Sunday, January 17, 2016

പുളിങ്ങോം മഖാമും ,കംബല്ലുര്‍ കോട്ടയില്‍ തറവാടും

പുളിങ്ങോം മഖാം 









കംബല്ലുര്‍ കോട്ടയില്‍ തറവാടും, പുളിങ്ങോം മഖാമും .



മത സൌഹാര്‍ദ്ധത്തിന്റെ പ്രതീകമായി  കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോത്തു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉയര്‍ന്നു വന്ന ഒരു പ്രസിദ്ധമായ മുസ്ലീം ദേവാലയമാണ് പുളിങ്ങോം മഖാം . ഈ ദേവാലയത്തിന്  പഴയകാല പ്രഭല  നായര്‍  തറവാടുകളില്‍ ഒന്നായ കംബല്ലുര്‍ കോട്ടയില്‍ തറവാടുമായി ചരിത്രപരമായി അഭേദ്ധ്യമായ ബന്ധം ഉണ്ടായിരുന്നു എന്ന വസ്തുത അറിയാവുന്നവര്‍ ചുരുങ്ങും .തറവാട്ടിലെ മുതിര്‍ന്ന തലമുറക്കു ഈ വക കാര്യങ്ങള്‍ അറിയാമായിരുന്നു  .യുവ തലമുറകള്‍ക്ക് ഈ വക കാര്യങ്ങള്‍ അജ്ഞാതമായിരിക്കാനാണ് സാധ്യത . ഇന്നത്തെ യുവ തലമുറകള്‍ കൂടി ഈ വക കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണെന്ന് ഞാന്‍ കരുതുന്നതു  കൊണ്ടായിരിക്കാം ഈ ബ്ലോഗ് എഴുതാന്‍  എന്റെ മനസ് എന്നെ പ്രാപ്തനാക്കിയത്   . 
കാര്യത്തിലേക്ക് കടക്കുന്നതിനു മുന്‍പ് കേരളത്തിലെ  മുസ്ലിം അധിനിവേശത്തെ  കുറിച്ചു  അല്‍പ്പം ചരിത്രം കൂടി മനസിലാക്കുന്നത്‌ നന്നായിരുക്കും എന്നു തോന്നുന്നു .  18ആം നൂറ്റാണ്ടിന്‍റെ ആദ്യ കാലഘട്ടങ്ങളില്‍ ആണല്ലോ ഇന്ത്യ യിലേക്കുള്ള  മുസ്ലിംങ്ങളുടെ  വരവ് തുടങ്ങുന്നത് .കച്ചവട താല്‍പര്യമായിരുന്നു അവരെ പ്രധാനമായും ഇവിടേയ്ക്ക് ആകര്‍ഷിച്ചത് ,അതിനാല്‍ തന്നെ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മാത്രമാണ് അധ്യകാലഘട്ടങ്ങളില്‍ അവരുടെ  സാനിധ്യം ഉണ്ടായിരുന്നത് . പിന്നീട് അത് കിഴക്കന്‍ മേഖലകളിലേക്കും ക്രമേണ വ്യാപിക്കുകയായിരുന്നു . അന്നത്തെ നാടുവാഴികള്‍ക്കും, പ്രമാണികള്‍ക്കും ഭൂപ്രഭുക്കന്മാര്‍ക്കും ,നായന്മാര്‍ക്കും  കടല്‍ കച്ചവടക്കാരുമായുള്ള സൌഹൃദവും ,സ്നേഹവും നിലനിര്‍ത്തേണ്ടത്‌ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ വളരെ ഉപകരിക്കും എന്നു തോനിയതു കൊണ്ടാകാം അവരുടെ കിഴക്കോട്ടുള്ള വരവിനെ പ്രോത്സാഹിപ്പിച്ചതും അവര്‍ക്കു വേണ്ടുന്ന സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്തു  ആരോഗ്യ പരമായ ഒരു ബന്ധം നിലനിര്‍ത്താന്‍ പ്രേരകമായത് . അതുവരെ തീരദേശ മേഘലകള്‍ വിട്ടു അവര്‍ അധികം യാത്ര ചെയ്തിരുന്നില്ല . ചില സ്ഥലങ്ങളില്‍ ജാതിവ്യവസ്ഥകള്‍ ഇവരുടെ വരവിനു തടസമായി നിലനിന്നിരുന്നു . എന്നാല്‍ മുസ്ലിം ആവാസ കേന്ദ്രങ്ങളില്‍ ഉള്ള ചിലര്‍ ഇസ്ലാം മതത്തെ സ്വാഗതം ചെയ്യുകയും അവരുമായുള്ള  സ്നേഹ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഇങ്ങിനെ വന്ന മുസ്ലീങ്ങളില്‍ കച്ചവടക്കാരും ,കഠിനമായി ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു . ഇത്തരത്തില്‍ ഉള്ള ഒരു ബന്ധം നാട്ടുപ്രമാണിമാരുടെയും , ഭൂപ്രഭുക്കന്മാരുടെയും കച്ചവടവും ,കൃഷികാര്യങ്ങളും സംപുഷ്ട്ടി പ്രാപിക്കാന്‍ കാരണമായി . ഹൈന്ദവരു മായുള്ള  ഈ മതമൈത്രി വളരെ ക്കാലം നിലനിന്നു പോരുന്നു .അങ്ങിനെ മത സൌഹാര്‍ദ്ധ ത്തിന്‍റെ  നല്ല നാളുകള്‍ നമുടെ മലബാറിന്റെ മലയോരങ്ങിലും ഒരുകാലത്ത് കളിയാടിയിരുന്നു . 
കേരളത്തിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉണ്ടായ ആദ്യത്തെ പള്ളി യാണല്ലോ മലപ്പുറം ജില്ലയിലേത് .അവിടെ ഉണ്ടായിരുന്ന 'പറമ്പി നമ്പി 'എന്നൊരാളുടെ ഭൂസ്വത്തുക്കള്‍  കടത്തനാട്ടുകാര്‍ ആക്രമിച്ചപ്പോള്‍  യുദ്ധ സഹായം ചെയ്തുകൊടുത്തതിനു പ്രത്യുപകാരമായി പണിതുകൊടുത്തതാണ് ഈ പള്ളി എന്ന് പറയപ്പെടുന്നു .ഇതുപോലെ ഹിന്ദു മുസ്ലിം മത മൈത്രിയുടെ യും സാഹോദര്യ ബന്ധത്തിന്റെയും  അവാച്യ മായ ഊഷ്മളത  പണ്ടു മുതലേ മനസിലാക്കിയിരുന്ന ഒരു നായര്‍ തറവാട്ടുകാര്‍ (പുളിങ്ങോത്തു നായര്‍ ) അഥവാ കംബല്ലുര്‍ കോട്ടയില്‍ തറവാട്ടുകാര്‍ എന്നൊരു നായര്‍ കുടുംബക്കാര്‍ ഇവിടെ കാസര്‍ഗോഡ്‌ ജില്ലയിലും (പഴയ കണ്ണൂര്‍ ജില്ല ) ഉണ്ടായിരുന്നു . അവര്‍ ഇന്നും ആ നല്ല സൌഹൃദ ബന്ധം നിലനിര്‍ത്തി പ്പോരുന്നു . അതിനു മൂക സാക്ഷിയായി പ്രസിദ്ധമായ പുളിങ്ങോം മഖാം തലയുയര്‍ത്തി നില്‍ക്കുന്നു . മനുഷ്യന്‍ ഏതു മതവിശ്വാസി ആയാലും തമ്മില്‍ തമ്മില്‍ ബഹുമാനത്തോടെ ഇടപഴകുന്ന ഒരു വ്യവസ്ഥ എല്ലാ മനുഷ്യരുടെയും നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണെന്നു  വളരെക്കാലം മുന്‍പു    തന്നെ ഈ തറവാട്ടുകാര്‍ മനസിലാക്കിയിരിക്കണം .  ഏകദേശം നാനൂറു വര്‍ഷത്തെ ചരിത്രം അവകാശപ്പെടാവുന്ന ഒരു പ്രസിദ്ധ തറവാടു കൂടിയാണ് കംബല്ലുര്‍ കോട്ടയില്‍ തറവാട് .ഇന്നത്തെ കണ്ണൂര്‍,കാസറഗോഡ് ജില്ലകളില്‍ ആയി അനേകം ഏക്കര്‍ ഭൂസ്വത്തുക്കളുടെ അവകാശികള്‍ ആയിരുന്നു അവര്‍ .നൂറ്റാണ്ടുകള്‍ മുന്‍പു കേരളത്തില്‍ എത്തിയ സൂപ്പി വര്യന്മാര്‍ക്ക് പള്ളി പണിയാന്‍ ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോത്ത്  എന്ന സ്ഥലത്ത്  വിശാലമായ ഭൂമി നല്‍കി എല്ലാ സഹായ സഹകരണങ്ങളും നല്‍കി മാതൃകയായി .അങ്ങിനെ അവിടെ പ്രസിദ്ധമായ ഒരു  മുസ്ലിം ആരാധനാലയം ഉയര്‍ന്നു വന്നു .ഇന്നും പ്രൌഡിയോടെ നിലനില്‍ക്കുന്നു . സ്നേഹ ബന്ധവും സൌഹാര്‍ദ്ധവും പരസ്പര സഹകരണവും എല്ലാം പഴയപടി തന്നെ ഒട്ടും കുറവില്ല .ഓരോ വര്‍ഷവും പള്ളിയില്‍ നേര്‍ച്ച കുറിക്കുന്നതിന് മുന്പായി പുളിങ്ങോത്തു നായരുടെ തറവാട്ടില്‍ (കംബല്ലുര്‍ കോട്ടയില്‍ വീട്) പോയി  മുസ്ലിം സഹോദരങ്ങള്‍ പോയി സമ്മതം ചോദിക്കുന്ന ഒരു ചടങ്ങ് ഇന്നും നിലനില്‍ക്കുന്നു . തറവാട്ടിലെ തല മുതിര്‍ന്ന സ്ത്രീ  (കോട്ടയില്‍ അമ്മ )  വന്നു പടിഞ്ഞാറ്റയില്‍  നിന്നും  കൊടിയിലയില്‍ മഞ്ഞള്‍ പ്രസാദം എടുത്തു പടിമ്മേല്‍ വെക്കുന്നു ആ പ്രസാദം സ്വീകരിക്കുന്നതോടു  കൂടി   ഉറൂസിന്റെ ദിവസം കുറിക്കും .   