Sunday, March 8, 2020

കോടോത്ത് തറവാട് ഒരു ലഘു വിവരണം

                   കോടോത്ത് തറവാട് ഒരു ലഘു വിവരണം .

(പൂര്‍ണമായും എല്ലാം ശരിയാകണമെന്നില്ല .പല സ്ഥലങ്ങളില്‍ നിന്നുംചരിത്ര പുസ്തകങ്ങളില്‍ നിന്നും പഴയ ആള്‍ക്കാരില്‍ നിന്നും  പറഞ്ഞു കേട്ടതും ആയ വിവരങ്ങള്‍ ചേര്‍ത്തു വെച്ചുമാണ്‌ ഞാന്‍ ഇത് തയ്യാറാക്കിയത്  , തെറ്റുകള്‍ ഉണ്ടാകില്ലന്നു ഉറപ്പില്ല . വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക . തിരുത്താന്‍ സഹായിക്കുക ...)

ഒരു നാടിന്‍റെ പേരും ഒരു തറവാടിന്‍റെ പേരും ഒന്നാകുക , ആ ഗ്രാമത്തിലെ മുഴുവന്‍ ഭൂമിയും തറവാട്ടു കാരണവരുടെ പേരില്‍ ഒറ്റ പട്ട നമ്പരില്‍ ആകുകനാടും,നാട്ടുകാരും,തറവാടും അത്രമേല്‍ ബന്ധപ്പെട്ടു കിടക്കുക , വളരെ വിരളമായി  മാത്രം കണ്ടുവരുന്ന ഈ അവസ്ഥ വടക്കേ മലബാറിലെ പ്രസിദ്ധമായ നായര്‍ തറവാടുകളില്‍ ഒന്നായ കോടോത്ത് തറവാടില്‍ മാത്രം ഒരു കാലത്ത് നിലനിന്നിരുന്നു . .അതായതു നാടിന്‍റെ ചരിത്രവും ഈ തറവാടും അത്രമേല്‍ ബന്ധപ്പെട്ടു നിന്നിരുന്നു എന്നത് തന്നെ കാരണം . . കോടോത്ത് വീട്ടുകാര്‍ .പൊന്നാനി താലൂക്കിലെ വന്നേരി  എന്ന സ്ഥലത്തുനിന്ന്   നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ എത്തിച്ചേര്‍ന്നുവെന്നാണ് ഐതിഹ്യം.  ( ഇന്നത്തെ മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ ആയിരുന്നു  മേല്പറഞ്ഞ വന്നേരി . പെരുമ്പടപ്പ്‌ സ്വരൂപം എന്നാണ്  അറിയപ്പെട്ടിരുന്നത് . കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം .  വന്നേരിയിലെ കൊടോത്തൂരില്‍ നിന്ന്  വന്നവരാണ് നമ്മുടെ പൂര്‍വികര്‍ എന്നാണു  വിശ്വാസം .   17 ആം നൂറ്റാണ്ടില്‍ കോലത്തിരി രാജവംശം ഇക്കേരി രാജവംശത്തെ യുദ്ധത്തില്‍ തോല്‍പ്പിച്ച കാലഘട്ടത്തില്‍  ചന്ദ്രഗിരി പുഴ വരേയുള്ള തന്‍റെ സ്വാധീനം നിലനിര്‍ത്താനും നായക്കന്മാരുടെ തെക്കോട്ടുള്ള വരവിനെ ചെറുത്തു നില്‍ക്കാനും കോലത്തിരി രാജാവ് സാമുതിരിയുടെ സഹായം തേടിയിരുന്നു . സാമുതിരിയുടെ അനുമതിയോടെ ശക്തമായ ഒരു സൈന്യത്തെ അദ്ദേഹം സംഘടിപ്പിച്ചു . സാമുതിരിയുടെ പട നായകനായ ചന്ദ്രശേഖര കുറുപ്പും മറ്റനേകം നായര്‍ പടയാളികളും കൂടി നയക്കന്മാരെ യുദ്ധത്തില്‍ തോല്‍പ്പിച്ചു . ഈ യുദ്ധത്തില്‍ അനേകം നായര്‍ പടയാളികള്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. യുദ്ധത്തില്‍ പരാജയപ്പെടുത്തി നഷ്ട്ടപ്പെട്ടുപോയ ‘അലവത്തു നാടു, (ഉപ്പള മുതല്‍ ചന്ദ്രഗിരി പുഴ വരെ –‘കവയനാട്-(ചന്ദ്രഗിരി മുതല്‍ ചിത്താരി പുഴ വരെ.