Friday, January 2, 2015

വയനാട്ടു കുലവന്‍ (Vayanattu kulavan)




വയനാട്ടു കുലവന്‍ 

വയനാട്ടു കുലവന്‍

അല്‍പ്പം ചരിത്രം





അദ്ധ്യാത്മിക നവോദ്ധാനത്തിന്‍റെ കാലഘട്ടമാണല്ലോ ഇത്.പരസ്പര മാത്സര്യത്തിന്റെയും ഭയത്തിന്റെയും ലോകത്ത് നിന്നും സമാധാനത്തിന്റെയും ഭക്തിയുടെയും ലോകത്തേക്ക് ആത്മ ശാന്തിക്കായി ഒരു തീര്‍ത്ത യാത്ര.ഇന്നത്തെ ഭൌതിക ചുറ്റുപാടുകളില്‍ വിശ്വാസവും മനസമാധാനവും നഷ്ട്ടപ്പെട്ടു പോയ യുവതലമുറകളുടെ അധ്യാത്മികതയിലേക്കുള്ള തിരിച്ചു വരവ് അതുതന്നെയാണ് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി മുടങ്ങി കിടന്നിരുന്നതും നമ്മുടെ അനുഷ്ട്ടാന കലകളായ തെയ്യകൊലങ്ങളുടെയും,കളിയാട്ടങ്ങളുടെയും, വയനാട്ടു കുലവന്‍ തെയ്യം കെട്ടുകള്‍, പെരുംകളിയാട്ടങ്ങള്‍ തുടങ്ങിയവുടെയും തിരിച്ചു വരവില്‍ പഴയ തലമുറകളോടൊപ്പം യുവ തലമുറകളുടെയും അക്ഷീണ പരിശ്രമം കൂടിയുണ്ടെന്നത് എടുത്തുപറയത്തക്കതാണ്. അവരും സജ്ജീവമായി ഈ വക കാര്യങ്ങളില്‍ ഇപ്പോള്‍ രംഗത്തുണ്ട്. വളരെ നല്ല കാര്യമാണ് ഇത്. ഇതുപോലുള്ള ഉത്സവങ്ങളില്‍ കൂട്ടായി പങ്കെടുക്കുന്ന ഒറ്റപ്പെട്ടു പോയ മനസുകളെ ഈശ്വര ഭക്തിയില്‍ നിന്നും ഉടലെടുക്കുന്ന ഏക ഭാവം കൂട്ടിയിണക്കുന്നു .ലൌകികതയുടെ കടന്നുകയറ്റത്തില്‍ പലതും നേടിയെടുക്കാനുള്ള ദുരാഗ്രഹത്തില്‍ മൃഗീയത അധികരിച്ച് പരിച്ചിന്നമായിപ്പോയ മാനവ രാശിക്ക് ജാതി മത ഭേതമന്യേ ഒരു ഏകത്വം പ്രാപ്ത്തമാക്കുന്ന ഇത് പോലുള്ള ആഘോഷങ്ങള്‍ ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്‌ എന്നാണു തോനുന്നത്.

ഇത്തരത്തില്‍ ഉത്തര കേരളത്തില്‍ പ്രചാരത്തില്‍ ഉള്ള ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയനാട്ടു കുലവന്‍ ,വളരെ അധികം ജനങ്ങള്‍ ഒത്തുകൂടുന്നതും അന്നധാനത്തിനു വളരെയധികം പ്രാധാന്യം കല്പ്പിച്ചും അതുപോലെ ഏറ്റവും കൂടുതല്‍ ധനം ചിലവഴിച്ചും ഭക്തി പുരസരം നടത്തപ്പെടുന്ന ഒരു അനുഷ്ട്ടാനമാണ് ഈ തെയ്യംകെട്ടു . ഒരിക്കല്‍ നടന്നുകഴിഞ്ഞാല്‍ പിന്നീട് വര്‍ഷങ്ങള്‍ വേണം ഇത് വീണ്ടും നടത്താന്‍ എന്നത് തന്നെ ഇതിന്റെ മഹിമ വിളിച്ചറിയിക്കുന്നതാണ്. കൂടാതെ വളരെ വ്രത ശുദ്ധിയോടും ആത്മ ബലത്തോടും കൂടി കെട്ടിയാടെണ്ട തെയ്യമാണ്‌ വയനാട്ടു കുലവന്‍ .അതിനാല്‍ തന്നെ കെട്ടുന്ന ആള്‍ വളരെ ദിവസം വ്രതം ആചരിക്കണം എന്നുണ്ട് . ആഘോഷത്തിന് മുന്നോടിയായി തറവാട് വീടും പള്ളിയറയും പുതുക്കി പണിയുകയും ശുദ്ധി കലശം നടത്തുകയും വേണം . തറവാട്ടിലെ മറ്റു ദൈവ കോലങ്ങളെ കെട്ടിയാടിച്ചു അനുഗ്രഹം തേടുകയും വേണം കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയ ശേഷമാണ് വയനാട്ടുകുലവൻ തെയ്യം വരുന്നത്. മൂന്നു ദിവസങ്ങളിലായാണ് തെയ്യം കെട്ടിയാടുന്നത്. മറയൂട്ടു കലവറ നിറയ്ക്കൽ എന്നിവ അതിനു മുന്നോടിയായി നടക്കുന്ന ഒരു ചടങ്ങാണ്.