Saturday, December 26, 2015

Karicheri Tharavad


ഉണിച്ചൂര്‍ കോവിലകം വട്ടകയം കരിച്ചേരി തറവാട് 

ചരിത്രം അത് ഒരു നാടിനറെതായാലും ഒരു തറവാടിന്റെതായാലും  നാം മനസിലാക്കുന്നത്‌ പ്രധാനമായും മൂന്നു രീതികളിലാണല്ലോ  വാമൊഴിയായും വരമൊഴിയായും പുരാവസ്തു ഗവേഷണങ്ങള്‍ വഴിയായും മറ്റും ,അങ്ങിനെ കിട്ടിയ  അറിവുകള്‍ വെച്ച് തങ്ങള്‍ക്കു നഷട്ടപ്പെട്ടു പോയി എന്നു കരുതിയ ഒരു തറവാടിന്റെ വേരുകള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയിരിക്കുകയാണ് ഇവിടെ . കഴിഞ്ഞു പോയ കാലത്തേക്ക് തിരിച്ചുപോയി അന്നത്തെ അവസ്ഥകള്‍ എന്തൊക്കെയായിരുന്നുവെന്ന് മനസിലാക്കാന്‍ നമുക്ക് പറ്റില്ലല്ലോ . അതിനാല്‍ പോയിപ്പോയ കാലങ്ങള്‍ ബാക്കിവേച്ചിട്ടുള്ള അവശിഷ്ട്ടങ്ങള്‍ കണ്ടുപിടിച്ചു അവ വിശകലനം ചെയ്തു കുറേ ക്കൂടി സമീപസ്ഥമായ ഭൂതകാലം ചിലപ്പോള്‍ മനസിലാക്കാന്‍ സാധിച്ചേക്കാം . പഴയകാലത്തെ താളിയോലഗ്രന്ഥങ്ങൾ, ശിലാലിഖിതങ്ങൾ, പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ മുതലായവയാണ് അവയിൽ ചിലത് . അങ്ങിനെ പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതും  മറ്റുള്ളവരില്‍ നിന്നും ചോദിച്ചു മനസിലാക്കിയതുമായ  ചില  വിവരങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു .വരും തലമുറകളുടെ അറിവിലേക്കായി .തറവാടും ,തറവാടിത്വവും, കുടുംബവും,കുടുംബ മഹിമയും ഒക്കെ നാം തിരഞ്ഞെടുക്കുന്നതല്ലല്ലോ  അത് ഈശ്വരന്‍ നമുക്കു  നല്‍കുന്ന വരദാനം തന്നെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കുടുംബ ബന്ധങ്ങള്‍ക്ക് ഏറേ പ്രാധാന്യം കല്‍പ്പിക്കപ്പെടെണ്ടതുണ്ട്  .