കൂടാതെ അംഗങ്ങളെ ചടങ്ങില്‍ പങ്കെടുക്കാന്‍ പള്ളിയിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു . പണ്ടുകാലത്തു പള്ളിയിലെ ഉറൂസിന്റെ  മുഴുവന്‍ ചിലവുകളും ഈ തറവാട്ടുകാര്‍ തന്നെയാണ് വഹിച്ചിരുന്നത്  എന്നു പറയപ്പെടുന്നു . ഇപ്പോള്‍ പഴയ പ്രതാപമൊക്കെ മാറിപ്പോയ അവസ്ഥയില്‍  ഒരു ചെറിയ സംഖ്യാ കവറില്‍ ആക്കി പള്ളി ഭാരവാഹികളെ ഏല്‍പ്പിക്കുന്നു ,അത്രമാത്രം . ഇത്തരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ തറവാട്ടിലെ   ഒരംഗ മെന്ന  നിലയില്‍ എനിക്കും ഈ 2016. വര്‍ഷത്തില്‍ ഒരവസരം കിട്ടി .ഈ വര്‍ഷം ,മകര മാസം ഒന്നാം തീയതിയായിരുന്നു അത് .  എന്റെ അമ്മാവന്‍  ശ്യാം കുമാര്‍  ,സഹോദരന്മാരും ഒരുമിച്ചു  അവിടെ പോകാനും പള്ളിക്കകത്തു കയറി  പ്രാര്‍ഥിക്കാനും  കിട്ടിയ അസുലഭ മുഹൂര്‍ത്തം . പള്ളി കമ്മിറ്റി ഭാരവാഹികള്‍ ക്ഷണിച്ചു വരുത്തിയ അതിഥികളായ ഞങ്ങളോടു  എത്ര മാന്ന്യമായാണ് അവര്‍ പെരുമാറിയത് അവര്‍ തന്ന ആദരവും സ്നേഹവും അവരുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വന്ന സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും ഭാഷ തന്നെയായിരുന്നു എന്നതു തിരിച്ചറിയാന്‍ വിഷമമുണ്ടായില്ല .  തമ്മില്‍ തമ്മില്‍ ബഹുമാനത്തോടെ ഇടപഴകുന്ന സഹവര്‍ത്തിത്വ അന്തരീക്ഷം ഇതു മതവിശ്വസങ്ങളുടെയും നിലനില്‍പ്പിനു ആവശ്യമാണല്ലോ . ഇതൊക്കെ അനുഭവിക്കാന്‍ നമ്മള്‍ എന്തു സുകൃതമാണ് ചെയതതു എന്നു നിശ്ചയമില്ല . ഇത്രയും പ്രൌഡമായ പാരമ്പര്യമുള്ള കംബല്ലുര്‍ കോട്ടയില്‍ തറവാട്ടില്‍ ജനിക്കാന്‍ ഇടവന്നതു തന്നെയായിരിക്കാം അതിനു കാരണം  . അഭിമാനിക്കുന്നു ഞാന്‍ എന്‍റെ തറവാടിനെ കുറിച്ചു .ഈ വൈകിയ വേളയിലെങ്കിലും . ഒരു പക്ഷെ ഇതുതന്നെയായിരിക്കാം നമ്മുടെ പിതാമഹന്മാര്‍ അവരുടെ പിന്‍ തലമുറക്കാര്‍ക്കായി ബാക്കി  വെച്ചിട്ടു പോയ   പൈതൃക സമ്പത്ത് . ഇവ എന്നും സംരക്ഷിക്കപ്പെടണം അതു കാലഘട്ടത്തിന്‍റെയും വരും തലമുറകളുടെയും ആവശ്യമാണ് .കര്‍ത്തവ്യമാണ് . 
പള്ളിയില്‍ നിലവിളക്കു കത്തിക്കുന്നത് പുളിങ്ങോം മഖാമില്‍ കാണുന്ന ഒരു പ്രത്യേകതയാണ് . ഉറൂസ് നടക്കുന്ന അവസരത്തില്‍ ദാഹ ജലം നല്‍കുന്നതിനും  , വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും  ഹിന്ദു സഹോദരന്മാര്‍ മുന്നിട്ടിറങ്ങുന്നു  . ഇങ്ങിനെ ഹിന്ദുക്കളും ,മുസ്ലിങ്ങളും  തോളോടു  തോള്‍  ചേര്‍ന്നു  ആഘോഷങ്ങളില്‍  പങ്കെടുക്കുന്ന കാഴ്ച്ച ഇന്ന് വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്നു . ഇങ്ങിനെയുള്ള സൌഹാര്‍ദ്ധ ബന്ധ മായിരിക്കാം പിന്നീട് മാപ്പിള തെയ്യത്തിന്റെ പിറവിക്കു കാരണമായത്‌ .  
ചാമുണ്ടി അമ്മയും മാപ്പിള തെയ്യവും ഒരുമിച്ചു കെട്ടിയാടുന്ന പാരമ്പര്യം ഉള്ള ഒരു നായര്‍ തറവാട് കൂടിയാണല്ലോ കംബല്ലുര്‍ കോട്ടയില്‍ തറവാട് . പുളിങ്ങോം പള്ളിയിലെ കലന്തന്‍ മുക്ക്രി ഹിന്ദു ദേവതയായ കരിം ചാമുണ്ടിയുടെ കോപത്തിനിരയായി കൊല്ലപ്പെടുന്നതും ആദ്യ വധ ശ്രമത്തില്‍ കൊട്ടതലച്ചി മലയില്‍ നിന്നും ഒരു വലിയ പാറക്കല്ല്   മുക്ക്രിക്കു  നേരെ തള്ളിവിടുന്നതും ആ കല്ല്‌  പുളിങ്ങോം പള്ളിക്കു നേരെ വന്നപ്പോള്‍ വേറൊരു ഹിന്ദു ദൈവമായ പൊട്ടന്‍ ദൈവം തന്‍റെ  ചൂരല്‍ കോല്‍ കൊണ്ട് കല്ലിനെ തടുത്തു നിര്‍ത്തി പള്ളിയെ രക്ഷിക്കുന്നതും , മരണ ശേഷം കലന്തന്‍ മുക്ക്രി ചാമുണ്ടിക്കൊപ്പം തെയ്യമായി പരിണമിച്ച കഥയും നിലവില്‍ ഉണ്ട് . ഇതേ കലന്തന്‍ മുക്ക്രിയെ ത്തന്നെയാണ് ഇന്നും മാപ്പിളയും ചാമുണ്ടിയുമായി കംബല്ലുര്‍ കോട്ടയില്‍ വീട്ടില്‍ എല്ലാ തുലാവം '11,  തീയതിയും കെട്ടിയാടിക്കുന്ന  തെയ്യകൊലം .തുലാവം 10.നു രാവിലെ മുതല്‍ തന്നെ തെയ്യത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു . മാവിലന്‍ സമുദായത്തില്‍ പ്പെട്ടവരാണ് ഇവിടുത്തെ തെയ്യ കൊലധാരികള്‍ ,അവര്‍ രാവിലെ തന്നെ എത്തുന്നു . ശേഷം തലമുതിര്‍ന്ന തറവാട്ടംഗം മൂന്ന് കൊലധാരികളെയും തീരുമാനിച്ചു പട്ടും വളയും കൊടുക്കുന്നു .തുടര്‍ന്ന് അധികം അകലെ അല്ലാത്ത ആക്കോ കാവില്‍ അടിയന്തിരം കഴിച്ചു ആക്കോ ചാമുണ്ടിയുടെ ചൈതന്യം ആവാഹിച്ചു തറവാട്ടു വീട്ടിലേക്കു എഴുന്നള്ളിച്ചു കൊണ്ടുവരുന്നു .തുലാവം .11.നു സന്ധ്യ യോടെ തുടങ്ങല്‍ എന്ന ഒരു ചടങ്ങ് നടന്നാല്‍ പിന്നെ തെയ്യകൊലങ്ങള്‍ അരങ്ങില്‍ വരും . വീരന്‍ തെയ്യം, നാട്ടടുക്കന്‍ തെയ്യം, മാപ്പിളയും,ചമുണ്ടിയും, കാട്ടുമൊടന്ത, എന്നീ കോലങ്ങള്‍ തറവാട്ടു മുറ്റത്തു നിറഞ്ഞാടുന്നു . അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു വരമഞ്ഞള്‍ കുറിയുടെ ഗന്ധം ഭക്ത മനസുകളില്‍ നിറക്കുന്നു .12.നു രാവിലെ മുതല്‍ വിഷ്ണുമൂര്‍ത്തി , ആക്കോ ചാമുണ്ടി , കാട്ടുമൊടന്ത. എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു .
കൂടാതെ തറവാട് വീടിന്റെ കിഴക്കു ഭാഗത്തായി ഒരു ഭഗവതി ക്ഷേത്രവും തരവാട്ടുകാരുടെതായി ഉണ്ട് .ഇപ്പോള്‍ ഈ ക്ഷേത്ര ഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണെങ്കിലും പാരമ്പര്യ ട്രസ്റ്റി കോട്ടയില്‍ തറവാട്ടിലെ കാരണവരാണ് . തറവാട്ടുകാരുടെ ധര്‍മ്മ ദൈവമായ വാഴക്കോട്ടു ഭഗവതി പടിഞ്ഞാറു ഭാഗത്തേക്ക് ദര്‍ശനമായി കംബല്ലുര്‍ ഭഗവതി ക്കൊപ്പം നിലകൊള്ളുന്നു . മീന മാസത്തിലെ കാര്‍ത്തിക നാളില്‍ ഇവിടെ മൂന്ന് ദിവസത്തെ ഉത്സവം നടത്തപ്പെടുന്നു .

