിടെ കഴിയാം എന്നുമാത്രം .

ഇയാള്‍ ആരാണ് ശങ്കരാചാര്യ സ്വാമികളോ മറ്റോ ആണോ ഇതൊക്കെ എഴുതി പോസ്റ്റ്‌ ചെയ്യാന്‍ എന്ന് ചിലപ്പോള്‍ ചിലരെങ്കിലും വിചാരിക്കാന്‍ സാധ്യതയുണ്ട് . ഞാന്‍ അങ്ങിനെയൊന്നും ഉള്ള ഒരാളല്ല –പണ്ഡിതനുമല്ല,എഴുത്തുകാരനുമല്ല വളരെ എളിയ ജീവിതം നയിക്കുന്ന ഒരു സാധാരണ മനുഷ്യന്‍. പക്ഷെ എന്താണന്നു അറിയില്ല എന്നെ സംബന്ദിച്ചു ജീവിതം ഒരു തീചൂളയായി തീര്‍ന്ന പോലെ ഒരനുഭവം. അതില്‍ നിന്നും ചുട്ടുപഴുത്ത കനല്‍ക്കട്ടകള്‍ നാലു ഭാഗത്തു നിന്ന് മാത്രമല്ല ആറു ഭാഗത്തു നിന്നും തലയില്‍ വന്നു പതിക്കുന്നു. അപ്പോള്‍ പിന്നെ ഈ  അഗ്നി   ജ്വാല കൊണ്ട്  ചുറ്റുമുള്ളവര്‍ക്ക് പ്രകാശം ചൊരിയാനോന്നും എനിക്കായില്ല. ചൂടും നീറ്റലും  അസ്സഹ്യമാകുമ്പോള്‍ ഉറക്കമില്ലാത്ത രാത്രികളില്‍  വായിക്കാന്‍ പുസ്തകങ്ങള്‍   തേടി ഞാന്‍ അലയും. അങ്ങിനെ എന്റെ മനസും ചിന്തകളും ചെന്നെത്തിയത് ചെറുപ്പകാലത്ത് വായിച്ചു തള്ളിയ പുസ്തകങ്ങളിലും ധര്‍മശാസ്ത്രങ്ങളിലും മറ്റുമായിരുന്നു. അവിടമെല്ലാം  ഇതിനൊരു പരിഹാരം തേടികൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അവസാനം എനിക്ക് ഞാന്‍ തേടിയ സത്യം അനുഭവപ്പെട്ടു തുടങ്ങി .എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ പറ്റുന്ന വിധമുള്ള ഒരു ഊര്‍ജപ്രവാഹമായിരുന്നു.  അത്   അക്ഷരങ്ങളാല്‍ കൈമാറുക എളുപ്പമല്ലെങ്കിലും ഒരു ചെറിയ ശ്രമം .എനിക്കറിവുള്ള ഭാഷയില്‍  ഞാന്‍ ഇവിടെ രേഖപ്പെടു ത്തുന്നു  എന്ന് മാത്രം കരുതുക.  


  

Thursday, November 20, 2014

അഷ്ട്ടബന്ധം (Ashttabandham.)



അഷ്ടബന്ധം (Ashtta bandham)

അഷ്ട്ടബന്ധം ;-  ക്ഷ്ത്രങ്ങലിൽ ഭിംബം പീഠത്തില്‍  ഉറപ്പിക്കുന്നതിനു വേണ്ടി എട്ടുകൂട്ടം സാധങ്ങൾ ഉപയോഗിച്ച് നിര്മ്മിക്കുന്ന ഒരു കൂട്ടാണ് അഷ്ട്ടബന്ധം.  ശംഖു ,കടുക്കചന്ജല്ല്യം കോലരക്ക്കൊഴിപരൽആറ്റുമണല് ,നെല്ലിക്ക പഞ്ഞിഇവയാണ് ആ എട്ടുകൂട്ടങ്ങൽ . ഇതിൽ പഞ്ഞി ഒഴികെ ബാക്കിഉള്ളവ കഴുകി വൃത്തിയാക്കി അരിച്ചു ,ഉണക്കി പൊടിച്ചു അരിച്ചെടുക്കുന്നു. പിന്നീട് അളവനുസരിച്ച് തൂക്കിയെടുത്ത് കയ്യിൽ എള്ള് എണ്ണ പുരട്ടി തിരുമ്മി യോജിപ്പിക്കുന്നു .ഉരുളകളാക്കി കല്ലിന്മേൽ വെച്ച് മരമുട്ടികൊണ്ട് രാവിലെയും വൈകുന്നേരവും 21. ദിവസം അടിച്ചു പാകപെടുത്തുന്നു. എട്ടാമത്തെ ഘടകമായ പഞ്ഞി ഉറപ്പിക്കേണ്ട സമയത്ത് എണ്ണയിൽ മുക്കി നേരത്തെ തയ്യാറാക്കിയ ഉരുളകളുമായി യോജിപ്പിച്ച് ചേര്ക്കുന്നു .ഇതോടെ അഷ്ട്ടബന്ധമായി . എണ്ണ ചേർക്കുമ്പോൾ ഒന്പത് ഘടകമാവുന്നതിനാൽ 'നവശക്തിയാത്മക അഷ്ട്ടബന്ധമെന്നും പറയാറുണ്ട്‌ . ഭിംബം ഉറപ്പിച്ചു കഴിഞ്ഞാൽ 41 ദിവസം അഭിഷേകം ചെയ്യില്ല. പകരം അർച്ചന ബിമ്പങ്ങളിലായിരിക്കും അഭിഷേകം.



ഭക്ഷണ ശീലം പുരാണങ്ങളില്‍ 



മനുഷ്യന്റെ വയർ അഗാധമായ ഒരു കുഴി അല്ല .എത്ര ചെലുത്തിയാലും സ്വീകരിക്കും എന്ന വിശ്വാസം മാറ്റുക .നല്ല വിശപ്പ്‌ ഉള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക .
'
 അനാരോഗ്യ മനായുഷ്യ-
മസ്വർഗ്യം ചാതിഭോജനം.
അപുണ്യം ലോകവിധ്വിഷ്ടം -
തസ്മാൽ തൽ പരിവർജയേൽ :

അതായത് അതിഭോജനം അനാരോഗ്യകരമാണ്.ആയുസ്സ് കുറയ്ക്കുംസ്വർഗത്തിൽ ഒരിക്കലും പോകില്ല. . അപുണ്യം തന്നെ ഫലം .അവരെ ലോകം വെറുക്കുംഅതുകൊണ്ട് അതി ഭോജനം ഒഴിവാകുകഎന്നാ മനുവിന്‍റെഉപദേശം. ഏതുകാലത്തും സ്വീകരണീയമാണ്‌. വയറിനെ അറിഞ്ഞു കൊണ്ട്  ഉപദ്രവിക്കരുത് .
ഭക്ഷണ കാര്യത്തിൽ ചില പ്രായോഗിക നിർദേശങ്ങൾ ഇതാ ..
'പാത്രത്തിൽ അല്ലന്ഗിൽ ഇലയിൽ ചോറ് വിളംബുന്നതിനു മുമ്പ് പച്ചകറികൾ വിളമ്പുക .പിന്നീടു അന്നം വിളമ്പുമ്പോൾ 'മതി,എന്ന് പറയാറില്ലേ അതാണ്‌ പ്രാണന്റെ ശരിയായ തൃപ്തി… ഭക്ഷണം നല്ലതുപോലെ ചവച്ച് അരച്ചു കഴിച്ചാൽ വേഗം തൃപ്തി വരും.

ദൗബാഗൗ പൂരയെദന്നയിര്‍-
ജലേനയിവം പ്രപൂരയേതു .
മാരുതസ്യ പ്രചാരാർത്ഥം -
ചതുർത്ഥ മവശേഷയേല്‍ .