പുരാതന കാലം മുതല്‍ ഉത്തര മലയാള ദേശത്തിലെ പ്രസിദ്ധവും പ്രബലവുമായ ഒരു നായര്‍ തറവാടാണ് കരിച്ചേരി തറവാട് .  വെങ്ങയില്‍ തറവാട്ടിലെ ഒരു വിഭാഗം നായന്മാര്‍ വട്ടകയത്തു ആസ്ഥാനമാക്കി വട്ടകയത്തു ചാമുണ്ടി അമ്മയെ ധര്‍മ്മ ദൈവമായി സങ്കല്‍പ്പിച്ചു ഉപാസിച്ചു വന്നു . പയസ്വിനി പുഴയുടെ (പാണത്തൂര്‍ പുഴ ) വടക്കേ കരയിലും ,ചന്ദ്രഗിരി (പെര്യത്ത്   ) പുഴയുടെ തെക്കേ കരയിലും പെട്ട 'കാക്ക തുരുത്തി ' എന്ന ഭൂപ്രദേശം പിടിച്ച്  കണ്ണാടി തോടു   വരെയുള്ള വിശാലമായ ഭൂപ്രദേശം  അടക്കി വാണ തായും പറയപ്പെടുന്നു . മേലെ വട്ടകയത്തു നിലനിന്നിരുന്ന പ്രസിദ്ധമായ ഉണിച്ചൂര്‍ കോവിലകത്തിന്‍റെ ഭരണാധികാരം ഇവര്‍ക്കായിരുന്നു . ശാന്ത സ്വരൂപിണിയും രാജരാജേശ്വരിയുമായ ഉണിച്ചൂര്‍ ഭഗവതിയെയും കാര്‍ഷിക ദേവതയായി കുറത്തി അമ്മയെയും ആരാധിച്ചു വന്നിരുന്നു .
അക്കാലത്ത് കൊളത്തൂരിനടുത്ത കാരിശ്ശേരി എന്ന ഒരു സമ്പന്ന നമ്പൂതിരി കുടുംബാങ്കവുമായി ഉണ്ടായ വിവാഹ ബന്ധ പ്രകാരം അദ്ദേഹത്തില്‍ നിന്നും പൈത്രകമായി വിളക്കുമാടം ശ്രി മഹാവിഷ്ണു ക്ഷേത്രവും വിശാലമായ ഭൂസ്വത്തുക്കളും സിദ്ധിച്ചു വെന്നും പറയപ്പെടുന്നു .കാരിശേരിയുടെ പിന്തുടര്‍ച്ചക്കാരയതിനാല്‍ പില്‍ക്കാലത്ത്  'കരിച്ചേരി ' കുടുംബക്കാരായി  അറിയപ്പെട്ടു  എന്ന് ഐതീഹ്യം .   കാരിശ്ശേരി മനയിലെ  ഇളംതലമുറക്കാര്‍ ഇന്നും തളിപ്പറമ്പി നടുത്ത പുറക്കൂട് എന്ന സ്ഥലത്ത് താമസിച്ചു വരുന്നുണ്ട് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കാരിശ്ശേരി നമ്പൂതിരിയുമായി വിവാഹ ബന്ധത്തില്‍  ഏര്‍പ്പെട്ടപ്പോള്‍ ഉണ്ടായ  വേങ്ങയില്‍ തറവാട്ടിലെ സന്താന പരമ്പരകള്‍ തന്നെയാണ് ഇന്ന് കരിച്ചേരി തറവാട്ടുകാര്‍ എന്നറിയപ്പെടുന്നത് . ഇതു പോലെ മറ്റു ചില തറവാട്ടുകാരുമായും പ്രസിദ്ധമായ വേങ്ങയില്‍ തറവാടിനു രക്ത ബന്ധം ഉള്ളതായി പറയപ്പെടുന്നു . കോടോത്ത് , കരിച്ചേരി ,പുതുക്കിടി ,പെരിയ ,പേറ , ഐങ്കൂറന്‍, കണ്ണമ്പള്ളി എന്നിവ അതില്‍പ്പെടുന്നവയാണ് . ഈ കാരണത്താല്‍ ഈ കുടുംബക്കാര്‍ തമ്മില്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാറില്ല . സാഹോദര്യ ബന്ധമാണ് അവര്‍ക്കുള്ളത് ...