യുക്തി ചിന്തകളില്‍ വ്യപരിച്ചാല്‍ ഈ കഥകളിലൊക്കെ ചിലപ്പോള്‍ നമുക്കു പല വൈചിത്ര്യങ്ങളും കാണാന്‍ കഴിഞ്ഞേക്കാം . യുക്തിക്കു നിരക്കാത്തവ . എങ്കിലും ഈ കഥകളൊക്കെ പഴയ കാലത്തെ സാമൂഹ്യ വ്യവസ്ഥിതി അനുസരിച്ചു മത മൈത്രി ബന്ധം എന്നും നിലനില്‍ക്കാന്‍ വേണ്ടിത്തന്നെയാകണം ഉണ്ടാക്കപെട്ടതു . ഹൈന്ദവ മത സങ്കല്പ്പത്തിനൊപ്പം ഇസ്ലാം മത സങ്കല്‍പ്പങ്ങളും കൂടിച്ചേരുന്നു ഇവിടെ .മത സംഘര്‍ഷങ്ങള്‍ എന്നും നമ്മുടെ മനസിനെ അലട്ടുമ്പോള്‍ മതസൌഹാര്‍ദം നിറഞ്ഞു തുളുമ്പുന്ന ഒരന്തരീക്ഷം ഇവിടെ തെളിഞ്ഞു വരണം . അതിനു ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ നിലനില്‍ക്കുക തന്നെ വേണം . മതമൈത്രിയുടെ  ഊഷ്മളത തൊട്ടറിയുവാന്‍ വേറെ ഉദാഹരണങ്ങള്‍ നാം എന്തിനു തേടി പ്പോകുന്നു .  
 'ലോകാ സമസ്താ സുഖിനോ ഭവന്തു ; എന്നു ഉറക്കെ പ്രാര്‍ഥിക്കാന്‍ കഴിയുന്ന നമുക്കു ആരും അന്യരല്ല . എല്ലാവരും നമ്മുടെ സഹോദരന്മാര്‍    സമൂഹത്തിലെ ഉച്ച നീചത്വങ്ങളുടെ പൊള്ളത്തരങ്ങള്‍ തനി നാടന്‍ ഭാഷയില്‍ തുറന്നു കാട്ടുന്ന പൊട്ടന്‍ ദൈവത്തിന്‍റെ പള്ളിയറയും (വാതില്‍ മാടം ) നയന മനോഹരമായ മലനിരകളാലും, പുണ്ണ്യ നദിയായ പയസ്വിനി പുഴയിലെ തെളിനീരും പള്ളിയറകളും ,കാവുകളും നിറഞ്ഞു നില്‍ക്കുന്നതും നാടിന്‍റെ സാംസ്കാരിക തനിമ വിളിച്ചറിയിക്കുന്നതും പരശു രാമനാല്‍ പ്രതിഷ്ട്ടിക്കപ്പെട്ടതും ആയിരുന്ന അതിപുരാതനമായ  പുളിങ്ങോം ശങ്കര നാരായണ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഇതേ പള്ളിയുടെ സമീപം തന്നെയാണ് . ക്ഷേത്രത്തിലെയും പള്ളിയിലെയും ഭാരവാഹികള്‍ തമ്മില്‍ വളരെ നല്ലൊരു ആത്മ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നു .ഈ ക്ഷേത്രവും അനുബന്ധ കാവുകളും പള്ളിയറകളും ഒരു കാലത്ത് കംബല്ലുര്‍ തറവാട്ടുകാരുടെ അധീനതയില്‍ തന്നെയായിരുന്നു നില നിന്നിരുന്നത് . കാലത്തിന്‍റെ കുത്തൊഴുക്കില്‍ ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഈ ക്ഷേത്ര സമുച്ചയങ്ങളില്‍ പലതും നശിച്ചു പോയിരുന്നെങ്കിലും പഴയ പ്രൌഡിയോടു കൂടിത്തന്നെ അവയില്‍ പലതും വീണ്ടെടുക്കാന്‍ ഇവിടെയുള്ള സന്മനസുകളുടെ ദീര്‍ഘ വീക്ഷണത്തോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് സാദിച്ചിട്ടുണ്ട്. ഇപ്പോള്‍ NSS.കരയോഗ ക്കാരാണ് ക്ഷേത്രം ഏറ്റെടുത്തു നടത്തുന്നത് .