എന്ന ആയുർവേദ സൂക്തം ഇവിടെ പ്രസക്തമാണ് .വയറിനെ നാലായി ഭാഗിച്ചു രണ്ടു ഭാഗം അന്നം കൊണ്ട് നിറക്കാം ,ഒരു ഭാഗം ജലം.നാലാമത്തെ ഭാഗം വായു സഞ്ചാരത്തിനു വേണ്ടി ഒഴിച്ച് നിർത്തുക.നിറഞ്ഞ ആമാശയത്തിന്ടെ മാംസ പേശികൾക്ക് സങ്കോജ വികാസ ശേഷി ഇല്ലാതാകും .അതിനാൽ അരവയർ മാത്രം ഭക്ഷിക്കുക . കഴിയുന്നത്ര രണ്ടു നേരം മാത്രം അരി ഭക്ഷണം ശീലിക്കുക.
 ലഘു ഭക്ഷണങ്ങൾ ഇടയ്ക്ക് ആകാം .പഴവർഗങ്ങൾ തുടങ്ങിയവ..  ഒരു നേരം   ഭക്ഷണം കഴിക്കുന്നവൻ യോഗിരണ്ടു നേരം 'ഭോഗിമൂനുനേരം കഴിക്കുന്നവർ രോഗിനാല് നേരം കഴിക്കുന്നവർ ദ്രോഹിഎന്നാണല്ലോ പറയാറ്ഏതായാലും ഇന്നത്തെ അവസ്ഥയിൽ രണ്ടുനേരം മാത്രം കഴിച്ചാൽ മതിയാകും.മൂന്നാമത്തെ ഭക്ഷണം ഫലങ്ങളായി മാത്രം കഴിക്കാം .എന്നാൽ ഒരു പരിധി വരെ ആരോഗ്യം നിലനിർത്താം
ചമ്രംപടിഞ്ഞിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്‌ ദിവസത്തിൽ ഒരു നേര മെന്ഗിലുംകുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കണ. തനിയെ ഭക്ഷണം കഴിക്കുന്നവൻ പാപം ഭക്ഷിക്കുന്നു എന്ന ആപ്തവാക്യം ശ്രദ്ധിക്കുകമുന്‍പെല്ലാം  ഭക്ഷണത്തിന് മുൻപ് ഭോജന മന്ത്രം ചൊല്ലുക പതിവായിരുന്നു .
'
മാ ഭ്രാതാ ഭ്രാതരം ധ്വിക്ഷൻ -
മാ സ്വസാരമുതസ്വസ .
സമ്യക്  സംപ്രേത്യാ ഭൂത്വ -
വാചം വാദത ഭദ്രയാം .

സഹോദരന്മാർ തമ്മിൽ വെറുപ്പും ,വഴക്കും അരുത്.സഹോദരിമാർ തമ്മിലും അരുത് .ലക്ഷ്യ പ്രാപ്തിക്കായി ഒരുമിച്ചു മുന്നേറുവാൻ സൌമ്യമായി സംസാരിക്കുക .വാക്കുകളാണല്ലോ ശസ്ത്രത്തെക്കാൾ മൂര്‍ച്ചയേറിയത് . പലപ്പോഴും ആഹിതമായ വാക്കുകലളാണല്ലോ കുടുംബ ചിദ്ധ്രം ഉണ്ടാക്കുന്നത്‌ .അതുകൊണ്ട് അന്നത്തെ  സക്ഷിനിര്ത്തി കുടുംബ ഭദ്രത നിലനിർത്താൻ എല്ലാവരും ഒന്നിച്ചു സത്യം  ചെയ്യുന്നത്  നല്ലതല്ലേ .?  അതുകൊണ്ടായിരിക്കാം പഴയകാലത്ത് കുടുംബാംഗങ്ങള്‍ എല്ലാം ഒത്തുചേര്‍ന്നു ശ്രാദ്ധത്തിനും മറ്റും പന്തി ഭോജനവും മറ്റും നടത്തി വന്നിരുന്നത് എന്ന് അനുമാനിക്കാം .   .ഭക്ഷണം കഴിക്കുമ്പോൾ പരസ്പ്പരം കുറ്റം പരയുരുത് ,കുട്ടികളുടെ പഠന കാര്യത്തിനെപറ്റി വിമർശ്ശിക്കരുത്.ദേഷ്യപ്പെടരുത്.ഭക്ഷണം കഴിക്കുന്നതിൽ ചിലര്‍ക്കുചില  പ്രത്യേകതകൾ  ഉണ്ടെങ്കിൽ കുറ്റം പറയരുത് .ശാന്തമായ ഒരു അന്തരീക്ഷത്തില്‍  മാത്രമേ ഭക്ഷണം കഴിക്കാവു ..

ഓം സഹനാവവതു സഹനൗ ഭുനക്തു :
സഹ വീര്യം കരവാവഹയി :
തേജസ്വിനാവധീതമാസ്തു.
മാവിദ്ധ്വിഷാവഹയി .
ഓം ശാന്തി ,ശാന്തി ശാന്തി ഹി:


എന്നുരുവിട്ടു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുക .' നാം ഒരുമിച്ചു രക്ഷപെടട്ടെ ,അനുഭവങ്ങളും അറിവുകളും നാം ഒരുമിച്ചു നേടുമാറാകട്ടെ ,വീര പ്രവൃത്തികൾ നമുക്ക് ഒരുമിച്ചു ചെയ്യാം .നമ്മുടെ വിദ്യാഭ്യാസ സ്ഥാപനം തെജസുറ്റതാകട്ടെ ,നാം പരസ്പരം  ദേഷ്യപ്പെടാതെ ഇരിക്കട്ടെ  . ഓം ശാന്തി ശാന്തി ശാന്തി :ഹി;

Tuesday, November 18, 2014

എന്‍റെ വിദ്ധ്യാലയ സ്മരണകള്‍ . Dr.Ambedkar G.H.S.S..Kodoth



Kunhambu Nair-Periye.Pakkam
Kodoth Ambedkar HSS

എന്റെ വിദ്ധ്യാലയ സ്മരണകള്‍

 G.L.P.School.Kodoth



1954. കാലഘട്ടം ഗ്രാമ ശുദ്ധിയുടെ വിളനിലമായ കൊടോം നാടു എവിടെ നോക്കിയാലും നെല്‍കതിരുകള്‍ വിളഞ്ഞു നില്‍ക്കുന്ന പാടങ്ങങ്ങള്‍ തെയ്യങ്ങള്‍ ഉറഞ്ഞാടുന്ന പള്ളിയറകള്‍, ക്ഷേത്രങ്ങള്‍, നലുകെട്ടും പടിപ്പുരകളും ഉള്ള വലിയ വീടുകള്‍. വയലുകള്‍ക്കു ചുറ്റുമുള്ള കരകളില്‍ ക്ഷേത്രാവശ്യങ്ങളും സമൂഹത്തിന്റെ വിവിധ കാര്യങ്ങളും നിറവേറ്റുന്നതിനു വേണ്ടുന്നതായ ഇരുമ്പ് പണിക്കാര്‍, മരപ്പണിക്കാര്‍,തുണിനെയിത്തുകാര്‍,എന്നിവരുടെ വീടുകള്‍, ഒരു പ്രീ പ്ലാനിങ്ങോടെ നിര്‍മ്മിച്ചിരിക്കുന്ന ഗ്രാമമാണെന്നെ പറയു .