ഈഴവ സമുദായത്തില്‍ പെട്ടവരുടെ (തീയര്‍ സമുദായം ) തറവാടുകളിലാണ് അവരുടെ കുല ദൈവമായ വയനാട്ടു കുലവന്‍ അരങ്ങേറുന്നത്‘അടയാളം കൊടുക്കല്‍’എന്ന ചടങ്ങാണ് തെയ്യംകെട്ടു തീരുമാനിച്ചാല്‍ ആദ്യം നടക്കുന്നത്.തറവാട്ടു കാരണവരുടെയും തരവാട്ടഗങ്ങളുടെയും ക്ഷേത്ര സ്ഥാനികന്മാരുടെയും ,പൌര മുഖ്യന്മാരുടെയും ജനാവലിയുടെയും സാനിദ്ധ്യത്തില്‍ പ്രശ്ന വിധിപ്രകാരം ദിവസം തീരുമാനിക്കുകയും പ്രധാനപ്പെട്ട തെയ്യകൊലങ്ങളെ കെട്ടാന്‍ ഏല്‍പ്പിക്കുന്ന ചടങ്ങാണ് അടയാളം കൊടുക്കല്‍ . കൂവം അളന്നു കഴിഞ്ഞതിനു ശേഷമാണ്‌ അടയാളം കൊടുക്കല്‍ എന്ന ചടങ്ങ് നടത്താറുള്ളത് . വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് തെയ്യം കെട്ടുന്നത് . തിമിരി കനലാടിയെകൊണ്ട് പന്തമരത്തിന്റെ പന്തലിടുവിച്ചു കുലവന്‍ പണ്ട് തെയ്യമാടിയിരുന്നു .അതിനാലാണ് വയനാട്ടു കുലവന്‍ തെയ്യം കെട്ടുവാന്‍ വണ്ണാന്‍ സമുദായത്തിന് അവകാശം ലഭിച്ചത് .'കൂവം അളക്കല്‍’ ‘കൂവം അളക്കല്‍ എന്നത് .പരിസര പ്രദേശങ്ങളില്‍ ഉള്ള ക്ഷേത്രങ്ങളിലെക്കും ദേവസ്ഥാനങ്ങളിലേക്കും നെല്ല് അളന്നു കൊടുക്കുന്നതാണ് ഇത്. തെയ്യംകെട്ടു യാതൊരു വിഗ്നങ്ങളുമില്ലാതെ നടക്കുന്നതിനു വേണ്ടി പരിസര പ്രദേശങ്ങളിലെ ദേവി ദേവന്മാരെ പ്രീതിപ്പെടുത്തുന്ന പ്രാര്‍ത്ഥനാ പരമായ ഈ ചടങ്ങിനു വളരെ പ്രാധാന്യമുണ്ട്.അന്നു മുതല്‍ തെയ്യം കെട്ടു കഴിയുന്നത്‌ വരേ തറവാട്ടില്‍ അന്നദാനം ഉണ്ടായിരിക്കുംകലവറ നിറക്കല്‍’ ഓലയും പാലത്തൂണും ഉപയോഗിച്ച് തീര്‍ക്കുന്നതാണ് കലവറ. മൂന്നു ദിവസങ്ങളിലും അവിടെ എത്തുന്നവർക്ക് ഉച്ചയ്‌ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കും. ഇതിനാവശ്യമായ പച്ചക്കറികളും അരിസാധനങ്ങളും മറ്റും മുൻകൂട്ടി കലവറയിൽ എത്തിക്കുന്ന ചടങ്ങാണ് കലവറനിറയ്‌ക്കൽ. ഒരു പ്രത്യേക ദിവസം തെരഞ്ഞെടുത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്തജനങ്ങൾ ഒന്നിച്ച് സാധനസാമഗ്രികൾ കൊണ്ടുവരുന്ന ചടങ്ങാണിത്. ചെണ്ടമേളത്തോടെ വരിവരിയായി സ്ത്രീജനങ്ങളാണ് ഈ ചടങ്ങിനു മുന്നിട്ടിറങ്ങുന്നത് . പ്രശ്ന വിധി പ്രകാരം തീരുമാനിക്കുന്ന മുഹൂര്‍ത്തത്തില്‍ തെയ്യംകെട്ടു നടുത്തുന്ന തറവാട്ടുകാര്‍ ആദ്യമായി പച്ചക്കറികള്‍ ,തേങ്ങ തുടങ്ങിയ വിഭവങ്ങള്‍ കലവറയില്‍ എത്തിക്കുന്നു പിന്നീട് നാനാ ദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ കായ് കറികള്‍ ഘോഷയാത്രയായി എത്തിക്കുന്നു . തെയ്യം തുടങ്ങി കഴിഞ്ഞാല്‍ വേറെ ചില അനുഷ്ട്ടാങ്ങള്‍ കൂടിയുണ്ട് അവ ‘ബോനം കൊടുക്കല്‍, ബപ്പിടല്‍, ചൂട്ടൊപ്പിക്കല്‍, മറ പിളര്‍ക്കല്‍ എന്നിവയാണ് .