കാലാന്തരത്തില്‍ വട്ടകയത്തെ ആരുഡ സ്ഥാനത്തു നിന്നും പാലായനം ചെയ്ത ഈ ജനസമൂഹം  പിന്നീട് കാസറഗോഡ് ജില്ലയിലെ പല സ്ഥലങ്ങളിളായി താവഴി തറവാടുകള്‍ സ്ഥാപിച്ചു വട്ടകയത്തു ചാമുണ്ടി അമ്മയെയും , വിഷ്ണുമൂര്‍ത്തിയെയും മറ്റു ഉപദേവന്മാരെയും ആരാദിച്ചു വരുന്നു .അത്തരം 14.താവഴികള്‍ ഇന്ന് നിലവില്‍ ഉണ്ട് .  സമൂഹത്തിന്‍റെ വിവിധ തലങ്ങളിലായി  അനേകം വീര ശൂരന്മാരും ,പ്രഗല്ഭന്മാരും ആയിട്ടുള്ള വ്യക്തിത്വങ്ങളെ മാതൃഭൂമിക്കു സംഭാവന ചെയ്ത ഒരു തറവാട് കൂടിയാണ് വടക്കേ മലബാറിലെ പ്രസിദ്ധമായ  ഈ  കരിച്ചേരി തറവാട്  .( വയല്‍ വീട് താവഴി.കൊളത്തൂര്‍ , കിഴക്കേ വീട് താവഴി .കൊളത്തൂര്‍ , പുതിയ കിഴക്കേ വീട് കൊളത്തൂര്‍, നടുവില്‍ വീട് .കൊളത്തൂര്‍ ,  കരിച്ചേരി മീത്തലെ വീട് , കോവ്വല്‍ വീട് താവഴി , പെരളം താവഴി ,വടക്കേക്കര താവഴി, തെക്കില്‍ താവഴി, പെരുംബള താവഴി, മുളിയാര്‍ കരിച്ചേരി താവഴി, ചെന്തളം കരിച്ചേരി താവഴി, കാടകം കരിച്ചേരി താവഴി, അടുക്കം കരിച്ചേരി താവഴി  ) എന്നിവ യാണ് ഈ താവഴികള്‍  . എന്നിരിക്കിലും ഇവരുടെയെല്ലാം മൂലാരൂഡ സ്ഥാനം ഇന്നും വട്ടകയത്തു ചാമുണ്ടിയുടെ തിരുസന്നിദ്ധിയില്‍ തന്നെയാണ് . കാലാന്തരത്തില്‍  ഈ സ്ഥലം അന്ന്യാധീന പ്പെട്ടു പോയിരുന്നെങ്കിലും സ്ഥലത്തിന്‍റെ  ഇപ്പോഴത്തെ  അവകാശിയായ  Adv. കോടോത്ത് സേതുമാധവന്‍ നായര്‍ നിരുപാധികം കരിച്ചേരി തറവാട്ടുകാര്‍ക്കു  ദേവസ്ഥാനം പണിയുവാനുള്ള സ്ഥലം വിട്ടുകൊടുക്കുകയും  അങ്ങിനെ തങ്ങളുടെ  ധര്‍മ്മ  ദൈവത്തെ പുനപ്രതിഷ്ട്ട ചെയ്തു അവരുടെ പഴയ തറവാടിന്റെ പുനരുദ്ധാരണ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു .  ഇപ്പോള്‍ വളരെ നല്ല നിലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തീര്‍ന്നിരിക്കുന്നു . തറവാട്ടിലെ മുതിര്‍ന്ന അങ്ങളുടെയും വളര്‍ന്നു വരുന്ന യുവ തലമുറയുടെയും അടങ്ങാത്ത ആവേശവും പരിശ്രമവും ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്നവരുടെ വിപുലമായ കൂട്ടായിമയും ഈ വിജയത്തിന്‍റെ പിറകില്‍ ഉണ്ടായിരുന്നു എന്ന വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും . 