ഇത്രയൊക്കെ ഉണ്ടായിട്ടും എന്തിന്റെയോ ഒരു ഒരപൂര്‍ണ്ണത നിഴലിച്ചു കാണാമായിരുന്നു അവിടെ.സരസ്വതി കടാക്ഷം വേണ്ടുവോളം ഉണ്ട് അത് പകര്‍ന്നു നല്‍കുവാനുള്ള ഒരു പള്ളികൂടം എന്ന സ്വപ്നം ഇതുവരെയായിട്ടും സാക്ഷാല്‍കരിച്ചില്ല. വിദ്ധ്യാഭ്യാസത്തിനു വേണ്ടി മൈലുകള്‍ നടന്നു ഏച്ചിക്കോലില്‍ എത്തണം (ഇന്നത്തെ രാജപുരം).നമ്മുടെ കുട്ടികള്‍ അറിവുകള്‍ നേടുന്നതിന്റെ പ്രാധാന്യം മുന്‍കൂട്ടി കണ്ടിരുന്ന കോടോത്ത് കുഞ്ഞികണ്ണന്‍ നായര്‍ അന്നത്തെ കോടോത്ത് പട്ടേലര്‍ സ്വന്തം വീട്ടില്‍ (കുഞ്ഞിപുതിയ വീട്) പൂമുഖത്ത് നാമമാത്രമായ കുട്ടികള്‍ക്കായി അറിവിന്റെ ലോകം പകര്‍ന്നു നല്‍കാന്‍ ഒരു എകാധ്യാപകനായി പാക്കത്തുള്ള പരേതനായ കുഞ്ഞമ്പു നായരേ നിയോഗിച്ചിരുന്നു. ഇന്നത്തെ ഇളംതലമുറകള്‍ക്ക് അജ്ഞാതമാണ് ഈവക കാര്യങ്ങള്‍.അതിനും മുന്‍പ് എഴുത്തുകൂടുകള്‍ ആയിരുന്നു ഏക ആശ്രയം.. ഇന്നത്തെ കൊടോം ഗ്രാമത്തിലെ വിദ്ധ്യാഭ്യാസ പുരോഗതിയെ വിലയിരുത്തുമ്പോള്‍ ആ പഴയ സംരംഭവും അതിന്റെ ശില്പ്പിയെയും നമ്മള്‍ ഓര്‍ക്കാതെ പോയാല്‍ അത് മഹാപരാധമായിരിക്കും.രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു പിന്നെയും ഒരു യഥാര്‍ത്ഥ സ്കൂള്‍ നിലവില്‍  വരാന്‍.ജനങ്ങളില്‍ വിജ്ഞാന ദാഹം ഏറി വന്നപ്പോള്‍ സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി കോടോത്ത് പുളിക്കാല്‍ എന്ന സ്ഥലത്ത് അവിടെ ഒരു വലിയ പുളിമരം ഉണ്ടായിരുന്നു ,അതിനു അല്‍പ്പം മുകളിലോട്ടു മാറി ഒരു വലിയ പ്ലാവിന്‍ ചുവട്ടില്‍ ആയിരുന്നു എന്റെ വിദ്യാലയം! ഞാന്‍ അഭിമാനത്തോടു കൂടി പറയുന്നു കോടോത്ത് GLP School  (1954-55.year).നിലവില്‍ വന്നു . ഏകദേശം 140.അടി നീളത്തിലും ,70.അടി വീതിയിലും തറനിരപ്പില്‍ നിന്നും അല്‍പ്പം ഉയര്‍ത്തി പണിതിരിക്കുന്ന ഒരു ഓല ഷെഡ്‌ . അറുപതില്‍ താഴെ പഠിതാക്കള്‍ രണ്ടു അധ്യാപകര്‍,ഓഫീസ് മുറികളോ സ്റ്റാഫ് മുറികളോ ഇല്ല . സ്കൂള്‍ റിക്കാര്‍ഡുകള്‍ സൂക്ഷിക്കാന്‍ ഒരു വലിയ മരപ്പെട്ടി. പഴയ കുഞ്ഞമ്പു നായര്‍ തന്നെയായിരുന്നു പ്രധാന അദ്ധ്യാപകന്‍ .ഇതായിരുന്നു അവസ്ഥ . അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 1960.ല്‍ ഞാന്‍ ഒന്നാം തരത്തിലെ പഠിതാവായി ചേര്‍ന്നു . അപ്പോഴേക്കും നാലു അദ്ധ്യാപകരും നൂറു പഠിതാക്കളും അടങ്ങിയ ഒരു കൊച്ചു സരസ്വതി നിലയമായി മാറിയിരുന്നു.പനമ്പ് കൊണ്ട് മറച്ച ആ കൊച്ചു ക്ലാസു മുറികളിലും ചരല്‍ വിരിച്ച മുറ്റത്തും ഓടിയും ചാടിയും കൂട്ടുകാരൊത്ത് അടിപിടി കൂടിയും,ചൂരല്‍ വടികളുടെ മഹിമ അറിഞ്ഞും എങ്ങും തുറന്നിട്ടിരിക്കുന്ന അറിവിന്റെ വാതായനങ്ങളില്‍ കൂടി ഞങ്ങള്‍ പുറത്തുള്ള അറിവിന്റെ ലോകം കണ്ടു തുടങ്ങി . അന്യ സ്ഥലങ്ങളില്‍ നിന്നും വന്നിരുന്ന അദ്ധ്യാപകര്‍ക്ക് താമസിക്കാനുള്ള സൌകര്യങ്ങള്‍ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നില്ല അവിടെത്തന്നെയുള്ള ഓരോ വീടുകളിലായിരുന്നു താമസം .യാതൊരു പ്രധിഫലവും അവരോടു വാങ്ങിയിരുന്നില്ല എന്നതാണ് സത്യം .അവര്‍ പകര്‍ന്നു തന്ന അറിവുകള്‍ തന്നെയായിരുന്നു ഏറ്റവും വലിയ പ്രതിഫലം എന്ന് അവര്‍ തിരിഞ്ഞിരുന്നു. അന്നു ഞങ്ങളുടെ തൊണ്ടകളില്‍ തങ്ങി നിന്നിരുന്ന നന്മയെ താളുകളില്‍ പകര്‍ത്താനും അത് അന്യരിലേക്ക് പകരാനും ഉപകരിക്കുന്ന അക്ഷരങ്ങളുടെ ലോകം കാട്ടിത്തന്ന യെശശരീരായ എന്റെ ഗുരുനതന്മാര്‍ നാരായണന്‍ മാഷ്‌. (കോടോത്ത് വടക്കേ വീട്ടിലായിരുന്നു താമസം) . കുഞ്ഞമ്പു മാഷ്‌ പാക്കം, കൃഷ്ണന്‍ മാഷ്‌ വാഴക്കൊട്ട്,എന്നിവരെ ഞാന്‍ തികഞ്ഞ ഭയ ഭക്തി ബഹുമാനത്തോടെ ഈ വേളയില്‍ ഓര്‍ത്തുപോകുന്നു .പിന്നെ ഇന്നും ജീവിച്ചിരിക്കുന്ന രാമചന്ദ്രന്‍ മാഷ്‌. എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.(കോടോത്ത് പടിഞ്ഞാറെ വീട് ). രാഘവന്‍ മാഷ്‌, സുഗുണന്‍ മാഷ് എന്നിവര്‍ തെക്കേകരമ്മല്‍ രാമന്‍ എന്ന വ്യക്ത്തിയുടെ വീട്ടില്‍ താമസിച്ചു വന്നിരുന്നു .
അന്ന് ആ അക്ഷര തിരുമുറ്റത്തു നിന്നു ഞങ്ങള്‍ ഒരുമിച്ചു നിന്ന് പാടിയ പ്രഭാത പ്രാര്‍ത്ഥനകള്‍ ഇന്നും ഓര്‍ക്കുന്നു .

കാരുണ്യമോലുന്ന സ്നേഹസ്വരൂപ നിന്‍ ,
കാലീണ കൈവണങ്ങുന്നു ഞങ്ങള്‍ .
വായുവും  വെള്ളവും മണ്ണു മാകാശവും-
തീയും ഹാ: നിന്‍റെ അനുഗ്രഹങ്ങള്‍ ..........

എന്നു തുടങ്ങി ....

എന്തിലും മീതെ വിളങ്ങട്ടെ ദൈവമേ
നിന്റെ വാത്സല്യവും കാരുണ്യവും .