ക്ഷേത്രം ഏറ്റെടുക്കുന്നതിന്റെ  പ്രാരംഭ നടപടികള്‍ക്കായി കംബല്ലുര്‍ കോട്ടയില്‍  തറവാട്ടിലെ മറ്റു മുതിര്‍ന്നവരെയും അവരുടെ താമസ സ്ഥലങ്ങളില്‍ ചെന്നു കണ്ടു . ചര്‍ച്ച ചെയ്തതിന്‍റെ ഫലമായാണ് ക്ഷേത്രം കരയോഗം ഏറ്റെടുക്കാന്‍ തീരുമാനമായത് എന്നു അറിയാന്‍ കഴിയുന്നു . പിന്നീടു കരയോഗത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടു കൂടി അന്യാധീന പ്പെട്ടുപോയ ക്ഷേത്ര സ്വത്തുക്കള്‍ വീണ്ടെടുക്കാനും അവിടെ ഇന്ന് കാണുന്ന രീതിയില്‍ ഉള്ള ഒരു ക്ഷേത്രം 'ശങ്കര നാരായണ ക്ഷേത്രവും മറ്റു അനുബന്ധ പള്ളിയറകളും' ഉയര്‍ന്നു വരുവാന്‍ കാരണമാകുകയും ചെയ്തു .ഈ വക കാര്യങ്ങള്‍ ക്ഷേത്രം ഭാരവാഹികളുമായി അല്‍പ്പനേരം സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞതാണ്‌

 ('സര്‍വ്വ മത സാരവുമേക' മെന്ന ശ്രീനാരായണ ഗുരുവിന്‍റെ വരികള്‍  ഇവിടെ ഓര്‍ത്തുപോകുന്നു.  വരികളില്‍ ഊന്നിയ  ബൈബിള്‍ ,ഗീതാ , ഖുറാന് .ഇവയെല്ലാം നമ്മള്‍ എതുമതക്കരായാലും വായിച്ചു മനസിലാക്കേണ്ടതും പഠന വിധേയമാക്കേണ്ടതും നിത്യ ജീവിതത്തില്‍ പ്രായോഗിക മാക്കേണ്ടതും ആണു   കരുത്തുറ്റ മതേതര ബോധം നമ്മളില്‍  ഉടലെടുക്കാന്‍ ഇവ   സഹായിക്കും ,വിധ്വേഷ മല്ല  വിവേകമാണ് അവിടെ നമ്മളെ നയിക്കേണ്ടത് . നമുക്കു നഷ്ട്ടപ്പെടു പോയ അല്ലങ്കില്‍ നാം നഷ്ട്ടപ്പെടുത്തിയ എത്രയോ സുന്ദരമായ ,സന്തോഷകരമായ ഒരു ഭൂതകാലം നമുക്കു  ഉണ്ടായിരുന്നു എന്ന വസ്തുത കേട്ടറിഞ്ഞതും , വയിച്ചറിഞ്ഞതും ആയ അനുഭവം   വരും തലമുറകള്‍ക്ക് കൂടി കൈമാറുക എന്നതു  മാത്രമേ ഞാന്‍  ഈ ചെറു ലേഖനം കൊണ്ടു  ഉദ്ദേശിക്കുന്നുള്ളൂ .
Suryanarayanan Nambiar.K.K

   


Saturday, December 26, 2015

Karicheri Tharavad


ഉണിച്ചൂര്‍ കോവിലകം വട്ടകയം കരിച്ചേരി തറവാട് 

ചരിത്രം അത് ഒരു നാടിനറെതായാലും ഒരു തറവാടിന്റെതായാലും  നാം മനസിലാക്കുന്നത്‌ പ്രധാനമായും മൂന്നു രീതികളിലാണല്ലോ  വാമൊഴിയായും വരമൊഴിയായും പുരാവസ്തു ഗവേഷണങ്ങള്‍ വഴിയായും മറ്റും ,അങ്ങിനെ കിട്ടിയ  അറിവുകള്‍ വെച്ച് തങ്ങള്‍ക്കു നഷട്ടപ്പെട്ടു പോയി എന്നു കരുതിയ ഒരു തറവാടിന്റെ വേരുകള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയിരിക്കുകയാണ് ഇവിടെ . കഴിഞ്ഞു പോയ കാലത്തേക്ക് തിരിച്ചുപോയി അന്നത്തെ അവസ്ഥകള്‍ എന്തൊക്കെയായിരുന്നുവെന്ന് മനസിലാക്കാന്‍ നമുക്ക് പറ്റില്ലല്ലോ . അതിനാല്‍ പോയിപ്പോയ കാലങ്ങള്‍ ബാക്കിവേച്ചിട്ടുള്ള അവശിഷ്ട്ടങ്ങള്‍ കണ്ടുപിടിച്ചു അവ വിശകലനം ചെയ്തു കുറേ ക്കൂടി സമീപസ്ഥമായ ഭൂതകാലം ചിലപ്പോള്‍ മനസിലാക്കാന്‍ സാധിച്ചേക്കാം . പഴയകാലത്തെ താളിയോലഗ്രന്ഥങ്ങൾ, ശിലാലിഖിതങ്ങൾ, പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ മുതലായവയാണ് അവയിൽ ചിലത് . അങ്ങിനെ പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതും  മറ്റുള്ളവരില്‍ നിന്നും ചോദിച്ചു മനസിലാക്കിയതുമായ  ചില  വിവരങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു .വരും തലമുറകളുടെ അറിവിലേക്കായി .തറവാടും ,തറവാടിത്വവും, കുടുംബവും,കുടുംബ മഹിമയും ഒക്കെ നാം തിരഞ്ഞെടുക്കുന്നതല്ലല്ലോ  അത് ഈശ്വരന്‍ നമുക്കു  നല്‍കുന്ന വരദാനം തന്നെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കുടുംബ ബന്ധങ്ങള്‍ക്ക് ഏറേ പ്രാധാന്യം കല്‍പ്പിക്കപ്പെടെണ്ടതുണ്ട്  .