അവയെ കുറിച്ച് പിന്നീട് എഴുതാം.ആദ്ധ്യാത്മികതയില്‍ നാം വളരെ മുന്‍പിലാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും നാം ആരാധിക്കുന്ന ദേവി ദേവന്മാരെ കുറിച്ച് വളരെയൊന്നും അറിഞ്ഞുകൂടാ എന്നുള്ളതാണ് പരമാര്‍ത്ഥം. കലിയുഗത്തില്‍ നാമ ജപത്തിനും, പ്രാര്‍ത്തനയ്ക്കും തന്നെയാണ് പ്രാധാന്യം. നാം ഏതു ശ്രീകോവിലിനു മുന്‍പില്‍ പോയി കൈ കൂപ്പി നില്‍ക്കുമ്പോഴും എന്തെന്നില്ലാത്ത മനശാന്തി അനുഭവിക്കുന്നു പക്ഷെ ഭക്ത്തിയുടെ പൂര്‍ണ ഭാവം അനുഭവിക്കാനും ഫലപ്രാപ്തി കൈവരിക്കാനും അവിടെ വാഴുന്ന മൂര്‍ത്തിയുടെ അവതാര കഥയും, ലക്ഷ്യവും, ആചാര സമ്പ്രദായങ്ങളും അറിഞ്ഞിരിക്കേണ്ടതാണ് അല്ലങ്കില്‍ നമ്മള്‍ ചെയ്യുന്ന ആരാധനാ രീതികള്‍ വിരുദ്ധമായിരിക്കും. അനുഗ്രഹം തേടിയെത്തുന്ന നമ്മള്‍ക്ക് ദോഷമായിരിക്കും ഫലം . അതിനാല്‍ പ്രപഞ്ചത്തിന്റെ ശ്രിഷ്ട്ടി സ്ഥിതി ലയത്തിന് ആധാരമായ സാക്ഷാല്‍ കൈലാസനാഥന്റെ അംശാവതാരമായ വയനാട്ടു കുലവനെ കണ്ടു പ്രാര്‍ത്തിക്കുന്നവര്‍ക്ക് ദേവനെ അറിഞ്ഞു പ്രാര്‍ത്തിച്ചു അനുഗ്രഹം നേടുവാന്‍ ദേവന്റെ അവതാരവും വിളയാട്ടവും മഹിമയും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും എന്ന ഒരു ലക്ഷ്യവും എനിക്കു ഇല്ലായ്കയില്ല .അതിനാല്‍ എനിക്കറിയാവുന്ന സംഗതികളും, അറിവുള്ളവരില്‍ നിന്നും നേടിയെടുത്തതും,പുസ്തകങ്ങള്‍ വായിച്ചു കിട്ടിയതും എല്ലാംകൂടി കലര്‍പ്പില്ലാതെ ഇവിടെ കുറിക്കുകയാണ്.ആര്‍ക്കെങ്കിലും ഉപകരിക്കുമെങ്കില്‍ ഞാന്‍ ധന്യനായി .കൂടാതെ എന്റെ പിതാവ് അന്തരിച്ചു പോയ ശ്രീമാന്‍ K.P.കുഞ്ഞമ്പു നായര്‍ ആധികാരിക സ്ഥാനത്തു നിന്നുകൊണ്ട് മുപ്പതില്‍ കൂടുതല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ടുകള്‍ നടത്തിയിട്ടുണ്ട്. വയനാട്ടു കുലവന്റെ കുലപതി എന്ന് എന്റെ പിതാവിനെ നാട്ടുകാര്‍ ചിലപ്പോള്‍ സ്നേഹപൂര്‍വ്വം സംബോധന ചെയ്യിതിരുന്നതും അതുകൊണ്ടായിരിക്കാം . അതുകൊണ്ട് തന്നെ അച്ഛനില്‍ നിന്നും എനിക്ക് കുറച്ചൊക്കെ വിവരങ്ങള്‍ ഈ കാര്യത്തില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യവും ഞാന്‍ വിസ്മരിക്കുന്നില്ല .അച്ഛന്റെ കൂടെ സജ്ജീവമായി എനിക്കും പല കാര്യങ്ങളിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും തെറ്റുകള്‍ ഇല്ലെന്നല്ല ഇതിനര്‍ത്ഥം . ഉണ്ടാകും .