ഈ പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ ഒരുമിച്ചു  ചൊല്ലിയാല്‍ അല്‍പ്പം അകലെയുള്ള പടിഞ്ഞാറേ വീടും കടന്നു കൊട്ടേലെ വീട്ടിലും പിന്നെ മൂലേലെ വീട്ടിലും കേട്ടിരുന്നു.കുട്ടിത്തങ്ങളുടെയും വിക്രിതികളുടെയും പൂമഴ പെയ്യിച്ച ഈ കാലഘട്ടം എനിക്ക് ഒരു പിടി ഓര്‍മകളും ചങ്ങാതിമാരെയും തന്നിരുന്നു . ചങ്ങാതികളുടെ കൂട്ടത്തില്‍ കൊട്ടനെയും,ബാലനെയും,പിന്നെ സുഗതന്‍. രാമകൃഷ്നെട്ടനും,ശാരദയും,കാര്‍ത്ത്യായനി,വെള്ളച്ചി,കാരിച്ചി,  തുടങ്ങിയവരെയും  ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നതില്‍ തെറ്റില്ല .അവരായിരുന്നു എന്റെ ഒന്നാം തരത്തിലെ പ്രിയ ചാങ്ങാതികള്‍.സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയ ഉടനെത്തന്നെ വീണ്ടും ഞങ്ങള്‍ എല്ലാവരും കൂടി കോടോത്ത് അമ്പലത്തിനു മുന്‍പിലുള്ള മുണ്ടേന്‍ വയലിന്റെ പാട വരമ്പില്‍ കൊച്ചകള്‍ പാറിവന്നിരിക്കുന്ന പോലെ നിരന്നിരിക്കുമായിരുന്നു .പിന്നെ ഓരോരോ കളികള്‍.കുട്ടിയും കോലും,തലപന്ത് കളി , തുടങ്ങിയ നിരവധി കളികള്‍ ചിലപ്പോള്‍ തോണ്ടന്‍ മാവിന്റെ കീഴില്‍ വന്നു മണ്ണപ്പം ചുട്ടു കളിക്കുകയും ഇടയിക്കിടെ വീണുകൊണ്ടിരിക്കുന്ന മധുരമുള്ള മാമ്പഴം വേണ്ടുവോളം അകത്താക്കുകയും ചെയ്യുമായിരുന്നു. കോടോത്ത് അമ്പലത്തിലെ സന്ധ്യ വേലയ്ക്കുള്ള ശംഖുനാഥം കേള്‍ക്കണം ഞങ്ങള്‍ വീണ്ടും വീടുകളിലേക്ക് തിരിച്ചുപോകാന്‍.വര്ഷം പലതു കഴിഞ്ഞു ഞങ്ങള്‍ ചങ്ങാതിമാര്‍ പല ദിക്കുകളിലായി വഴിപിരിഞ്ഞു നിറമുള്ള ഓര്‍മ്മകള്‍ മാത്രം ബാക്കി വെച്ച്.ഈക്കൂട്ടത്തില്‍ വളരെ നല്ല നിലയില്‍ എത്തപ്പെട്ടവരും സമൂഹത്തില്‍ മാന്യസ്ഥാനം അലംകരിക്കുന്നവരും ഏറെയുണ്ട്.ജീവിത യാത്രയില്‍ ഞങ്ങള്‍ നേടിയ ഗുണപാഠങ്ങള്‍ ഈ  ജീവിതസാഗരം നീന്തി കടക്കുന്ന വേളയില്‍ ഏറെ ഗുണം ചെയ്തുകൊണ്ടിരിക്കുന്നു എന്നതായിരിക്കാം അതിനു കാരണം.നല്ല വാക്കൊതുവാന്‍ ത്രാണി ഉണ്ടാകണം ...... എന്ന കവിത എന്നെ പഠിപ്പിച്ച സുഗുണന്‍ മാഷിനെ വീണ്ടും ഓര്‍ത്തുപോകുന്നു .ഇന്നത്തെ സമൂഹത്തില്‍ നല്ല വാക്കുകള്‍ പകര്‍ന്നു തരുന്നവര്‍  വളരെ ചുരുക്കം പേര്‍മാത്രം . കോടോത്ത് GLP.സ്കൂളിലെ ആ മലയാളം ക്ലാസ്സിലേക്ക് ഞാന്‍ തരിച്ചു പോകുന്നു. നല്ലവാക്കോതുവാന്‍ ത്രാണി ഉണ്ടാകണം, സത്യം പറയുവാന്‍ ശക്തി ഉണ്ടാകണം എന്ന വരികള്‍ വളരെ വലിയ ഒരു ഊര്‍ജ പ്രവാഹം ആണ് അന്ന് എന്റെ മനസ്സില്‍ ഉണര്‍ത്തിയത്, സത്യം പറയുവാനുള്ള ശക്തി ഇന്നത്തെ സമൂഹത്തില്‍ നഷ്ടപെട്ടു കൊണ്ടിരിക്കുന്നു. സ്വന്തം സുഖത്തിനു ഉപരിയായി  അപരന്റെ സുഖത്തെ സാധ്യമാക്കാന്‍ പ്രയത്നിച്ച  ഒരു പാട് വ്യക്ത്തികളെ  കുറിച്ച് മാഷ്‌  അന്ന് പറഞ്ഞു തരുമായിരുന്നു.ജീവിതം എന്നത് എന്ത് എന്ന് ഉള്ള ചോദ്യത്തിന്റെ ആരംഭം ആയീരുന്നു അത്. നിശബ്ധനായിരുന്നതിന്റെ പേരില്‍ എനിക്കൊരിക്കലും ദുഖിക്കേണ്ടി വന്നിട്ടില്ല .പലപ്പോഴും സംസാരിച്ചതിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട് .വാക്കിന്റെ വില അറിയുമ്പോള്‍ അളന്നു മുറിച്ചു മാത്രം അത് ഉപയോഗിക്കുന്ന അവസ്ഥ വരും,കണ്ടതെല്ലാം പറയാനുള്ളതോ കേട്ടതെല്ലാം വിശ്വസിക്കാനുള്ളതോ അല്ലന്നു മാഷ്‌ നാലാം തരത്തില്‍ എത്തിയ ഞങ്ങള്‍ക്ക് പറഞ്ഞു തരുമായിരുന്നു .എനിക്ക് ഇവിടെ നാലാം തരം  വരെ മാത്രം പഠിക്കുവാനുള്ള നിയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ .പിന്നെ അഞ്ചാം തരത്തിലെ ഉപരി പഠനത്തിനായി എന്നെ നീലേശ്വരം  പള്ളിക്കരയിലെ സെന്റ്‌ ആന്‍സ് എ.യു.പി സ്കൂളില്‍ ചേര്‍ത്തു .പിന്നീടുള്ള അഭ്യാസങ്ങള്‍ അവിടെയായിരുന്നു. അവിടെയും  എനിക്ക്  പ്രിയപ്പെട്ട ഗുരുനാഥന്മാര്‍ ഏറെ ഉണ്ടായിരുന്നു .രാമന്‍ മാസ്റ്റര്‍, തമ്പാന്‍ മാസ്ടര്‍ , വെള്ളച്ചി ടീച്ചര്‍ , സരോജിനി ടീച്ചര്‍ , പദ്മാവതി ടീച്ചര്‍, പുരുഷോത്തമന്‍ മാസ്ടര്‍ , പിന്നെ കുറെ സിസ്റര്‍ മാരും , അവിടെയുണ്ടായിരുന്ന സഹപാഠികളെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു . 
'പഠിക്കേണ്ടുന്ന കാലത്തു പഠിക്കുന്നത് താന്‍ ഗുണം ,
പൊടിപ്പില്‍ ലത വേണ്ടും പോല്‍ പടര്‍ത്തായികില്‍ ശരിപ്പെടാ .
താദാതി ജ്ഞാന മേകും മാതാവോന്നാമതാം ഗുരു ,
അക്ഷരാദി ജ്ഞാന മേകും ഗുരു രണ്ടാമതുത്തമന്‍ .
എന്ന വരികള്‍ ചൊല്ലി പഠിപ്പിച്ച രാമന്‍ മാസ്ടരെ ഞാന്‍ ഒരിക്കലും മറക്കില്ല .അദ്ദേഹം ഇന്നില്ല . അദ്ദേഹം അന്ന് പഠിപ്പിച്ചത് പോലെ പഠിക്കേണ്ടുന്ന കാലത്ത് പഠിക്കാനൊന്നും എനിക്കായില്ല അക്കാലത്ത് കളിച്ചു നടക്കാനും ,കാട്ടില്‍ കയറി  നടന്നുള്ള  നായാട്ടിലും മറ്റുമായിരുന്നു കൂടുതലും താല്പര്യം . എങ്കിലും കാലഘട്ടത്തിനനുസരിച്ചുള്ള മാനസിക വളര്‍ച്ചയും അറിവും സ്വന്തമായിത്തന്നെ അപ്ഡേറ്റ് ചെയ്യുവാന്‍ എനിക്ക് ഇന്നു    സാദിച്ചിട്ടുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു അഹംകാര ലേശമന്ന്യേ .

 പിന്നെ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം കോടോത്ത് തിരിച്ചു വരുമ്പോഴത്തേക്കും ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍ പലവിധ മാറ്റങ്ങള്‍ക്കും വിധേയമായിരുന്നു . സ്കൂള്‍ കെട്ടിടം കോടോത്ത് മേലടുക്കത്തേക്ക് മാറ്റി. ഈ മാറ്റത്തിന് പിറകില്‍ പ്രവര്‍ത്തിച്ച പ്രധാന അദ്ധ്യാപകന്‍ ഇന്നും കണ്ണൂര്‍ പെരളശ്ശേരിയില്‍ താമസിക്കുന്ന ശ്രീമാന്‍ KPK.ഗോപിനാഥന്‍ നമ്പിയാര്‍ എന്നവരുടെ അശ്രാന്ത പരിശ്രമവും സേവനവും നാട്ടുകാരുടെ പ്രശംസയ്ക്ക് പാത്രീഭവിച്ചിരുന്നു കൂടാതെ നല്ലവരായ നാട്ടുകാരുടെയും ശ്രീമാന്‍ സി.ശങ്കരന്‍. സി, കൊട്ടന്‍, പരേതരായ തെക്കേകരമ്മല്‍ രാമന്‍,വള്ളിവളപ്പില്‍ അലാമി, കോടോത്ത് പുതിയമാളിയക്കാല്‍ കുഞ്ഞമ്പു നായര്‍,പോക്ക്ലി അപ്പ, കൈല്‍ കണ്ണന്‍ മണിയാണി,അരീക്കര ഗോപാലന്‍ മണിയാണി ചുണ്ട,പാറ്റെന്‍ രാമന്‍ ,മോനാച്ച കണ്ണന്‍ മണിയാണി,ചുണ്ടയില്‍ പരദേശി,തുടങ്ങിയ അനേകം  വ്യക്തികളുടെയും അക്ഷീണ പ്രയത്നം  നമ്മുടെ വിദ്ധ്യാലത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിലുണ്ടന്നു പറയുവാന്‍ അഭിമാനമുണ്ട്. കൂടാതെ എന്റെ പിതാവ് യെശശരീരനായ KP.കുഞ്ഞമ്പു നായര്‍ സ്കൂളിനു വേണ്ടി അല്‍പ്പം സ്ഥലം ദാനമായി നല്‍കുകയും ചെയ്തിരുന്നു. അതോടുകൂടി വിസ്ത്ര്തമായ കളിസ്ഥലവും,കുടിവെള്ളവും ഒക്കെയുള്ള വിദ്ധ്യാലയമായി രൂപാന്തരപ്പെട്ടു 1954,ല്‍ ആരംഭിച്ച ഈ വിദ്ധ്യാലയം 1980,ല്‍ യു.പി.സ്കൂള്‍ ആയും 2000,ത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ അറുപതില്‍ എത്തിനില്‍ക്കുന്ന എന്റെ വിദ്ധ്യാലയം  കോടോത്ത് Dr.അംബേദ്‌കര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ഭൂതകാലങ്ങള്‍ അഭിമാനത്തോടെ അയവിറക്കുന്നു. പഠന കാര്യങ്ങളില്‍ മാത്രമല്ല പരിമിതികള്‍ ഏറെയുണ്ടെങ്കിലും കലാ കായിക വേദികളിലും ജില്ലയിലെ തന്നെ പ്രഥമ പരിഗണന ലഭിക്കുന്ന വിദ്ധ്യലയങ്ങളില്‍ ഒന്നായി മാറി.1300,ലധികം വിദ്ധ്യാര്‍ഥികളും  50,ലധികം അദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രത്തിലെ അദ്ധ്യാപക രക്ഷാകര്തൃ സമിതിയുടെയും നാട്ടു കാരുടെയും പ്രവര്‍ത്തന ഫലമായി  മലയോര മേഘലയ്ക്ക് ഒരു തൊടുകുറിയായി അംബരചുംബിയായി കൊടോം ഗ്രാമത്തിന്റെ അഭിമാനമായി എന്റെ വിദ്ധ്യാലയം പരിലസിക്കുന്നു ആ പഴയ ജി.എല്‍.പി സ്കൂള്‍......(ഈ സരസ്വതി ക്ഷേത്രത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ അറുപതില്‍ എത്തിനില്‍ക്കുന്ന ഒരു പൂര്‍വ വിദ്ധ്യാര്‍ഥിയുടെ സമര്‍പ്പണമായി മാത്രം ഇതിനെ വായനക്കാര്‍ കാണുക )..