പുരാതന കാലം മുതല്‍ ഉത്തര മലയാള ദേശത്തിലെ പ്രസിദ്ധവും പ്രബലവുമായ ഒരു നായര്‍ തറവാടാണ് കരിച്ചേരി തറവാട് .  വെങ്ങയില്‍ തറവാട്ടിലെ ഒരു വിഭാഗം നായന്മാര്‍ വട്ടകയത്തു ആസ്ഥാനമാക്കി വട്ടകയത്തു ചാമുണ്ടി അമ്മയെ ധര്‍മ്മ ദൈവമായി സങ്കല്‍പ്പിച്ചു ഉപാസിച്ചു വന്നു . പയസ്വിനി പുഴയുടെ (പാണത്തൂര്‍ പുഴ ) വടക്കേ കരയിലും ,ചന്ദ്രഗിരി (പെര്യത്ത്   ) പുഴയുടെ തെക്കേ കരയിലും പെട്ട 'കാക്ക തുരുത്തി ' എന്ന ഭൂപ്രദേശം പിടിച്ച്  കണ്ണാടി തോടു   വരെയുള്ള വിശാലമായ ഭൂപ്രദേശം  അടക്കി വാണ തായും പറയപ്പെടുന്നു . മേലെ വട്ടകയത്തു നിലനിന്നിരുന്ന പ്രസിദ്ധമായ ഉണിച്ചൂര്‍ കോവിലകത്തിന്‍റെ ഭരണാധികാരം ഇവര്‍ക്കായിരുന്നു . ശാന്ത സ്വരൂപിണിയും രാജരാജേശ്വരിയുമായ ഉണിച്ചൂര്‍ ഭഗവതിയെയും കാര്‍ഷിക ദേവതയായി കുറത്തി അമ്മയെയും ആരാധിച്ചു വന്നിരുന്നു .
അക്കാലത്ത് കൊളത്തൂരിനടുത്ത കാരിശ്ശേരി എന്ന ഒരു സമ്പന്ന നമ്പൂതിരി കുടുംബാങ്കവുമായി ഉണ്ടായ വിവാഹ ബന്ധ പ്രകാരം അദ്ദേഹത്തില്‍ നിന്നും പൈത്രകമായി വിളക്കുമാടം ശ്രി മഹാവിഷ്ണു ക്ഷേത്രവും വിശാലമായ ഭൂസ്വത്തുക്കളും സിദ്ധിച്ചു വെന്നും പറയപ്പെടുന്നു .കാരിശേരിയുടെ പിന്തുടര്‍ച്ചക്കാരയതിനാല്‍ പില്‍ക്കാലത്ത്  'കരിച്ചേരി ' കുടുംബക്കാരായി  അറിയപ്പെട്ടു  എന്ന് ഐതീഹ്യം .   കാരിശ്ശേരി മനയിലെ  ഇളംതലമുറക്കാര്‍ ഇന്നും തളിപ്പറമ്പി നടുത്ത പുറക്കൂട് എന്ന സ്ഥലത്ത് താമസിച്ചു വരുന്നുണ്ട് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കാരിശ്ശേരി നമ്പൂതിരിയുമായി വിവാഹ ബന്ധത്തില്‍  ഏര്‍പ്പെട്ടപ്പോള്‍ ഉണ്ടായ  വേങ്ങയില്‍ തറവാട്ടിലെ സന്താന പരമ്പരകള്‍ തന്നെയാണ് ഇന്ന് കരിച്ചേരി തറവാട്ടുകാര്‍ എന്നറിയപ്പെടുന്നത് . ഇതു പോലെ മറ്റു ചില തറവാട്ടുകാരുമായും പ്രസിദ്ധമായ വേങ്ങയില്‍ തറവാടിനു രക്ത ബന്ധം ഉള്ളതായി പറയപ്പെടുന്നു . കോടോത്ത് , കരിച്ചേരി ,പുതുക്കിടി ,പെരിയ ,പേറ , ഐങ്കൂറന്‍, കണ്ണമ്പള്ളി എന്നിവ അതില്‍പ്പെടുന്നവയാണ് . ഈ കാരണത്താല്‍ ഈ കുടുംബക്കാര്‍ തമ്മില്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാറില്ല . സാഹോദര്യ ബന്ധമാണ് അവര്‍ക്കുള്ളത് ...
കാലാന്തരത്തില്‍ വട്ടകയത്തെ ആരുഡ സ്ഥാനത്തു നിന്നും പാലായനം ചെയ്ത ഈ ജനസമൂഹം  പിന്നീട് കാസറഗോഡ് ജില്ലയിലെ പല സ്ഥലങ്ങളിളായി താവഴി തറവാടുകള്‍ സ്ഥാപിച്ചു വട്ടകയത്തു ചാമുണ്ടി അമ്മയെയും , വിഷ്ണുമൂര്‍ത്തിയെയും മറ്റു ഉപദേവന്മാരെയും ആരാദിച്ചു വരുന്നു .അത്തരം 14.താവഴികള്‍ ഇന്ന് നിലവില്‍ ഉണ്ട് .  സമൂഹത്തിന്‍റെ വിവിധ തലങ്ങളിലായി  അനേകം വീര ശൂരന്മാരും ,പ്രഗല്ഭന്മാരും ആയിട്ടുള്ള വ്യക്തിത്വങ്ങളെ മാതൃഭൂമിക്കു സംഭാവന ചെയ്ത ഒരു തറവാട് കൂടിയാണ് വടക്കേ മലബാറിലെ പ്രസിദ്ധമായ  ഈ  കരിച്ചേരി തറവാട്  .( വയല്‍ വീട് താവഴി.കൊളത്തൂര്‍ , കിഴക്കേ വീട് താവഴി .കൊളത്തൂര്‍ , പുതിയ കിഴക്കേ വീട് കൊളത്തൂര്‍, നടുവില്‍ വീട് .കൊളത്തൂര്‍ ,  കരിച്ചേരി മീത്തലെ വീട് , കോവ്വല്‍ വീട് താവഴി , പെരളം താവഴി ,വടക്കേക്കര താവഴി, തെക്കില്‍ താവഴി, പെരുംബള താവഴി, മുളിയാര്‍ കരിച്ചേരി താവഴി, ചെന്തളം കരിച്ചേരി താവഴി, കാടകം കരിച്ചേരി താവഴി, അടുക്കം കരിച്ചേരി താവഴി  ) എന്നിവ യാണ് ഈ താവഴികള്‍  . എന്നിരിക്കിലും ഇവരുടെയെല്ലാം മൂലാരൂഡ സ്ഥാനം ഇന്നും വട്ടകയത്തു ചാമുണ്ടിയുടെ തിരുസന്നിദ്ധിയില്‍ തന്നെയാണ് . കാലാന്തരത്തില്‍  ഈ സ്ഥലം അന്ന്യാധീന പ്പെട്ടു പോയിരുന്നെങ്കിലും സ്ഥലത്തിന്‍റെ  ഇപ്പോഴത്തെ  അവകാശിയായ  Adv. കോടോത്ത് സേതുമാധവന്‍ നായര്‍ നിരുപാധികം കരിച്ചേരി തറവാട്ടുകാര്‍ക്കു  ദേവസ്ഥാനം പണിയുവാനുള്ള സ്ഥലം വിട്ടുകൊടുക്കുകയും  അങ്ങിനെ തങ്ങളുടെ  ധര്‍മ്മ  ദൈവത്തെ പുനപ്രതിഷ്ട്ട ചെയ്തു അവരുടെ പഴയ തറവാടിന്റെ പുനരുദ്ധാരണ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു .  ഇപ്പോള്‍ വളരെ നല്ല നിലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തീര്‍ന്നിരിക്കുന്നു . തറവാട്ടിലെ മുതിര്‍ന്ന അങ്ങളുടെയും വളര്‍ന്നു വരുന്ന യുവ തലമുറയുടെയും അടങ്ങാത്ത ആവേശവും പരിശ്രമവും ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്നവരുടെ വിപുലമായ കൂട്ടായിമയും ഈ വിജയത്തിന്‍റെ പിറകില്‍ ഉണ്ടായിരുന്നു എന്ന വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും . 