ശ്രീ വയനാട്ടുകുലവന്‍ ;-  ഈഴവ സമുദായത്തിന്റെ കുലദൈവമായി ആരാധിച്ചിരുന്ന വയനാട്ടുകുലവന്‍ പല തറവാടുകളില്‍ പള്ളിയറ നിര്‍മ്മിച്ച്‌ പ്രതിഷ്ട്ട നടത്തി ആരാധിച്ചു വരുന്ന ദേവ ചൈതന്യമാണ് വയനാട്ടു കുലവന്റെ ആവിര്‍ഭാവത്തെ കുറിച്ച് വ്യത്യസ്ഥങ്ങളായ കഥകള്‍ പ്രചരിച്ചു വരുന്നുണ്ട് .കസ്രഗോടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഉള്ള ചരിത്രം ഇപ്രകാരമാണ് .പരമശിവന്‍ പാര്‍വതി സമേതനായി വനത്തില്‍ വേട രൂപം ധരിച്ചു സഞ്ചരിച്ചു കൊണ്ടിരിക്കെ രണ്ടു പുലികള്‍ രാസക്രീടയില്‍ മുഴുകി സല്ലപിക്കുന്നത്‌ കാണാന്‍ ഇടയായി .ഇത് കണ്ട പരമശിവനു കാമബാണമേല്‍ക്കുകയും തത്സമയം തന്നെ പാര്‍വതിയുമായി സംഭോഗം ചെയ്യാന്‍ മോഹം ഉണ്ടാവുകയും ദേവിയെ അതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്തു.എന്നാല്‍ ദേവി വഴങ്ങിയില്ല ഇത്തരുണത്തില്‍ ശിവന് ഇന്ദ്രിയ സ്ഖലനം ഉണ്ടാവുകയും അത് തെറിച്ചു ഭൂമിയില്‍ വീഴുകയും അത് മൂന്ന് വൃക്ഷങ്ങളായി വളര്‍ന്നു വരികയും ചെയ്തു അവയുടെ പേരുകള്‍ ‘കരിമകള്‍, തിരുമകള്‍, തേന്മകള്‍ ഇപ്രകാരമായിരുന്നു .ഇതില്‍ തേന്‍മകള്‍ എന്ന മരമായിരുന്നു കാലാന്തരത്തില്‍ കേര വൃക്ഷമായി വളര്‍ന്നു വന്നത്. (കരിംതെങ്ങ് എന്നാണു കഥകയില്‍ അറിയപ്പെടുന്നത് ) . ഇതിന്റെ ചുവട്ടില്‍ നിന്നും അമൃത തുല്യമായ മധുര രസം ഊറി വരുന്നത് കണ്ട മഹാദേവന്‍ അത് രുചിച്ചു നോക്കുകയും പിന്നീട് സ്വാദോടു കൂടി മതിവരുവോളം കുടിച്ചു .മധുര രസ ലഹരിയില്‍ നിര്‍ത്താതെ തുടരുന്ന ശിവ താണ്ടവം പാര്‍വതിയെ ഭയപ്പെടുത്തി .മധു രസത്തിന്റെ ഉറവിടം തേടി പുറപ്പെട്ട ദേവിക്ക് അല്‍പ്പം അകലെയുള്ള കേരവൃക്ഷ ചുവട്ടില്‍ നിന്നും രസം ഊറി വരുന്നത് കാണാന്‍ സാധിച്ചു ദേവി ഉടന്‍ ആ രസത്തെ തടവി മേല്‍പ്പോട്ടാക്കി .പിറ്റേന്ന് ശിവന്‍ തെങ്ങിന്‍റെ ചുവട്ടില്‍ എത്തി മധു എടുക്കാന്‍ നോക്കിയപ്പോള്‍ ലഭിക്കാത്തതിനാല്‍ ദേഷ്യം വന്ന മഹാദേവനോട് പാര്‍വതി സത്യം ബോധിപ്പിച്ചു.കോപാക്രാന്തനായ ശിവന്‍ തന്റെ ഇടം തുടയില്‍ തല്ലി അപ്പോള്‍ ശിവ തേജസ്സില്‍ നിന്നും ആദി ദിവ്യന്‍ (ആദി തീയന്‍ ) പിറവികൊണ്ടു .ദിവ്യന്‍ ദിവസവും തെങ്ങിന്‍ മുകളില്‍ കയറി ശിവന് മധുരസം എടുത്തു കൊടുത്തു കൊണ്ടിരുന്നു .അത് പാനം ചെയ്തു ശിവന്‍ ആനന്ത നൃത്തം ചെയ്തു . ദുഖിതയായ പാര്‍വതി മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു പരിഹാരം കാണാമെന്നു വാക്ക് കൊടുക്കുകയും ചെയ്തു .ദിവ്യന്‍ കള്ളുകുടം എടുത്തു വരുന്ന വഴിയില്‍ വെച്ച് വിഷ്ണു അല്‍പ്പം കള്ളു ആവശ്യപ്പെട്ടു. ആദ്യം ദിവ്യന്‍ കൊടുത്തില്ലെങ്കിലും വിഷ്ണുവിന്‍റെ പ്രലോഭനങ്ങള്‍ക്ക് വശംവദനായി വിഷ്ണുവിന്റെ നിര്‍ദ്ദേശ പ്രകാരം കള്ളില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ശിവനു കൊടുത്തു വിട്ടു. കള്ളിന് രുചിഭേദം തോനിയപ്പോള്‍ തന്റെ ദിവ്യ ദൃഷ്ടിയാല്‍ നേരറിഞ്ഞ പരമ ശിവന്‍ കൊപിഷ്ട്ടനായി. ഭയാക്രാന്തനായ ദിവ്യന്‍ സത്യം തുറന്നു പറഞ്ഞു .