Sunday, November 16, 2014

A Concise History of Kodoth Tharavad


''' A Concise History of Kodoth Tharavad ''' ''''''

The political history of Kasaragod underwent a sea change with the fall of the Vijayanagara Empire (1565- Battle of Talikotta).In 1950, Sadashiva Raya , the Vijayanagara raja, entrusted Keladayil Sadashiva naik, the right to control the administrative matters of Kanara. By 1554, Sadashiva Naik established his authority in these provinces/Deshas. Keladayi’s supremacy strengthened with the Battle of Talikotta and the fall of the Vijayanagar Empire.
Having obtained the right to independent rule, the naikars went on to exercise control over the chieftains of the western coast. Venkatappa Naik who ruled from 1582 to 1629 captured the territory from Honnavar to Nileshwar. However a mutiny followed the death of Venkatappa Naik which was suppressed by Veerabadra Naik. Shivappa Naik who became king in 1646 restored the powers of Keladayi, drastically countering all odds. The provinces south of Chandragiri like Bekal and Chithari had come under the control of Shivappa Naik. During the reign of Krishnaraya of the Kumbla Royal lineage, Shivappa Naik attacked Kumbla and captured various places except Adur, Madhur, and Kanyapura. During 1615-17 and in 1646 Keladayi Naikars had tried to capture Nileshwar. However it was a futile attempt till 1737. Nevertheless, Nileshwar fell during the period of Somashekhara Naik who ruled from 1714-1739 and extended his authority till Madai. Keladayi’s rule continued till Hyder Ali’s attack in 1763. The numerous attempts made by Kolathiri to recapture the region up to Chandragiri River and bring it under his control were in vain. In order to curb and resist the attack of the Naikars on the southern front, Kolathiri sought the help of the Zamorin. With the permission of the Zamorin, Kolathiri was able to mobilize a strong force. Chandrasekhara Kurup, a war chieftain of the Zamorin along with a number of Nair warriors defeated the Naikars in a battle and captured the lost territories of Alathurunad, (from Uppala to Chandragiri River), Kavayanad (from Chandragiri to Chittari) and Padavanad (from Chittari to Karyangad River). In the battle against the Naikars, around 500 Nair warriors, concentrating on Kizhoor, chased the Ballalas of Alathurunad and Kavayanad, thus seizing the land and endorsing their authority. Thus the nairs who came as warriors stayed on as the caretakers of various territories and enhanced their stronghold. Around these territories sprang up new Nair tharavads. Kodoth, Echikkanam,Mullacheri,,Mavila, Kottayil, Vengayil, Kookal , Meloth, Karicheri, Kozhumal,  Periya, Maniyeri, Konath, Alathady, Poravankara, Panayanthatta, Maloor, Poliapurath, Mundath and Adakkadukkam were some of the Nair tharavads which were established south of Chandragiri river. It is understood that these events occurred during the latter half of the 17th and early 18th century. The descendency of Kodoth Chandrashekar Kurup has been traced to Kodoth Tharavad. After a petty battle with the Naikars Chandrashekar Kurup settled in Cherkala. Later he shifted to Birikulam (Kulaththoor in Bedakam Panchayat) and with his influence, became a land owner. In course of time the family shifted to Kodom village. He made the village the centre of his activity and named the Tharavad after the place. The British who gained supremacy over this region with the fall of Tipu Sultan enabled an increase in the power of Chandrashekara Kurup to such an extent that he was given the responsibility of collecting tax from two villages which got him the Patelika right. The British appointed the members of Kodoth Tharavad as the Pattelers of Kodom and Kolathoor villages. The Kozhummal Tharavad was also one such family which attained Pattelika rights (Karinthalam, West Eleri). By the early 20th century they owned lands in different villages. In places like Kadakam, Muliar, Adoor, Kolaththoor, Bedakam, Kodom, Bandhadukka, Kanhangad, Belur, Panaththadi, Kadangod (Cheruvathur) Uduma, Bara, Chemmanad and Chengala they owned tens of thousands of landed property. To collect Varam and store them there were granaries and store houses. The golden era of Kodoth Tharavad was during the time of Kodoth Kammaran Nair. The present temple in Kodoth was built during his time. Kodoth Tharavad can also be proud of its own Kathakali troop which was the best in Kasaragod. It was around 1893 that this troop was organized. The construction of the Gopuram which began under the supervision of Mavila Chandu Nambiar went on till 1921. The work finished by the the then senior most member of the family 'Kodoth Ambu Nair, The chief carpenter from Thaliparambu (Pariyaram) along with two helpers took 4 years to complete the Gopuram which was believed to have been constructed at a cost of eight lakhs. Still the Gopuram of the Kodoth Bhaghavathi Temple is the main attraction for visitors to Kodoth. Kodoth Tharavad which followed the matriarchal system was partitioned in 1934 and three Receivers were appointed. The extremely god fearing and pious Chandrashekhara Kurup was also adept in Martial arts like kalaripayattu. He was instrumental in setting up kalaris in Cheruvattur and Kodoth villages to train his successors in martial arts. Though a follower of the matrilineal system, Chandrashekhara Kurup remained a bachelor. He adopted a girl child from Vengayil family in Podavanadukkam and gave her in marriage with a view to preserving the lineage of the family. Once on his way to Vanneri , near Guruvayoor, Goddess Chamundeshwari who was pleased with the ardent belief and piety of Kurup accompanied him on his return to Kodoth. It is believed that, in a battle that ensued, Chamundeshwari defeated Padar Kulangara Bhagavathi . However Padar Kulangara Bhagawathi , still resides at kodoth. The descendents of Kurup who resides at Verikulam, worship Chamundeshwari in their houses and placed her near the kalari on her arrival to Kodoth.
The lineage of Kurup’s adopted daughter can be traced to four different branches in Kodoth, a beautiful fertile village surrounded by rocks . They are Verikulam, Kuttikol, , Kodoth Puthiyaveed, Maliyekal and Kodoth Padinjareveed. Once the house situated on the western side of the kalari- the Padinjare veed was stricken with smallpox , destroying the entire family except a female child. The descendents of this lone survivor was Kodoth Utha Amma, and her brothers Kannan nair, Koran nair and Cheriya Kannan nair. The successors of Utha amma are the present members of Padinjareveed. The grand Padinjare veed constructed around 350 years ago is occupied at present by K P Kunhambu Nair and his family. The Kodoth family which has a history of over three centuries can proudly claim to have gifted many able and renowned personalities to our mother land.

Friday, November 14, 2014

ആടിവേടന്‍ (കര്‍ക്കിടക തെയ്യം)



ആടിവേടന്‍

ചെണ്ട -രാജന്‍ പണിക്കര്‍ .നെല്ലിക്കാട്ട് 
ഇവിടെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കണ്ടുവരുന്ന ഒരു അനുഷ്ട്ടാനം ആണ് ആടിവേടന്‍
തെയ്യം കേട്ടിയാടല്‍ , കർക്കടകം 7 മുതൽ മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിയും  ഗൃഹ സന്ദർശനം നടത്തുന്നു.ഒരോ ദേശത്തെയും അവകാശി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം.ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടും നടനം ചെയ്യും.കയ്യില്‍ മണിയും ഉണ്ടാകും .മണി കിലുക്കിയാണ് ആട്ടം . വീട്ടമ്മ പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി.രണ്ടു തെയ്യങ്ങളുടെയും  പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്.
തപസ്സ്ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാൻ ശിവനും പാർവ്വതിയും വേട രൂപത്തിൽ പോകുന്ന പുരാണ കഥ. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്‌. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. ആടിവേടൻഎന്ന് പറയുന്നുണ്ടെങ്കിലും വേടൻമലയ സമുദായക്കാരും ആടിവണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ഥ ദിവസങ്ങളിലായി കെട്ടിയാടുന്നു. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസി തെക്കോട്ടും,വണ്ണാന്റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം.കരിക്കട്ട കലക്കിയതാണു കറുത്ത  ഗുരുസി , മഞ്ഞളും നൂറുംകലക്കിയതാണു ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ്‌ സങ്കല്പം. ആടിവേടന്മാരെ വരവേൽക്കാൻ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി, ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടർക്കുമുള്ളതാണ്.വെക്കേണ്ട കാഴ്ച വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും.അതെല്ലാം തുണി മാറാപ്പിൽ ഇട്ട് അടുത്ത വീട്ടിലേക്ക് വേടൻ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥർ അവർക്കു നൽകും .പഞ്ഞ മാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുകയും ചെയ്യും .
ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു ആചാരമാണ് വേടൻ കെട്ടിയാടൽ. കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് വേടനും ആടിയും’. ഒന്നിച്ച് ദിവസങ്ങളോളം സ്കൂളിൽ പോവാതെ വേടൻ കെട്ടാൻ കുട്ടികളെ കിട്ടാതായതും ,വിശ്വാസത്തിലുണ്ടായ കുറവും,ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാഞ്ഞംകാടുള്ള നെല്ലിക്കാട്ടു  രാജന്‍ പണിക്കരും സംഘവും ആണ് ,വളരെ തിരക്കുപിടിച്ച തെയ്യം കലാകാരന്‍ എന്നിരിക്കിലും ഈ അനുഷ്ട്ടാന കല കുറച്ചുകാലം കൂടി പിടിച്ചു നിര്‍ത്തണം  എന്നുമാത്രം കരുതി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ഇദ്ദേഹം . .ഇതുപോലെ  ചിലയിടങ്ങളിൽ മാത്രം  ഇന്നും അവശേഷിക്കുന്നുണ്ട് ആടിവേടന്റെ വരവ്  . പഴയ കാലത്ത് പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ട കൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് പകര്‍ന്നു തരുന്നതായി കാണാം .

കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.



Thursday, November 13, 2014

Karkkidaka theyyam performed by Nellikkat Rajan Panikkar & Party . Kanhangad




Aadivedan is an ancient folk art prevalent in certain areas of Kannur district. Aadi and Vedan represent Parvathy and siva. All the characters who enact these two roles normally belong to two different communities - Malayan and Vannan. It is performed during day time.  Prevalent in certain areas of Kannur and kasragod districts, Aadivedan is an ancient folk art that represents one third of

സൌപര്‍ണിക പ്രശാന്തിയുടെ തീരം (Souparnika)


സൌപര്‍ണ്ണികാ തീരം 


പ്രശന്തിയുടെ തീരം - സൌപർണിക ...
സഹ്യാദ്രി സാനുക്കളുടെ താഴ്വരയിൽ പ്രശോഭിക്കുന്ന ശ്രീ മൂകാംബിക ക്ഷേത്രവും ,സൌപർണിക തീരവും ഒരു സുപ്രാധാന അധ്യാത്മിക ശക്തി കേന്ദ്രമാണ് . ആത്മീയ തേജസ്സ്വെട്ടിത്തിളങ്ങുന്ന പുരാതന വിഗ്രഹത്തിന്‍റെ തിരുമുമ്പിൽ ഭക്തി പുരസരം നില്ക്കുന്ന തീർഥാടകൻ എല്ലാ ഗുണങ്ങളുടെയും ശാസ്ത്രങ്ങളുടെയും കലകളുടെയും കേന്ദ്രവുമായി ഒരു ദിവ്യ സമ്പർക്കം സ്ഥാപിക്കുന്നു . ദിവ്യ ചതന്യത്തിലേക്ക് നമ്മെ നയിക്കുന്ന ഒരു പുണ്ണ്യ സ്ഥലമാണ് ഈ സൗപര്‍ണികാ തീരം . മംഗലാപുരത്തു നിന്നും ഏകദേശം 140 കിലൊമീറ്റർ അകലെ സൌത്ത് കേന്റയിലാണ് പ്രദേശം നിലകൊള്ളുന്നത് . ആകാശ മണ്ഡലങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന കുടശാദ്രി മല ദൂരെ നിന്ന് തന്നെ കാണാം. .വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ കുട്ടിക്കാലത്ത്  അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ കൂടി മൂകാംബികയില്‍ പോയതും സൌപര്‍ണികയില്‍ കുളിച്ചതും ഇന്നും ഓര്‍ക്കുന്നു .അതിനു ശേഷം പലപ്രാവശ്യം അവിടെ തനിച്ചു പോയിരുന്നെങ്കിലും ആദ്യ യാത്രയോളം നല്ല ഒരനുഭൂതി പിന്നെ കിട്ടിയിട്ടില്ല . ആ ദേവി സന്നിദ്ധിയില്‍ എത്തണമെന്നും സൌപര്‍ണികയില്‍ മുങ്ങി കുളിക്കണമെന്നും ഒക്കെ വളരെ നാളുകളായി ആഗ്രഹിക്കുന്നു ,പക്ഷെ നമ്മള്‍ വിചാരിച്ചത് കൊണ്ടുമാത്രം എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലമല്ല അത് ,ദേവി തന്നെ അറിഞ്ഞു നമ്മളെ വിളിക്കണം . സൌപർണിക ;-
പരിപാപനമായ പ്രദേശവും കാനന മദ്ധ്യേയുള്ള നദീതടവും തീർഥാടകന് ഉന്മേഷം നല്കുന്നു . സൗപർണികയിലെ നിർമല ജലത്തിൽ പ്രകൃതി ഭംഗി ആസ്വതിച്ചു കൊണ്ടുള്ള സ്നാനം മനസ്സിൽ എന്നും തങ്ങി നില്ക്കും .കുടശാദ്രിയിൽ നിന്നും ഉദ്ഭവിച്ചു വിവിധ ധാദുക്കളും ഔഷധങ്ങലും ഉള്ള വനത്തിൽ കൂടി ഒഴുകി സൗപർണിക കൊല്ലൂരിൽ എത്തുന്നു .നദീ തീരത്ത് ഇലഞ്ഞി മരങ്ങള പുഷ്പാർച്ചന നടത്തുന്ന പുരാതനമായ ഒരു ഗണപതി ക്ഷേത്ര മുണ്ട് .കുളി കഴിഞ്ഞു ഭക്തർ അവിടെ പ്രാര്ത്ഥന നടത്തുന്നു, ഇരുവശവും മരങ്ങൾ തിങ്ങിയ പാതയിലൂടെ ക്ഷ്ത്രത്തിലേക്ക് പോകുന്ന ഭക്തന് കുടശാദ്രിയുടെ വിദൂര ദർശനം ലഭിക്കുന്നു