ഇന്നു കുടുംബങ്ങളുടെയും ,കുടുംബ ബന്ധങ്ങളുടെയും മൂല്ല്യം കുറഞ്ഞു വരുന്ന കാലഘട്ടമാണല്ലോ , പ്രത്യേകിച്ചും നമ്മുടെ ഇളം തലമുറകള്‍ക്കിടയില്‍ . ഞാനും , എന്റെ ഭാര്യയും മക്കളും മാത്രമാണ്‌ ലോകം എന്ന നിലയിലേക്ക്‌ എത്തികഴിഞ്ഞിരിക്കുന്നു  . ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ അതിനപ്പുറം ഉള്ള കാര്യങ്ങള്‍ അവര്‍ക്ക് ചിന്തിക്കാന്‍ പോലും നേരമില്ല .. നമുക്ക് മഹത്തരമായ ഒരു പാരമ്പര്യം ഉണ്ടായിരുന്നു മഹത്തരമായ സംസ്കാരം ഉണ്ടായിരുന്നു . വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുടുംബക്കാരെല്ലാവരും ഒത്തു ചേരാന്‍ അവസരം നല്‍കുന്ന തെയ്യം തിറ തുടങ്ങിയ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു .തറവാട്' എന്ന കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്നു എന്നതൊന്നും അവര്‍ക്കറിയില്ല. ഈ വക കാര്യങ്ങള്‍  കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഇങ്ങിനെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളും കുടുംബ കൂട്ടായിമകളും  വളരെയധികം സ്വാധീനം ചെലുത്തട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ അരമണിക്കൂറെങ്കിലും നമ്മുടെ കുട്ടികള്‍ക്കായി കുടുംബ ബന്ധങ്ങളെ കുറിച്ചും, അതിനു ഇപ്പോള്‍ നേരിട്ടിരിക്കുന്ന മൂല്ല്യ ശോഷണത്തെ കുറിച്ചും,   നമ്മുടെ ആചാരാനുഷ്ട്ടാനങ്ങളെ  കുറിച്ചും , പിന്നേ നമുക്ക് ഒരു മഹത്തരമായ ഒരു പൈതൃക സംസ്കാരം ബാക്കി വെച്ചിട്ട് നമുക്ക് എത്രയോ മുന്‍പേ നടന്നു പോയ നമ്മുടെ പിതാമഹന്മാരെ കുറിച്ചും മറ്റും  മനസിലാക്കി കൊടുക്കാന്‍ ഒരല്‍പ്പം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു .  എന്നാല്‍ നമുക്ക് നമ്മുടെ പൂര്‍വികരെ എന്നും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന നമ്മുടെ സാംസ്കാരിക മുല്ല്യങ്ങളെ എന്നും കത്തു സൂക്ഷിക്കാന്‍ പ്രാപ്തമായ ഒരു യുവ തലമുറ വളര്‍ന്നുവരും . കൂടാതെ കാലത്തിന്‍റെ കുത്തൊഴുക്കില്‍ നശിച്ചു കൊണ്ടിരിക്കുന്ന എത്രയോ തറവാടുകള്‍  ഇനിയും ഉയര്‍ന്നു വരേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യം കൂടിയാണ് . ഒരു വടാ  വൃക്ഷത്തിന്റെ വേരുകള്‍ നല്ല ഉറപ്പുള്ളതും ഫല പുഷ്ട്ടിയുള്ളതുമായ സ്ഥലത്തു വ്യാപിച്ചാല്‍ മാത്രമേ അതില്‍ നല്ല കായികളും ,ഇലകളും ഉണ്ടാകുകയുള്ളൂ വേരുമായിട്ടുള്ള ബന്ധം എന്നും നിലനില്‍ക്കാനും ഇത് ആവശ്യമാണ്‌ .ഏതു പ്രതികൂല കാലാവസ്ഥയിലും പിടിച്ചു നില്‍ക്കാന്‍ അതിലെ ഓരോ ഇലകള്‍ക്കും ,കായകള്‍ക്കും  സാധിക്കും . ഇതുപോലെ തന്നെയാണ് നമ്മുടെ കുടുംബവും . അതിന്റെ വേരുകള്‍ തന്നെയാണ് തറവാട് എന്ന് പറയുന്നത് .അതിനെ നല്ല രീതിയില്‍ പരിപാലിച്ചു കൊണ്ടുവന്നാല്‍ കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ കഴിയുക തന്നെ ചെയ്യും .പരസ്പര സ്നേഹവും സാഹോദര്യവും, ആപല്‍ ഘട്ടങ്ങളില്‍ ഉള്ള കൂട്ടായിമയും എന്നും നിലനില്‍ക്കും. രക്ത ബന്ധങ്ങള്‍ക്കു വളരെയധികം വില കല്‍പ്പിച്ചിരുന്ന ഒരു നല്ല കാലമായിരുന്നു നമുക്കു നഷ്ട്ടപ്പെട്ടുപോയ അല്ലങ്കില്‍ നാം നഷ്ട്ടപ്പെടുത്തിയ ആ കാലഘട്ടം . കുടുംബ വൃക്ഷത്തിലെ ഒരു ഇല കരിഞ്ഞു വീഴുമ്പോള്‍ മറ്റിലകള്‍ക്കും   അതിന്‍റെ വേദന അറിയുമായിരുന്നു അന്നു  . അത്രമേല്‍ പരസ്പരം ബന്ധപ്പെട്ടതായിരുന്നു പഴയ കുടുംബ വ്യവസ്ഥ .