ഇന്നു കുടുംബങ്ങളുടെയും ,കുടുംബ ബന്ധങ്ങളുടെയും മൂല്ല്യം കുറഞ്ഞു വരുന്ന കാലഘട്ടമാണല്ലോ , പ്രത്യേകിച്ചും നമ്മുടെ ഇളം തലമുറകള്‍ക്കിടയില്‍ . ഞാനും , എന്റെ ഭാര്യയും മക്കളും മാത്രമാണ്‌ ലോകം എന്ന നിലയിലേക്ക്‌ എത്തികഴിഞ്ഞിരിക്കുന്നു  . ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ അതിനപ്പുറം ഉള്ള കാര്യങ്ങള്‍ അവര്‍ക്ക് ചിന്തിക്കാന്‍ പോലും നേരമില്ല .. നമുക്ക് മഹത്തരമായ ഒരു പാരമ്പര്യം ഉണ്ടായിരുന്നു മഹത്തരമായ സംസ്കാരം ഉണ്ടായിരുന്നു . വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുടുംബക്കാരെല്ലാവരും ഒത്തു ചേരാന്‍ അവസരം നല്‍കുന്ന തെയ്യം തിറ തുടങ്ങിയ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു .തറവാട്' എന്ന കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്നു എന്നതൊന്നും അവര്‍ക്കറിയില്ല. ഈ വക കാര്യങ്ങള്‍  കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഇങ്ങിനെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളും കുടുംബ കൂട്ടായിമകളും  വളരെയധികം സ്വാധീനം ചെലുത്തട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ അരമണിക്കൂറെങ്കിലും നമ്മുടെ കുട്ടികള്‍ക്കായി കുടുംബ ബന്ധങ്ങളെ കുറിച്ചും, അതിനു ഇപ്പോള്‍ നേരിട്ടിരിക്കുന്ന മൂല്ല്യ ശോഷണത്തെ കുറിച്ചും,   നമ്മുടെ ആചാരാനുഷ്ട്ടാനങ്ങളെ  കുറിച്ചും , പിന്നേ നമുക്ക് ഒരു മഹത്തരമായ ഒരു പൈതൃക സംസ്കാരം ബാക്കി വെച്ചിട്ട് നമുക്ക് എത്രയോ മുന്‍പേ നടന്നു പോയ നമ്മുടെ പിതാമഹന്മാരെ കുറിച്ചും മറ്റും  മനസിലാക്കി കൊടുക്കാന്‍ ഒരല്‍പ്പം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു .  എന്നാല്‍ നമുക്ക് നമ്മുടെ പൂര്‍വികരെ എന്നും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന നമ്മുടെ സാംസ്കാരിക മുല്ല്യങ്ങളെ എന്നും കത്തു സൂക്ഷിക്കാന്‍ പ്രാപ്തമായ ഒരു യുവ തലമുറ വളര്‍ന്നുവരും . കൂടാതെ കാലത്തിന്‍റെ കുത്തൊഴുക്കില്‍ നശിച്ചു കൊണ്ടിരിക്കുന്ന എത്രയോ തറവാടുകള്‍  ഇനിയും ഉയര്‍ന്നു വരേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യം കൂടിയാണ് . ഒരു വടാ  വൃക്ഷത്തിന്റെ വേരുകള്‍ നല്ല ഉറപ്പുള്ളതും ഫല പുഷ്ട്ടിയുള്ളതുമായ സ്ഥലത്തു വ്യാപിച്ചാല്‍ മാത്രമേ അതില്‍ നല്ല കായികളും ,ഇലകളും ഉണ്ടാകുകയുള്ളൂ വേരുമായിട്ടുള്ള ബന്ധം എന്നും നിലനില്‍ക്കാനും ഇത് ആവശ്യമാണ്‌ .ഏതു പ്രതികൂല കാലാവസ്ഥയിലും പിടിച്ചു നില്‍ക്കാന്‍ അതിലെ ഓരോ ഇലകള്‍ക്കും ,കായകള്‍ക്കും  സാധിക്കും . ഇതുപോലെ തന്നെയാണ് നമ്മുടെ കുടുംബവും . അതിന്റെ വേരുകള്‍ തന്നെയാണ് തറവാട് എന്ന് പറയുന്നത് .അതിനെ നല്ല രീതിയില്‍ പരിപാലിച്ചു കൊണ്ടുവന്നാല്‍ കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ കഴിയുക തന്നെ ചെയ്യും .പരസ്പര സ്നേഹവും സാഹോദര്യവും, ആപല്‍ ഘട്ടങ്ങളില്‍ ഉള്ള കൂട്ടായിമയും എന്നും നിലനില്‍ക്കും. രക്ത ബന്ധങ്ങള്‍ക്കു വളരെയധികം വില കല്‍പ്പിച്ചിരുന്ന ഒരു നല്ല കാലമായിരുന്നു നമുക്കു നഷ്ട്ടപ്പെട്ടുപോയ അല്ലങ്കില്‍ നാം നഷ്ട്ടപ്പെടുത്തിയ ആ കാലഘട്ടം . കുടുംബ വൃക്ഷത്തിലെ ഒരു ഇല കരിഞ്ഞു വീഴുമ്പോള്‍ മറ്റിലകള്‍ക്കും   അതിന്‍റെ വേദന അറിയുമായിരുന്നു അന്നു  . അത്രമേല്‍ പരസ്പരം ബന്ധപ്പെട്ടതായിരുന്നു പഴയ കുടുംബ വ്യവസ്ഥ .