കുറ്റിക്കോല്‍- വള്ളി വളപ്പ് കോടോത്ത് വീട്




















                വള്ളി വളപ്പ്- കോടോത്ത് വീട്  ;-

കാസറഗോഡ് ജില്ലയിലെ പ്രമുഖ നായർ തറവാടുകളിൽ ഒന്നായ കോടോത്ത് തറവാടിന്റെ ശാഖയാണ്‌ ഇത് .കോടോത്ത് നാരായണി അമ്മയുടെയും മേലത്ത് കണ്ണൻ നായരുടെയും സന്തതീ പരമ്പര . കുറ്റിക്കോൽ ടൌണിൽ നിന്നും 2.km അകലെ കാനത്തൂർ റോഡിൽ ആണ് വള്ളി വളപ്പ് എന്ന പ്രശാന്ത സുന്ദരമായ വീടും , കുല ദേവതകൾക്ക് ഉള്ള പള്ളിയറകളും,പിത്തള തൂണുകൾ കൊണ്ട് നിര്മ്മിച്ച നടപന്തലും മറ്റും നിലനിന്നിരുന്നത് . പരിശ്രമ ശലിയും , പരോപകാരിയും ആയിരുന്ന മേലത്ത് കണ്ണൻ നായർ തന്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന ഏക്കറുകളോളം പരന്നു കിടക്കുന്ന ഭൂമിയിൽ സ്വർണം വിളയിച്ചു. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ കുരുമുളക് വള്ളികളാൽ നിറഞ്ഞ ഈ വളപ്പ് 'വള്ളി വളപ്പ് എന്ന് അറിയപ്പെട്ടു .വിശാലമായ മുറികളും , രഹസ്യ അറകളും ,പത്തായ പുരയും മറ്റും അടങ്ങിയ രാജകീയ പ്രൌഡിയിൽ നിര്മ്മിച്ച വീടിനോടനുബന്ദിച്ചു തന്റെ കുല ദയിവങ്ങളെ പ്രതിഷ്ട്ടിച്ചു ആരാധിച്ചു പോരുന്ന പള്ളിയറകളും, പടിപ്പുരകളും ഉണ്ടാക്കി . തികച്ചും പല്ലവന്മാരുടെ ക്ഷേത്ര മാതൃകയിൽ നിര്മ്മിച്ച അവ ഒന്ന് കാണേണ്ടത് തന്നെയാണ് .. ദിവസങ്ങൾ നീണ്ടു നില്ക്കുന്ന കളിയാട്ടം ഇവിടെ നിലനിന്നിരുന്നു . പള്ളിയറകളിൽ കെട്ടിയാടുന്ന വിഷ്ണു മൂർത്തി, പൊട്ടൻ എന്നീ ദയിവ കോലങ്ങളുടെ ആടയാഭരണങ്ങൾ മുഴുവൻ സ്വർണത്തിലും, വിലപിടിപ്പുള്ള പട്ടുകൾ കൊണ്ടുള്ളതും ആയിരുന്നു. കൂടാതെ തെയ്യത്തിനു വേണ്ടുന്ന വാദ്യോപകരണങ്ങൾ , പലതരത്തിലുള വിളക്കുകൾ എല്ലാം തറവാട്ടു കാരണവർ സ്വന്തമായി ഉണ്ടാക്കി വെച്ചിരുന്നു . ചുരുക്കത്തിൽ തെയ്യം കലാകാരന്മാർ ഒന്നും കൊണ്ട് വരേണ്ടതില്ല എല്ലാം അവിടെയുണ്ട് .വെറും കയ്യോടെ പോയാൽ മതി എന്ന അവസ്ഥ . അന്നത്തെ കാലത്ത് കോടതി പോലും അവിടെ വെച്ച് ചേർന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് . നാട്ടിലെ കേസുകൾ പറഞ്ഞു തീർക്കുന്നതും, പരിഹാരങ്ങൾ കല്പ്പിക്കുന്നതും കാരണവരുടെ സാനിധ്യത്തിലായിരിക്കും . ജില്ലയിൽ ആദ്യമായി ജനരേടർ  വയിദ്യുതി ഉപയോഗിച്ചതിൻറെ പ്രൌഡി യുമായി കുറ്റിക്കോൽ വള്ളി വളപ്പ് തറവാട് .ഏകദേശം 75 വർഷങ്ങൾക്കു മുന്പാണ് തറവാട്ടിലെ കാര്ഷിക ആവശ്യങ്ങള്ക്കായി മദ്രാസ്സിൽ നിന്നും ജനരേട്ടര്‍ വരുത്തി മോട്ടോർ പ്രവര്ത്തിപ്പിച്ചതും , വിളക്കുകൾ കത്തിച്ചതും മറ്റും.അന്ന് ഇവിടങ്ങളിൽ വൈദ്ധ്യുതി  അജ്ഞാതമായിരുന്നു . പക്ഷെ ഇവിടെ യഥാര്‍ത്ഥ  വൈദ്ധ്യുതി ലഭിക്കാൻ പിന്നെയും കാലങ്ങൾ വേണ്ടി വന്നു എന്നുള്ളത് ഒരു വിരോധാഭാസം മാത്രം. നിർഭാഗ്യവശാൽ തറവാട്ട്‌ കാരണവരുടെ മരണത്തിനു ശേഷം ആ നല്ല കാലം അധികം നീണ്ടു നിന്നില്ല. നീണ്ട 30  വർഷക്കാലമെങ്കിലും അവയെല്ലാം ഓർമ്മ മാത്രമായി നിലകൊണ്ടു .ചില കുടുംബ തർക്കങ്ങളെ തുടർന്ന് തറവാട് സ്വത്തുക്കളും മറ്റും വ്യപഹാരത്തിൽ പെടുകയും , ഭരണ കാര്യങ്ങൾ റസീവർ ഏറ്റെടുക്കുകയും ചെയ്തു . അതോടു കൂടി തറവാട്ടിലെ വിലപിടിപ്പുള്ള പലതും നഷ്ട്ടപ്പെടുകയും , അഥപ്പധനത്തിനു കാരണമാകുകയും ചെയ്തു . ചെമ്പ് പാകിയ പള്ളിയറകളും , പിത്തള തൂണുകളാൽ നിർമിച്ചിരുന്ന നടപന്തലും മാത്രം ബാക്കി. പിത്തള തകിടുകൾ മുഴുവൻ ഇളക്കി മാറ്റിയിരുന്നു എന്ന് മാത്രം.
ദൈവ  ഹിതത്താൽ വർഷങ്ങൾ നീണ്ട വ്യപഹാരം ഇപ്പോൾ ഈ അടുത്ത കാലത്ത് തീർന്നു കിട്ടി . കണ്ണൻ നായരുടെ മക്കൾക്ക്‌ അനുകൂലമായി വിധി വരികയും ചെയ്തു.


റസീവരിൽ നിന്നും വീണ്ടുകിട്ടിയ തങ്ങളുടെ തറവാട് ഭവനത്തിൽ വീണ്ടും പോയിപ്പോയ പ്രതാപവും,പ്രൌഡിയും,വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിൻറെ ഫലമായി  കുടുംബങ്ങളുടെ ഒരു കൂട്ടയിമ രൂപികരിച്ചു പ്രവര്ത്തനം തുടങ്ങി. ഇപ്പോൾ ഭവനവും,പള്ളിയറകളും ജീർണോദ്ധാരണം ചെയ്തു പൂർവ സ്ഥിതിയിൽ ഏകദേശം ഉണ്ടാക്കി വെച്ചിട്ടുണ്ട് . കൂടാതെ 20 ഏക്കർ വരുന്ന സ്ഥലത്ത് റബ്ബർ കൃഷിയും ചെയിതു. ഭാവി ചിലവുകൾക്കായി അതുപകരിക്കും .പിന്നെ സാമാന്യം നല്ല രീതിൽ നടന്നു പോകുന്ന ഒരു ഡയറി ഫാം എന്നിവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ് ഈ കുടുംബ കൂട്ടായിമയിലെ  .എല്ലാവരും ഏക മനസോടെ പ്രവർത്തിക്കുനതിനാൽ ഇപ്പോൾ വർഷത്തിൽ ഒരിക്കൽ കളിയട്ടവും മറ്റു അനുഷ്ടങ്ങളും മുറപോലെ നടന്നു പോകുന്നു . വളരെ ഭക്തി ആദര പൂർവ്വം നിത്യം  സന്ധ്യാ ദീപം കൊളുത്താനും മറ്റും തറവാട്ടിലെ ഇളം തലമുറയിൽ പെട്ട ചെറുപ്പക്കാർ പോലും കാണിക്കുന്ന ശുഷ്കാന്തി എടുത്തു പറയത്തക്കതാണ് . 