ശിവ ശാപമേറ്റ ദിവ്യന്‍ ഭൂമിയില്‍ പിറക്കനിടയായി. ഇക്കാലത്താണ് ശിവഭക്തയായ താമരശ്ശേരി അമ്മ എന്ന സ്ത്രീ സന്താന ഭാഗ്യം ഇല്ലാതെ നിരന്തരം ശിവ പ്രാര്‍ഥനയില്‍ കഴിഞ്ഞിരുന്നത് അവര്‍ക്ക് മഹാദേവന്‍ അനുഗ്രഹിച്ചു ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി .ദേവലോകത്തു നിന്നും പുറത്തായ ദിവ്യനായിരുന്നു ആ കുട്ടിയായി പിറന്നത്‌ . മഹാദേവന്റെ അംശാവതാരമായി താമരശ്ശേരി അമ്മയ്ക്ക് പിറന്ന ആ കുട്ടി മേനൂര്‍ പൊന്മാടത്തു വളര്‍ന്നു വലുതായി .കുലത്തില്‍ പ്രമുഖനായവന്‍ എന്നര്‍ത്ഥത്തില്‍ കുലവനായി അറിയപ്പെട്ടു .തമോഗുണ പ്രധാനിയായിരുന്ന ശിവന്റെ അംശാവതാരമായതിനാല്‍ കുലവന്‍ മധുമാംസ പ്രിയനായി കേളിയാടി നടന്നപ്പോള്‍ കദളീവനത്തില്‍ മാത്രം നീ വിളയാടരുതെന്ന ശിവന്റെ വാക്കുകള്‍ വകവെക്കാതെ വനത്തില്‍ ഹോമിച്ചിരുന്ന 108. മധു കലശങ്ങളില്‍ ഒന്ന് തുറന്നു നോക്കിയ കുലവന്‍റെ മിഴികളില്‍ നിന്നും പ്രകാശം നഷ്ട്ടപ്പെട്ടുപോയി .കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥ വന്നു ഭവിച്ചു. അപരാധങ്ങള്‍ പൊറുക്കുവാന്‍ ശിവന്റെ അടുത്തു സങ്കടം ഉണര്‍ത്തിച്ചു മാപ്പു പറഞ്ഞപ്പോള്‍ പശ്ചാത്താപം തോന്നിയ മഹാദേവന്‍ കദളീ വനത്തില്‍ കത്തിച്ചു വെച്ച ദീപക്കോലില്‍ നിന്നും ഒന്നെടുത്തു കുലവന് നല്‍കി കൂടാതെ രണ്ടു പൊയികണ്ണുകളും,മുളവില്ലും,അമ്പും മധുപാത്രവും നല്‍കി ഇങ്ങിനെ പറഞ്ഞു .ദീപക്കോല്‍ അണഞ്ഞു പോവുകയാണെങ്കില്‍ മധു വനത്തിലെ ഓട കാട്ടില്‍ നിന്നും ഓട തച്ചു മുളം ചൂട്ടാക്കി കെട്ടിക്കോ എന്ന് ആരുളപ്പാടുണ്ടായി .അങ്ങിനെ കുലവന്‍ പൊയിക്കണ്ണനായി . ‘ചൂട്ടു പുകഞ്ഞു കണ്ണും കാണുന്നില്ല കണ്ണു പുകഞ്ഞു ചൂട്ടും കാണുന്നില്ല’ എന്നായപ്പോള്‍ ചൂട്ടും കണ്ണും വീത് പാത്രവും (കള്ളു കുടിക്കുന്ന പാത്രം ) വലിച്ചെറിഞ്ഞു.അതു ചെന്ന് വീണത്‌ ആദിപറമ്പന്‍ കുഞ്ഞാലി എന്ന മുഹമ്മദീയന്റെ വീട്ടു മുറ്റത്ത് .പേടിക്കേണ്ട കുഞ്ഞാലി ചൂട്ടും കണ്ണും എടുത്തു അകത്തു വെച്ചോ എന്ന ഒരു അശരീരി ഉണ്ടായി അതു കേട്ട് അതുപ്രകാരം കുഞ്ഞാലി ചൂട്ടും കണ്ണും എടുത്തു അകത്തു വെച്ചു .പിറകെ തന്നെ ദേവനും ഒരു വൃദ്ധ രൂപത്തില്‍ കുഞ്ഞാലിക്കു ദര്‍ശനം നല്‍കി .തിരക്കില്‍ എവിടെയോ പോകാന്‍ പുറപ്പെട്ട കുഞ്ഞാലിയോടു കുലവന്‍ കുടിക്കാന്‍ കള്ളു ആവശ്യപ്പെട്ടു .കുഞ്ഞാലി തന്റെ സേവകനും ഏറ്റുകാരനുമായ കണ്ണനോട് കള്ളു വാങ്ങി തലയില്‍ മുണ്ടിട്ടു മറച്ചു സ്വയം എടുത്തു കുലവന് നല്‍കി (തെയ്യകൊലം കെട്ടുമ്പോള്‍ ഈ ചടങ്ങിനു ബോനം കൊടുക്കല്‍ എന്ന് പറയും.