 ഇതുപോലുള്ള മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യുവാന്‍ മുന്‍പോട്ടു വരുന്ന വ്യക്തികളുടെ പരിശ്രമങ്ങളെ സമൂഹം എന്നും ബഹുമാനിക്കും ,സ്നേഹിക്കും .  ഒരു തറവാടിന്റെ മൊത്തത്തില്‍ ഉള്ള ഉന്നമനം എന്നു പറഞ്ഞാല്‍ അതിലെ ഒന്നോ രണ്ടോ വ്യക്തികള്‍ സാമ്പത്തീകമായും തൊഴില്‍ പരമായും മുന്‍പന്തിയില്‍ എത്തിയതു കൊണ്ടുമാത്രം ആയില്ല . എല്ലാവരും നല്ല നിലയില്‍ എത്തണം അതിനു നമ്മുടെ വേരുകള്‍ ഉറച്ചതും ശുചി യുള്ളതുമായ  സ്ഥലത്ത് തന്നെയുണ്ടാകണം . അതിന്‍റെ പേരായിരിക്കണം 'തറവാടു ' അവിടെ ആഘോഷങ്ങളും അനുഷ്ടാനങ്ങളും നടക്കണം . വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തറവാട്ടുകാര്‍ എല്ലാവരും ഒത്തുകൂടണം . സ്നേഹാദരങ്ങള്‍ പരസ്പരം പങ്കു വെക്കണം .അവിടെ ധര്‍മ്മ ദൈവങ്ങള്‍ ഉറഞ്ഞാടണം . ഇനിയും എത്രയോ കാലങ്ങള്‍ . എങ്കില്‍ നമ്മുടെ കുടുംബത്തിലും സമാധാനവും സന്തോഷവും കളിയാടും . ഒരു അരയാല്‍ വൃക്ഷത്തിലെ ഇലകളും കയികളും എപ്രകാരം അതിന്‍റെ വേരുകളും തടിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവോ അതു പോലെ ഒരു അയിക്യ ബോധം നമ്മില്‍ വളര്‍ന്നു വരും ... അതിനു വട്ടകയത്തു ചാമുണ്ടി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നുള്ള പ്രാര്‍ഥനയോടെ ശുഭം '....

 2016-January-18,19,20,21,22. തീയതികളില്‍ പ്രതിഷ്ട്ടാ ബ്രഹ്മ കലശവും , കളിയാട്ട മഹോത്സവവും നടത്താന്‍  തീരുമാനിച്ചി രിക്കുകയാണ് തറവാട്ടുകാര്‍ .

.

NB. വിവരങ്ങള്‍ക്കു    കടപ്പാട് '-  കരിച്ചേരി രാമകൃഷ്ണന്‍ നായര്‍ .കഞ്ഞങ്കാട്

Friday, October 9, 2015

Roof top water harvesting



മഴ വെള്ള സംഭരണത്തില്‍ നൂതന സാങ്കേതിക വിദ്യയുമായി Dr. Prof, ചെരിപ്പാടി ബാലകൃഷ്ണന്‍ നായര്‍.