 ഇതുപോലുള്ള മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യുവാന്‍ മുന്‍പോട്ടു വരുന്ന വ്യക്തികളുടെ പരിശ്രമങ്ങളെ സമൂഹം എന്നും ബഹുമാനിക്കും ,സ്നേഹിക്കും .  ഒരു തറവാടിന്റെ മൊത്തത്തില്‍ ഉള്ള ഉന്നമനം എന്നു പറഞ്ഞാല്‍ അതിലെ ഒന്നോ രണ്ടോ വ്യക്തികള്‍ സാമ്പത്തീകമായും തൊഴില്‍ പരമായും മുന്‍പന്തിയില്‍ എത്തിയതു കൊണ്ടുമാത്രം ആയില്ല . എല്ലാവരും നല്ല നിലയില്‍ എത്തണം അതിനു നമ്മുടെ വേരുകള്‍ ഉറച്ചതും ശുചി യുള്ളതുമായ  സ്ഥലത്ത് തന്നെയുണ്ടാകണം . അതിന്‍റെ പേരായിരിക്കണം 'തറവാടു ' അവിടെ ആഘോഷങ്ങളും അനുഷ്ടാനങ്ങളും നടക്കണം . വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തറവാട്ടുകാര്‍ എല്ലാവരും ഒത്തുകൂടണം . സ്നേഹാദരങ്ങള്‍ പരസ്പരം പങ്കു വെക്കണം .അവിടെ ധര്‍മ്മ ദൈവങ്ങള്‍ ഉറഞ്ഞാടണം . ഇനിയും എത്രയോ കാലങ്ങള്‍ . എങ്കില്‍ നമ്മുടെ കുടുംബത്തിലും സമാധാനവും സന്തോഷവും കളിയാടും . ഒരു അരയാല്‍ വൃക്ഷത്തിലെ ഇലകളും കയികളും എപ്രകാരം അതിന്‍റെ വേരുകളും തടിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവോ അതു പോലെ ഒരു അയിക്യ ബോധം നമ്മില്‍ വളര്‍ന്നു വരും ... അതിനു വട്ടകയത്തു ചാമുണ്ടി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നുള്ള പ്രാര്‍ഥനയോടെ ശുഭം '....

 2016-January-18,19,20,21,22. തീയതികളില്‍ പ്രതിഷ്ട്ടാ ബ്രഹ്മ കലശവും , കളിയാട്ട മഹോത്സവവും നടത്താന്‍  തീരുമാനിച്ചി രിക്കുകയാണ് തറവാട്ടുകാര്‍ .

.

NB. വിവരങ്ങള്‍ക്കു    കടപ്പാട് '-  കരിച്ചേരി രാമകൃഷ്ണന്‍ നായര്‍ .കഞ്ഞങ്കാട്

No comments:

Post a Comment