തലയില്‍ മുണ്ടിട്ടു പോകുന്നത് വെളിച്ചപാടാണ് എന്ന് മാത്രം ).മധുപാന പ്രിയനായ കുലവനെ നോക്കാന്‍ ഏറ്റുകാരനായ കണ്ണനെ തന്നെ കുഞ്ഞാലി ഏല്‍പ്പിച്ചു കൂടെ കുറെ സ്വത്തുവകകളും നല്‍കി .കണ്ണന്‍ കുലവനെ പടിഞ്ഞാറ്റയില്‍ കന്നിരാശിയില്‍ കുടിയിരുത്തി .മുളം ചൂട്ടും മീങ്കോലും, ഇറചികൊലും,വീതുപാത്രവും ഇടത്തും വലത്തും വെച്ച് പരിപാലിച്ചു .അങ്ങിനെ കുലവന്‍ ഏറ്റുകാരുടെ (ഈഴവരുടെ) കുലദൈവമായി മാറി ഇത് ഒരു കഥ .വേറൊരു കഥ പ്രകാരം ചൂട്ട് പുകഞ്ഞു കണ്ണു കാണാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ പൊയ്കണ്ണു വലിച്ചു ഉഭയമാന പര്‍വതത്തിലെക്കും മുളം ചൂട്ട് അസ്ഥമാന പര്‍വതത്തിലെക്കും വലിച്ചെറിഞ്ഞു എന്നും കണ്ണു പോയി വീണത്‌ മഹാദേവന്റെ അഗ്നികുണ്ടത്തിലാണെന്നും മുളം ചൂട്ടു ചെന്ന് വീണത്‌ ആദി പറമ്പന്‍ കണ്ണന്‍ എന്ന ശിവ ഭക്തന്റെ വീടിന്റെ നടുമുറ്റത്തെന്നുമാണ് പറഞ്ഞു വരുന്നത് .മുളം ചൂട്ട് എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന് വിറച്ചു നിന്ന കണ്ണന് അശരീരി കേള്‍ക്കുകയും മുളം ചൂട്ട് തന്റെ പടിഞ്ഞാറ്റയില്‍ അകത്തു എടുത്തു വെച്ച് പരിപാലിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയും ആണുണ്ടായത് .കണ്ണന്‍റെ പടിഞ്ഞാറ്റയില്‍ സ്ഥാനം ഉറപ്പിച്ച കുലവന്‍ ആദിധേയത്വം സ്വീകരിച്ചു കുറെ നാളുകള്‍ അവിടെത്തന്നെ കഴിഞ്ഞു അവര്‍ ഉറ്റ ചങ്ങാതിമാര്‍ ആവുകയും ചെയ്യ്തു . പിന്നീട് കണ്ണന് ദയിവിക പരിവേഷം നല്‍കി കാര്‍ന്നോന്‍ എന്ന പേരില്‍ കോലം കെട്ടിയാടിക്കാനും തുടങ്ങി .തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കുള്ള യാത്രയിലാണ് കുലവന്‍ മുസ്ലിം സഹോദരനായ കുഞ്ഞാലിയെ കണ്ടു മുട്ടുന്നതും ക്ഷീണം തീര്‍ക്കുന്നതിനായി അല്‍പ്പം കള്ളു ആവശ്യപ്പെടുന്നതും.എന്നാല്‍ തന്റെ മതത്തിനും വിശ്വാസത്തിനും ഇത് വിരുദ്ധമായതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞാലി അല്‍പ്പനേരം അന്തിച്ചു നിന്നുപോയി .ഇത്രയും തന്‍റേടത്തില്‍ വന്നു കള്ളു ആവശ്യപ്പെട്ട വയനാട്ടു കുലവന് ഒരു ദിവ്വ്യത്ത്വം ഉണ്ടെന്നു മനസിലാക്കി കുഞ്ഞാലി ആദീവ രഹസ്യമായി കള്ളു എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.കാര്യങ്ങള്‍ എന്തുതന്നെയായാലും മത മൈത്രിയുടെ മഹത്തായ പാരമ്പര്യം നമ്മുക്ക് വളരെ പണ്ടുകാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്നതിന് ഉത്തമ തെളിവാണ് ഈ സംഭവം .ശേഷം യാത്ര തുടര്‍ന്ന കുലവന്‍ മേനേടത്തു ചെമ്മരത്തി അമ്മ എന്ന സ്ത്രീയുടെ വീട്ടു പടിക്കല്‍ എത്തി ചേര്‍ന്നു അവിടെ നിന്നും കുടിക്കാന്‍ കള്ളു ചോദിക്കുകയും പുനത്തില്‍ പണിക്കു പോയ ഭര്‍ത്താവ് കേളന്‍ വരുമ്പോള്‍ കൊടുക്കാനുള്ള അല്‍പ്പം കള്ളു മാത്രമേയുള്ളൂ എന്നും ആ സ്ത്രീ ഉണര്‍ത്തിച്ചു .