വീടുകളുടേയും മറ്റു കെട്ടിടങ്ങളുടേയും മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം ഭൂമിക്കടിയിലോ, അല്ലെങ്കില്‍ ഉപരിതലത്തിനു മുകളിലോ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളില്‍ സംഭരിച്ച് പിന്നീട് ജലക്ഷാമം അനുഭവപ്പെടുന്ന സമയത്ത് ഉപയോഗിക്കാനുള്ള സംവിധാനത്തെയാണല്ലോ നാം  മഴവെള്ള സംഭരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം സംഭരിക്കുന്നതാണ് ഈ സംവിധാനത്തിലെ ഒരു രീതി. മേല്‍ക്കൂരിയില്‍ പതിക്കുന്ന ശുദ്ധമായ മഴവെള്ളത്തെ പ്ലാസ്റ്റിക്, ഓട് അഥവാ പുല്ലും ഇലയും ഒഴിച്ച് മറ്റെന്തെങ്കിലും കൊണ്ട് തടഞ്ഞു നിര്‍ത്തി പി.വി.സി.പൈപ്പുകളിലൂടെ സംഭരണ ടാങ്കിലേക്കെത്തിച്ച് വീടുകള്‍ക്കാവശ്യമായ ശുദ്ധജലം സംഭരിച്ചു വെക്കാവുന്നതാണ്.മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന മഴവെള്ളത്തെ താഴെ വച്ചിരിക്കുന്ന തൊട്ടിയിലേക്കോ അല്ലെങ്കില്‍ പരമാവധി 500 ഘന മീറ്റര്‍ വ്യാപ്തമുള്ള ഭൂഗര്‍ഭ സംഭരണിയിലേക്കോ തിരിച്ചുവിടാവുന്നതാണ്. പല നൂറ്റാണ്ടുകളായി വിവിധ തരം മഴവെള്ള സംഭരണ സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു.കുടിവെള്ളത്തിന്റെ ആവശ്യത്തിനായി ഭൂഗര്‍ഭജലമോ,  ഉപരിതല ജലമോ ലഭ്യമല്ലായിരിക്കാം .      ഭൂഗര്‍ഭജലനിരപ്പ് വളരെ ആഴത്തിലായിരുന്നാലും,ഭൂഗര്‍ഭജലം പല ലവണങ്ങളും കലര്‍ന്ന് കുടിക്കാന്‍ കൊള്ളാത്ത ഉപ്പു വെള്ളമായിരുന്നാലും ഇതായിരിക്കും സ്ഥിതി. ഉപരിതല ജലവും  മലീമസമായിരിക്കുമ്പോള്‍ പിന്നെ കുറഞ്ഞ ചെലവില്‍ കൈക്കൊള്ളാവുന്ന ഉചിതമായ രീതി മഴവെള്ള സംഭരണം തന്നെ ആയിരിക്കും. ഏറ്റവും ശുദ്ധമായ കുടിവെള്ളമാണ് മഴവെള്ളം. അതു നേരിട്ട് മേല്‍ക്കൂരയില്‍ വന്നു പതിക്കുകയും ചെയ്യുന്നു. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന, ശരിയായ രീതിയില്‍ മൂടി സംരക്ഷിച്ചിരിക്കുന്ന സംഭരണ ടാങ്കുകളിലെ വെള്ളം നല്ല ഗുണമേന്മയുള്ളതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീടുകളിലും, സ്‌കൂളുകള്‍, ആശുപത്രികള്‍ പോലുള്ള പൊതുവായ കെട്ടിടങ്ങളിലും മഴവെള്ള സംഭരണം അവലംബിക്കുക വഴി സ്വന്തം ആവശ്യങ്ങള്‍ക്കുള്ള കുടിവെള്ളം കണ്ടെത്താനാകും, കൂടാതെ വരുമാന മാര്‍ഗ്ഗങ്ങള്‍ക്കും സാധ്യതകള്‍ ഉണ്ടല്ലോ.പ്രൊഫ,C.ബാലകൃഷ്ണന്‍ നായര്‍ സ്വന്തം വീട്ടില്‍ നിര്‍മ്മിച്ച ചെലവ് കുറഞ്ഞ സംവിധാനത്തിന്‍റെ ഗുണമേന്മകള്‍ വിലയിരുത്താനും മനസിലാക്കാനുമായി അനേകം വിദഗ്ദ്ധര്‍ കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വസതി സന്ദര്‍ശ്ശിച്ചു വരുന്നുണ്ട് . സാധാരണ മഴവെള്ള സംഭരണ സംവിധാനങ്ങള്‍ മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം സംഭരിച്ചു ഭൂതലത്തില്‍  നിര്‍മ്മിച്ചിരിക്കുന്ന ഫെറോ സിമന്‍റ് സംഭരണികളില്‍ ശേഖരിക്കുന്ന രീതിയാണ് അവലംബിച്ച് പോന്നിരുന്നത് .എന്നാല്‍ പ്രൊഫ, ബാലകൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ ബഹുനില കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയുടെ മുകളില്‍ റൂഫില്‍ നിന്നും വെള്ളം ശേഖരിച്ചു ഫില്‍ട്ടര്‍ ചെയ്ത ശേഷം രണ്ടാമത്തെ നിലയുടെ റൂഫില്‍ വെച്ചിട്ടുള്ള ഏകദേശം 12 ല്‍ പ്പരം PVC.ടാങ്കുകളില്‍ (14000.Litter) സംഭരണ ശേഷി. ശേഖരിക്കുകയും അത് ഗ്രാവിറ്റി ഫ്ലോയില്‍ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. കേരളത്തിലെ പല ബഹുനില കെട്ടിടങ്ങളിലും ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ് എന്ന് തോന്നുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഇപ്പോള്‍ത്തന്നെ ഈ രീതി നടപ്പാക്കി കഴിഞ്ഞു എന്നാണു അറിയാന്‍ കഴിഞ്ഞത് .രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ കളക്ടരുടെ ഫണ്ടില്‍ നിന്നും 1.8.ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിതി കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് നൂതന മാതൃക യിലുള്ള സംഭരണി സ്ഥാപിച്ചത് . ടെറസ്സിലെ ഫൈബര്‍ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ഒഴുക്കി താഴെ ഘടിപ്പിച്ച PVC പാത്തിയിലേക്ക് വീഴ്ത്തി ഓട്ടു കഷ്ണം ,ചിരട്ടക്കരി, ബേബി മെറ്റല്‍ , ചരല്‍, മണല്‍ എന്നിവ ഉപയോഗിച്ചുള്ള അരിപ്പയിലൂടെ കടത്തി വിട്ടു അലുമിനിയം ബേസിലൂടെ തൊട്ടു താഴെയുള്ള 1000.LITTER ഫൈബര്‍ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നു .പിന്നീട് പി വി സി പൈപ്പ് വഴി മറ്റു ടാങ്കുകളിലേക്കും തുടര്‍ന്ന് ഉപയോഗ സ്ഥലത്തേക്കും ജലം എത്തിക്കുന്നു.  വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പൊതുവേ ശുദ്ധമായിരിക്കും എന്നതിനാല്‍ തന്നെ അത് ഉപയോഗിക്കുന്നതിനു മുമ്പായി പ്രത്യേകിച്ച് ശുദ്ധീകരണം ചെയ്യേണ്ടതില്ല വളരെ ലളിതമായ രീതിയില്‍ വീടുകളില്‍ ചെയ്യാവുന്ന രീതിയിലാണ് സിവില്‍ സ്റ്റേഷനില്‍ ചെയ്യിതിരിക്കുന്നത്. 
 ഫൈബര്‍ മേല്‍ക്കൂരയുള്ള വീടുകളില്‍ അതുപയോഗിച്ചും അല്ലാത്തിടങ്ങളില്‍ മേല്‍ക്കൂര നിര്‍മ്മിച്ചുമാണ് ഇത് സാദ്ധ്യമാക്കുന്നത്. പമ്പ് ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ വൈദ്ധുതിയും ലാഭിക്കാം . കോഴിക്കോട് മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന സി .ബാലകൃഷ്ണന്‍ നായര്‍ ആണ് ഈ സംവിധാനം ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ശാരീരിക അവശതകള്‍ ഏറെയുണ്ടെങ്കിലും അതെല്ലാം മറന്നു കൊണ്ട്  ഊര്‍ജസ്വലതയും .ശുഭാപ്തി വിശ്വാസവും മാത്രം കൈമുതലാക്കിക്കൊണ്ട് നാളെ വരാന്‍ പോകുന്ന അല്ലങ്കില്‍ നാം വരും കാലങ്ങളില്‍ അനുഭവിച്ചറിയാന്‍ പോകുന്ന ജല ദൌര്‍ലഭ്യത്തിന്റെ കെടുതികളെ നേരിടാന്‍ നമ്മേ  ഇപ്പോള്‍ തന്നെ പ്രാപ്തരാക്കാന്‍ വേണ്ടിയാണല്ലോ അദ്ദേഹം അക്ഷീണം പരിശ്രമിക്കുന്നത്. നമ്മുടെ ദൈനം ദിന ജീവിത രീതികളും സാങ്കേതിക വിദ്ധ്യകളും നിമിഷം പ്രതി മാറിക്കൊണ്ടിരിക്കുകയാണല്ലോ .അങ്ങിനെയുള്ള ഈ കാലഘട്ടത്തില്‍ മഴവെള്ള സംഭരണത്തിന്റെ പഴഞ്ചന്‍ സമ്പ്രദായത്തില്‍ നിന്നും ഒരു നൂതന സാങ്കേതിക വിദ്ധ്യയിലേക്ക് നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്ന Dr.Prof. C. ബാലകൃഷ്ണന്‍ നായരെ കുറിച്ച് നമുക്ക് അഭിമാനിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ നൂതന സാങ്കേതിക വിദ്യകള്‍ നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കാമല്ലോ . അങ്ങിനെ എങ്കില്‍ വെള്ളമന്വേഷിച്ച് അലഞ്ഞു തിരിയേണ്ട ഗതികേട് ഇതിനാല്‍ നമുക്ക് ഒഴിവായി കിട്ടുകയും ചെയ്യില്ലേ, സ്ത്രീകളും, കുട്ടികളും, വളരെ  ദൂരെ നിന്നും വെള്ളം നിറച്ച കുടങ്ങളും തലയിലേന്തി നടന്നു വരുന്ന ആ കാഴ്ച നമുക്ക് ഇനിമുതല്‍ കാണേണ്ടി വരില്ല .ശുദ്ധജലവുമേന്തി ഒരു കിലോ മീറ്റര്‍ ദൂരം നടക്കേണ്ടതിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കും ഈ മഴവെള്ള സംഭരണ രീതി എന്നതിന് ഒരു സംശയവുമില്ല . 
എന്റെ നാട്ടുകാരനും കുടുംബ പരമായി ബന്ധുവും കൂടിയാണ് അദ്ദേഹം.  പരേതരായ കോടോത്ത് മാധവന്‍ നായരുടെയും ചെരിപടി കാര്‍ത്ത്യായിനി അമ്മയുടെയും മകനാണു Dr. ബാലകൃഷ്ണന്‍ നായര്‍ . കാഞ്ഞംകാടായിരുന്നു സ്വദേശ മെങ്കിലും ജോലി സംബന്ധമായ കാരണങ്ങളാല്‍ സ്ഥിര താമസം കോഴിക്കോടേക്കു  മാറ്റുകയായിരുന്നു . അനേകം സാങ്കേതിക വിദഗ്ദ്ധരില്‍ നിന്നും വിശിഷ്ട്ട വ്യക്ത്തികളില്‍ നിന്നും അഭിനന്ദങ്ങളും പ്രോത്സാഹനങ്ങളും അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുകയാണ്.  പല പത്ര മാധ്യമങ്ങളും ചാനലുകളും അദ്ദേഹത്തിനു അകമഴിഞ്ഞ സപ്പോര്‍ട്ടുകളുമായി രംഗത്തു വന്നിരിക്കുന്നു എന്നത് തന്നെ അദ്ദേഹം ആവിഷ്ക്കരിച്ച പദ്ധതിയുടെ ഗുണങ്ങള്‍ വിളിച്ചറിയുക്കുന്നതാണ് . Contact Dr. Balakrishnan Nair - Mob- 9400586040