മാലോം കൂലോം മുക്ക്രി പോക്കര്‍

       മാലോം കൂലോം മുക്ക്രിപോക്കര്‍ 

ഉത്തര കേരളത്തിലെ പ്രഗല്‍ഭരായ നായര്‍ ജന്മി കുടുംബങ്ങളില്‍ പ്രഗല്ഭമായ ബാലിക്കടക്കത്ത് നായന്മാര് , നോക്കെത്താത്ത ദൂരം പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ .പുനം കൃഷി ( മാലോം മുതല്‍ മരുതോം വരെ ), യഥേഷ്ടം നെല്ലും പണവും കുന്നുകൂടി എങ്കിലും പലപ്പോഴും ഉണ്ടാക്കുന്ന ധാന്യങ്ങള്‍ പത്തായപുരകളില്‍ എത്താറില്ല .പണിയാളരുടെ (മലം കുടിയാന്മാര്‍ ,മാവിലര്‍ ) കുറവ് തന്നെ കാരണം ,പിന്നെ കെടുകാര്യസ്ഥതയും . വേലി തന്നെ വിളവു തിന്നുന്ന ഒരവസ്ഥ വന്നു .സംഗതികള്‍ കൈവിട്ടുപോകും എന്ന അവസ്ഥ വന്നപ്പോള്‍ കാരണവര്‍ ഒരു നല്ല വിശ്വസ്ഥനും കാര്യപ്രാപ്തിയും ഉള്ള ഒരു കാര്യസ്ഥനു വേണ്ടി അന്വേഷിക്കുന്ന കാലം .തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറയുന്ന പോലെ ഒരു ദിവസം തറവാട് പടിക്കല്‍ ഒരാള്‍ വന്നു നിന്ന് സ്വയം പരിചയപ്പെടുത്തി . പോക്കര്‍ എന്നാണു പേര് ,ഉള്ലാളം ആണ് ദേശം .കണ്ടമാത്രയില്‍ തന്നെ നല്ല ശരീര ശേഷിയും ആരോഗ്യവും ഉള്ള ഒരു മുസ്ലിം ആണന്നു യജമാനന്‍ മനസിലാക്കി .അനുവദിക്കുകയാണെങ്കില്‍ അവിടത്തെ കൃഷി കാര്യങ്ങള്‍ നോക്കി നടത്താന്‍ താല്പര്യമുണ്ടന്നു ഉണര്‍ത്തിച്ചു . കാരണവര്‍ക്ക്‌ പിന്നെ മറ്റൊന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല, ഉടന്‍ സമ്മതം മൂളി .
തുടര്‍ന്നുള കാല ഘട്ടം ഉയര്ച്ചയുടെതായിരുന്നു ,വീടും പത്തായവും നിറഞ്ഞു കവിയാന്‍ തുടങ്ങി ,സൂക്ഷിക്കാന്‍ സ്ഥലം പോരാതെ വന്നപ്പോള്‍ നെല്ല് വയലില്‍ കൂട്ടി ഇട്ടു കത്തിച്ച ചരിത്രവും ഇവര്‍ക്ക് ഉണ്ടന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഈ തറവാട്ടുകാരുടെ ആസ്ഥാനം അരീക്കരയായിരുന്നു .അരി വിളയുന്ന കര എന്നര്‍ത്ഥം വരും . അങ്ങിനെ ജന്മിയും ,പണിയാളരും ,ദേശ വാസികളും അല്ലലില്ലാതെ കഴിഞ്ഞു പോരുന്ന കാലം ,നിര്‍ഭാഗ്യവശാല്‍ അവിടെയും അസൂയയും ,കുശുമ്പും, വളരാന്‍ തുടങ്ങി .ഇന്നലെ കയറി വന്ന പോക്കറോ ട് യജമാനന്‍ ഇത്രവേഗം അടുത്തത്‌ ചില കണക്കപിള്ളമാര്‍ക്കും പണിക്കാര്‍ക്കും രസിച്ചില്ല .അവിടെ ചതിയുടെയും വഞ്ചനയുടെയും വിഷബീജം മുളച്ചു പൊങ്ങി .
ഒരുദിവസം  ഒരു മാവിലന്‍ പണിക്കാരന്‍ ഓടിവന്നു ഉടയോരെ .......പുനത്തില്‍ പന്നി കൂട്ടം ഇറങ്ങി യിട്ടുണ്ടന്നും ഉടന്‍ എല്ലാം നശിപ്പിക്കുമെന്നും ഉണര്‍ത്തിച്ചു ഇത് കേട്ടുകൊണ്ട് അവിടെ നിന്നിരുന്ന വീരശൂര പരാക്രമിയായ പോക്കര്‍ ഉടന്‍ വാരികുന്ദങ്ങളും മറ്റും എടുത്തു പുനത്തിലേക്ക് നടന്നു . മാനം ഏറെ കറുത്തിരുന്നു .കാലവര്‍ഷം തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ ഏറെ ഉണ്ട് , പിന്നെ എന്തെ ഇങ്ങിനെ വരാന്‍  .ഇതൊന്നും ഗൌനിക്കാതെ പോക്കര്‍ ലക്ഷ്യസ്ഥാനം നോക്കി നടന്നു . പ്രകൃതി എന്തൊക്കെയോ മുന്‍കൂട്ടി അറിഞ്ഞപോലെ .. മാലോം പള്ളിയില്‍ നിന്നും ബാങ്ക് വിളികള്‍ മുഴങ്ങുന്നുണ്ട് .പുനത്തിലേക്ക്  പോയ പോക്കര്‍ പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല .
പിറ്റേന്ന് രാവിലെ മരുതോം മലയില്‍ ചിതറി തെറിച്ച  ശവ ശരീരമയായി നമ്മുടെ വീര പുരുഷന്‍ കിടക്കുന്നു .ദേശ വാസികള്‍ക്ക് പലതും പറയാനുണ്ടായിരുന്നു .കാട്ടു പന്നി കടിച്ചു പിച്ചി  ചീന്തിയതോ അല്ലാ ദുര മൂത്ത മനുഷ്യ പിശാചുക്കള്‍ രക്തം ഊറ്റി കുടിച്ചതോ ?
വീരന്മാരേ  എന്നും ആദരിച്ചു മാത്രം ശീലമുള്ള  വടക്കേ മലബാറിലെ ദേശ വാസികള്‍ക്ക് പോക്കര്‍ എന്നും വീര പുരുഷന്‍ തന്നെയായിരുന്നു ..അന്നും,ഇന്നും ..

അങ്ങിനെ മാലോത്ത്‌ കോവിലകം (കൂലോം) ബാലിക്കടക്കത്ത് നായന്മാരുടെ തറവാട് മുറ്റത്തു നേര് മാത്രം നടത്തി നിലകൊണ്ട മുക്ക്രി പോക്കര്‍ തെയ്യകൊലമായി മാറി . അങ്ങിനെ തെയ്യകൊലത്തിന്റെ നേര്‍ത്ത കാലൊച്ചയും, ചിലംബൊലിയും മാലോം പള്ളിയിലെ അഞ്ചു നേരത്തെ ബാങ്കിനൊപ്പം കേള്‍ക്കാന്‍ തുടങ്ങി .ഹിന്ദു മുസ്ലിം മത മൈത്രിയുടെ അടയാളമായി ഇന്നും നിലകൊള്ളുന്നു ..
മാലോം വയലിന് നടുവില്‍ ഇന്നും ആ തറവാട് വീട് ഉണ്ട് .ഇടക്കാലത്ത് എല്ലാം തകര്‍ന്ന മട്ടിലായിരുന്നു .   ബാലിക്ടക്കത്തു നായന്മാര്‍ ക്ഷയിച്ചപ്പോള്‍ അവരുടെ മലോത്തുള്ള ഏകദേശം ഭൂസ്വത്തുക്കളും കോടോത്ത് തറവാട്ടു കാര്‍ സ്വന്തമാക്കിയിരുന്നു . മാലോം വയലില്‍ കൊടോക്കാരുടെ വകയില്‍ ഒരു പത്തായപുരയും അവിടെ ഉണ്ടാക്കിയിരുന്നു ഈ അടുത്ത കാലം വരെ അത് അവിടെ ഉണ്ടായിരുന്നു  . മാലോം കോവിലകം നിന്ന സ്ഥലം മാത്രം  അവിടെ നിലനിന്നിരുന്നു  , ഈ അടുത്ത കാലത്ത് തറവാട്ടിലെ ഇളം തലമുറയില്‍ പ്പെട്ട  ലേറ്റ് ശ്രീ ,ബാലിക്കടക്കത്ത് കുഞ്ഞമ്പു നായര്‍ (മണിക്കല്ല് ) അവരുടെ നേതൃത്വത്തില്‍ പുനരുദ്ധാനം ചെയ്തു എല്ലാം പഴയ പടി നിലനിര്‍ത്തി പരിപാലിച്ചു വരികയാണ് . വര്ഷം തോറും മുക്ക്രിപോക്കരുടെ തെയ്യകൊലം കെട്ടിയാടുന്നു ..വരും കാലങ്ങളിലും മതമൈത്രിയുടെ പ്രതീകമായി ഏറെ നാളുകള്‍ തുടരട്ടെ എന്ന് നമുക്കും പ്രത്യാശിക്കാം .


മത സൌഹര്ധത്തിന്റെ പ്രതീകമായി കാസറഗോഡ് ജില്ലയിലെ മറ്റു ചില നായര്‍ തറവാടുകളിലും പ്രകൃതി വര്‍ണങ്ങളില്‍ ചാലിച്ച മുഖത്തെഴുത്തും ,തിളക്കമുള്ള ആടയാഭരണങ്ങളും , തിരിയോലകളില്‍ തീര്‍ത്ത ശില്‍പ്പ ഭംഗിയുള്ള തിരുമുടിയും അണിഞ്ഞു ചിലംബണിഞ്ഞ  കാലുകളാല്‍ നൃത്ത വിസ്മയം തീര്‍ത്ത്‌ ഉറഞ്ഞാടാറുണ്ട് മാപ്പിള തെയ്യങ്ങള്‍ ഇന്നും ... മാവിലന്‍ സമുദായത്തില്‍ പെട്ടവരാണ് പ്രധാനമായും ഈ തെയ്യം കെട്ടുന്നത് .
കംബല്ലുര്‍ കോട്ടയില്‍ തറവാട്ടിലെ കലന്തന്‍ മുക്ക്രിയും കരിംചാമുണ്ഡിയും ,പെരളം ചാമുണ്ടേശ്വരി കാവിലെ മാപ്പിള ചാമുണ്ടി , മാലോം കൂലോത്ത് ഭഗവതി ക്ഷേത്രം ,മൌവ്വേനി കോവിലകം എന്നിവിടങ്ങളിലെ മുക്ക്രി പോക്കര്‍ ,കുമ്പള ആരിക്കാടിയിലെ ആലിഭൂതം ,കക്കാട്ട് കോവിലകത്തെ ഉമ്മാച്ചി തെയ്യം, എന്നിവയാണ് കോലത്തുനാട്ടിലെ മാപ്പിള തെയ്യങ്ങള്‍ .
പട്ടുടുത്ത് താടിയും തലപ്പാവും ധരിച്ചു കൊവിലകങ്ങളിലും ,തറവാടുകളിലും മാപ്പിള തെയ്യങ്ങള്‍ നിസ്കാര കര്‍മങ്ങളും ,ബാങ്കു വിളികളും മുഴക്കുമ്പോള്‍ ഇവിടെ ഊട്ടി ഉറപ്പിക്കപ്പെടുന്നത് നമ്മുടെ മത സൌഹാര്‍ദ്ദം തന്നെയാണ് . മാപ്പിള തെയ്യങ്ങള്‍ ഉറഞ്ഞാടുമ്പോള്‍ വിശ്വാസത്തിനു കളംഗമേല്‍ക്കാത്ത നാടു ഒന്നടക്കം വണങ്ങുന്നു .. എന്‍റെ തറവാടായ കംബല്ലുര്‍ കോട്ടയില്‍ തറവാട്ടില്‍ തുലാവം 11.നു ആരംഭിക്കുന്ന കളിയാട്ടത്തോടെയാണ് മാപ്പിള തെയ്യങ്ങളുടെ തുടക്കം 

ശുഭം