ജോലി കഴിഞ്ഞു വന്ന കേളന്‍ അല്‍പ്പം സേവിക്കുവാന്‍ വേണ്ടി മണ്‍ കുടത്തിലേക്ക് നോക്കിയപ്പോള്‍ എല്ലാം വറ്റി വരണ്ടിരിക്കുന്നു .ഇത് കണ്ടു കാര്യങ്ങള്‍ ഭാര്യയോട് ചോദിച്ചറിഞ്ഞു. തനിക്കു വെച്ച കള്ളു ചോദിച്ചെത്തിയ ആള്‍ക്ക് എന്തോ ദയിവ ചയിതന്യം ഉണ്ടായിരിക്കുമെന്ന് കരുതി തിരിച്ചു പോയ കുലവന്ടെ പിന്നാലെ പോയി തൊണ്ടച്ചാ എന്നു ആദര പൂര്‍വ്വം വിളിച്ചു വീണ്ടും തന്‍റെ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു.അപ്പോള്‍ കള്ളുകുടം നിറഞ്ഞു കവിയാന്‍ തുടങ്ങി എന്നാണു പറയുന്നത് . അങ്ങിനെ അവര്‍ ഉറ്റ ചങ്ങാതി മാരായി കുറച്ചു കാലം തുടര്‍ന്നു . കേളന്‍ നിത്യവും കുലവന് മധുവും, ചുട്ട ഇറച്ചി, ഒട്ടിറച്ചി എന്നിവ നല്‍കുമായിരുന്നു. കേളന്‍ ഒരു ദിവസം പുനത്തിലെ തീയില്‍ വെന്തു മരിക്കുകയാണുണ്ടായത് പില്‍ക്കാലത്ത് കേളനും ദേവാംശമായി മാറി . കണ്ടന്‍ കേളന്‍ തെയ്യം എന്ന പേരില്‍ നാം കെട്ടിയാടിക്കുന്നത് ഇതിനെ അനുസ്മരിച്ചാണ്. ഈ തെയ്യ കൊലത്തിനാണ് തെയ്യം കെട്ടു വേളകളില്‍ നായാട്ടു നടത്തി കിട്ടുന്ന മൃഗങ്ങളെ സമര്‍പ്പിക്കുന്നതും മറ്റും . ബപ്പിടല്‍ എന്നാണു ഈ ചടങ്ങ് അറിയപ്പെടുന്നത് .വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകൾ നടത്തുക. ചടങ്ങ് കഴിഞ്ഞാല്‍ മാംസം കറി വെച്ച് ഭക്ത ജനങ്ങള്‍ക്ക്‌ പ്രസാദമായി നല്‍കുന്നു . ഇത്തരം മൃഗനായാട്ട് കേരള സർക്കാർ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിർബാധം തുടരുന്നുണ്ട്അവിടെ നിന്നും ചങ്ങാതിയായ കേളനോടൊത്ത് യാത്ര തിരിച്ച കുലവന്‍ വളപട്ടണം വാഴും വാഴുന്നവരുടെ കോട്ടയില്‍ എത്തി ,ഒരു ദിവസം താമസിക്കാനുള്ള സൌകര്യവും ഭക്ഷണവും ആവശ്യപ്പെട്ടപ്പോള്‍ കുലവനെ പരിഹസിച്ചു ഇങ്ങിനെ പറഞ്ഞു വെത്രേ . മണലായി കടപ്പുറത്ത് പോയി നായാട്ടു നടത്തി മൃഗത്തെ കൊണ്ടുവരികയാനങ്ങില്‍ സൗകര്യം ഒരുക്കി തരാം എന്ന് .ഇത് കേട്ട കുലവന്‍ ഉദയമന പര്‍വ്വത്തില്‍ നിന്നും പന്നിയും,മലാനും, അസ്തമന പര്‍വ്വത്തില്‍ നിന്നും നരിയെയും വരുത്തി നരിയന്‍ കോരന്‍ പണിക്കര്‍ എന്ന ചങ്ങാതിയെ കൊണ്ട് ചെവിക്കു ബാണം എയ്തു മൃഗത്തിന്റെ തോല്‍ പൊളിച്ചെടുത്ത് വാഴുന്നവര്‍ക്ക് കാഴ്ച വെച്ചു തന്റെ ദിവ്വ്യത്ത്വം തെളിയിച്ചു..അതിനു ശേഷം വടക്കോട്ടുള്ള യാത്രയില്‍ മടിയന്‍ കൂലോം , കോട്ടച്ചേരി പട്ടരെ കന്നിരാശി ,തൃക്കണ്യാവിലപ്പന്‍, കുണ്ടംകുഴിയപ്പന്‍, എന്നിവിടങ്ങളില്‍ പോയി തന്റെ സാനിദ്ധ്യം അറിയച്ച ശേഷം കൊട്ടപാറയില്‍ കുഞ്ഞിക്കോരന്‍റെ തറവാട്ടു മുറ്റത്തെത്തി. അപ്പോള്‍ അവിടെ തെയ്യംകെട്ടു നടക്കുന്ന സമയമായിരുന്നു ആയിരകണക്കിന് ഭക്തജനങ്ങള്‍ വന്നു ചേര്‍ന്നു തെയ്യംകെട്ടു മഹോത്സവം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഭക്ത്തി പാരവശ്യത്താല്‍ തറവാട്ടു കാരണവരായ കുഞ്ഞിക്കോരന്‍ പള്ളിയറയ്ക്കകത്ത് ചെന്ന് ശരം എടുത്തു നെഞ്ചില്‍ കുത്തി മരിച്ചു . പള്ളിയറ എന്നല്ല ശരിക്കും പറയുക ‘കൊട്ടില്‍, എന്നാണു.തറവാട് വീടിനോടനുബന്ധിച്ചു തന്നെ പണിയുന്ന ഒരു അറയാണ് കൊട്ടില്‍ എന്നറിയപ്പെടുന്നത് . കൊട്ടിലില്‍ കുലവന്റെ പ്രതിഷ്ട എന്ന നിലയില്‍ മരം കൊണ്ടുണ്ടാക്കിയ കാലുംപലകയും തിരുവയുധങ്ങളും ആണു ഉണ്ടാകുക .കുലവനെ കൂടാതെ വിഷ്ണു മൂര്‍ത്തിയ്ക്കും ,കാര്‍ന്നോന്‍ തെയ്യത്തിനും കൊട്ടിലില്‍ സ്ഥാനമുണ്ടാകും അതി ഭക്തനായ കാരണവർ മരിച്ചപ്പോൾ കാരണവരേയും കുലവന്‍ കൂടെ ചേര്‍ത്തു ‘കോരച്ചന്‍ തെയ്യമാക്കി’ ഈ ദൈവം പിന്നീട് വാണവർകോട്ടയിൽ എഴുന്നള്ളിയതായും, ദൈവത്തിന്റെ കോലം കെട്ടിയാടിക്കണമെന്നും അവിടുത്തെ വാഴുന്നവർക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവൻ തെയ്യം കെട്ടിയാടാൻ തുടങ്ങിയതത്രെ.ചൂട്ടൊപ്പിക്കള്‍ ;- തെയ്യംകെട്ടു അവസാനിക്കാറാകും മുന്‍പ് തോളില്‍ മുളവില്ലും കൈല്‍ മുളംചൂട്ടുമായി തറവാട്ടു കാരണവര്‍ തെയ്യത്തിനു മുന്‍പില്‍ വന്നു നില്‍ക്കും തെയ്യം കാരണവരില്‍ നിന്നും ചൂട്ടു ഏറ്റു വാങ്ങുന്നു ചൂട്ടു വീശി കൊണ്ടാണ് പിന്നെ ചുവടു വെപ്പും അരുളപ്പാടുകളും ,ചൂട്ടു കത്തി തീരാറാകുമ്പോള്‍ കുറ്റി ചൂട്ടു പ്രായം ചെന്ന തറവാട്ടു കാരണവരെ ഏല്‍പ്പിക്കുന്നു ഈ ചൂട്ടു പള്ളിയറയില്‍ നശിച്ചു പോകാതെ സൂക്ഷിക്കുന്നു .ഈ കുറ്റി ചൂട്ട് ദ്രവിച്ചു നശിച്ചു പോകുന്നതിനു മുന്‍പ് വീണ്ടും ഒരു തെയ്യംകെട്ടു നടണിരിക്കണം എന്നാണു പ്രമാണം .മറ പിളര്‍ക്കല്‍ ;- പണ്ട് തിമിരി കനലാടിയെന്ന വണ്ണാനേ കൊണ്ട് നിര്‍മ്മിച്ച പന്തലിന്റെ പ്രതീകമായാണ് മറ ഉണ്ടാക്കുന്നത്‌ .ഓലയും പാല തൂണും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത് .ആഘോഷം നടക്കുന്ന മൂന്ന് ദിവസങ്ങളിലായി ദൈവ ചയിതന്യം പള്ളിയറയില്‍ നിന്നും ഇവിടേയ്ക്ക് ആവാഹിക്കുന്നു പിന്നീട് മറ പൊളിക്കുന്നതിന് മുന്‍പ് വീണ്ടും പള്ളിയറയിലേക്ക് തന്നെ തിരിച്ചു ആവാഹിക്കുന്നു .ഉത്സവത്തിന്റെ ഏറ്റവും അവസാനത്തെ ചടങ്ങാണ് ഇത് .തറവാട്ടു കാരണവരോട് മറയ്ക്കകത്ത് നിന്ന് വണ്ണാന്‍ കയ്യേറ്റുവോ എന്ന് മൂന്ന് തവണ ചൊല്ലുമ്പോള്‍ ഏറ്റുവെന്നു ഒലയ്ക്ക് തട്ടി അറിയിച്ചതിനു ശേഷം കന്നി മൂലയില്‍ നിന്നും ഒരു കെട്ടു അറുക്കുന്നതോട് കൂടി മറയോന്നായി പൊളിച്ചു മാറ്റപ്പെടുന്നു .ഈ ചടങ്ങാണ് മറ പിളര്‍ക്കല്‍ എന്നറിയപ്പെടുന്നത് .ശുഭം യെശശരീരയായ എന്റെ പിതാവിന്റെ  പാവന  സ്മരണയ്ക്ക് മുന്‍പില്‍

 ഈ എളിയ കുറിപ്പ് സമര്‍പ്പിക്കുന്നു ...







No comments:

Post a Comment