പടവനാട്-(ചിത്താരി മുതല്‍ കാരിയംകോട് പുഴ വരെ) . പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചു   500. നായന്മാര്‍ പടയാളികള്‍  ഇവര്‍ കീഴൂര്‍ കേന്ദ്രികരിച്ചായിരുന്നു ഇക്കേരി നയക്കന്‍മാരോട് യുദ്ധം ചെയ്തത്. ഇവരില്‍ പ്രധാനിയാരുന്നു  ചന്ദ്രശേഖര കുറുപ്പ് . ചന്ദ്രശേഖര ഗുരിക്കല്‍ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു . ഇപ്രകാരം പൊന്നാനി താലൂക്കിലെ വന്നേരി  എന്ന സ്ഥലത്തുനിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ എത്തിച്ചേര്‍ന്ന ചന്ദ്രശേഖര കുറുപ്പിന്‍റെ വംശ   പാരമ്പര്യത്തില്‍  പെട്ടവര്‍ ആണത്രേ   കോടോത്ത് തറവാട്ടുകാര്‍.യുദ്ധത്തിനു ശേഷം ചന്ദ്രശേഖര കുറുപ്പ് ചെര്‍ക്കുളത്തു താമസമാക്കുകയും പിന്നീട് കൊളത്തൂര്‍ ഗ്രാമത്തില്‍ ബെരിക്കുളം എന്ന സ്ഥലത്തു സ്വന്തം സ്വാധീനത ഉപയോഗിച്ച് ഭൂമി സ്വന്തമാക്കുകയും അവടെ താമസമാക്കുകയും ചെയ്തു . അവിടെ 42. അടി നീളമുള്ള കളരിയും വീടും നിര്‍മ്മിച്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആസ്ഥാനം കൊടോം ഗ്രാമത്തിലേക്ക് മാറ്റുകയും അവിടെയും കളരി സ്ഥാപിച്ചു  കളരി ദൈവങ്ങളെയും കുടിയിരുത്തി പരിപാലിച്ചു വന്നു .  വന്നേരിയില്‍ നിന്നും കുറുപ്പ് വരുമ്പോള്‍ തന്‍റെ ഉപാസന മൂര്‍ത്തിയായ ചമുണ്ടിയെയും കൂടെ കൊണ്ട് വന്നിരുന്നു എന്നും അതിനാല്‍ ചാമുണ്ടി അമ്മയ്ക്ക് കളരിയോട് അനുബന്ധിച്ച്  പ്രത്യേക പള്ളിയറയുംപാടര്‍കുളംകര ഭഗവതിക്കുംവിഷ്ണു മൂര്‍ത്തിക്കും വേറെ പള്ളിയറകളും പണി കഴിപ്പിച്ചു . വന്നേരിയിലെ കൊടോത്തൂരില്‍ നിന്നും കൊണ്ടുവന്നതാകയാല്‍  കോടോത്ത്  തറവാട് എന്ന പേരും സിദ്ധിച്ചു . വെരിക്കുളത്തു  ഉള്ളപ്പോഴും ഇത് തന്നെ ആയിരുന്നു  പേര് .      ക്രമേണ കൊടോം ഇവരുടെ കേന്ദ്രമായി മാറി . പടയാളികളായി വന്ന നായന്മാര്‍ കീഴൂര്‍ കേന്ദ്രികരിച്ച് അലവത്തു നാട്ടിലെയുംകവയനാട്ടിലെയും ബാല്ലാളന്മാരെ (ബണ്ട്സ്) ഓടിക്കുകയും  അവരുടെ ഭൂമി സ്വന്തമാക്കുകയും ചെയ്യ്തു .കോടോത്ത് തുടങ്ങിയ നായര്‍ കുടുംബങ്ങള്‍ ഇങ്ങിനെ വളര്‍ന്നു വന്നവരാണ് എന്ന് ചരിത്രം പറയുന്നു . സമീപ ഗ്രാമങ്ങളിലെയും ക്ഷേത്രങ്ങളുടെയും സംരക്ഷണ ചുമതല ലഭിച്ച നായര്‍ പടയാളികള്‍ ഇവിടെ സ്ഥിര താമസമാക്കി ക്രമേണ ഒരു സാമുഹ്യ വിഭാഗമായി മാറുകയും ചെയ്തു . പല കുടുംബങ്ങളും ക്രമേണ ഭുസ്വത്ത്‌ സംഘടിപ്പിക്കുകയും ജന്മിമാരായി മാറുകയും ചെയ്തു . ഈ സ്ഥലങ്ങളില്‍ അവരുടെ സ്വാധീനം വളര്‍ന്നു വരികയും പ്രസ്തുത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പുതിയ നായര്‍ തറവാടുകള്‍ ഉയര്‍ന്നു വരികയും ചെയ്തു . ഇവിടെ പലസ്ഥലങ്ങളില്‍ ആയി അവരുടെ ആധിപത്യം ഉറപ്പിക്കുകയും പല കുടുംബ പേരുകളില്‍ അറിയപ്പെടുകയും ചെയുതു എന്നാണു പറയപ്പെടുന്നത്‌ . എച്ചിക്കാനം , കൊഴുമ്മല്‍ ,മുല്ലച്ചേരി ,കൂക്കള്‍മാവിലമേലത്ത് ,കരിച്ചേരി ,വേങ്ങയില്‍പെരിയ ,നാരംതട്ട , മനിയേരി, പനയംതട്ട ,ആ ലത്തടി മലൂര്‍ ,മുണ്ടാത്ത് ,അടുക്കടുക്കം , തുളുച്ചേരി ,ചെരക്കര തുടങ്ങിയവര്‍  ഇവരില്‍ പ്രധാനികള്‍ ആയ ചില തറവാട്ടു കാരാണ്. ഇവര്‍ ചന്ദ്രഗിരി പുഴയുടെ തെക്ക് ഭാഗത്ത് താവളം ഉറപ്പിച്ച നയന്മാരാന് . പുഴയുടെ വടക്ക് ഭാഗം ബണ്ട്സ് വിഭാഗത്തില്‍ പെട്ടവരാണ് ജന്മികള്‍ ആയി മാറിയത് അവരുടെ പരമ്പരയില്‍ പെട്ട ചില തറവാട്ടുകാര്‍ ഇന്നും കാസറഗോഡ്‌ ഭാഗങ്ങളില്‍ ഉണ്ട് ..ടിപ്പു വിന്‍റെ പതനത്തിനു ശേഷം ബ്രിട്ടീഷുകാരുടെ സ്വാധീനം വര്‍ദ്ധിക്കുകയും രണ്ടു ഗ്രാമങ്ങളുടെ നികുതി പിരിക്കുവാനുള്ള അധികാരവും പട്ടേലര്‍ സ്ഥാനവും അനേകം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും കോടോത്ത് തറവാടിനു സിദ്ധിച്ചു കിട്ടി . (വേറൊരു കഥ വിക്ടോറിയ രാജ്ഞി കേരളം സന്ദര്‍ശിപ്പോള്‍ വടക്കേ മലബാറിലെ ഈ തറവാടും സന്ദര്‍ശിച്ചിരുന്നു എന്നും കോടോത്ത് നായന്മാരുടെ  അന്തസ്സും ആഭിജാത്യവുംആദിത്യമരിയാദയും കണ്ടു സന്തോഷത്താല്‍ ആയിര കണക്കിന് ഏക്കര്‍ ഭൂമി ഇഷ്ടദാനം ആയി നല്‍കുകയും ഒരു സ്വര്‍ണ പദക്കം അന്നത്തെ തറവാട്ട്‌ കാരണവര്‍ക്ക്‌ സമ്മാനിക്കുകയും ചെയ്യുതു എന്നതാണ് അത് . എത്രമാത്രം ശരിയാണന്നു അറിയില്ല. കേട്ടുകേള്‍വി മാത്രം )  .മറ്റു കുടുംബക്കാരും അവരവരുടെ സ്ഥലങ്ങളില്‍ പ്രഭലന്മാരായി തുടര്‍ന്ന് കൊണ്ടിരുന്നു  ( എന്ത് തന്നെയാലും  20 ആം നൂറ്റാണ്ടിന്റെ തുടക്കത്തോട് കൂടി ഉത്തര കേരളത്തിലെ പ്രഭലമായ ഒരു നായര്‍ തറവാട് ആയി മാറി ഈ കുടുംബം (കോടോത്ത് തറവാട്) ..

സംസ്ഥാനത്തിന് അകത്തും പുറത്തുമായി വിസ്തൃതമായ ഭൂപ്രദേശത്തിന്റെ ഉടമകളായിരുന്നു ഇവരെന്നു കാണാം. രാജ്യത്തിന്‌ തന്നെ അനേകം പ്രഗല്‍ഭരായ വിശിഷ്ട്ട വ്യക്ത്തികളെ സമ്മാനിച്ച ഒരു തറവാട് കൂടിയാണ് ഇത് കോടോത്ത് ഭഗവതി ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പ്രശസ്തമാണ്. കാലത്തെ അതിജീവിക്കുന്ന ചുമര്‍ചിത്രങ്ങളെന്ന നിലയിലും ഈ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.  തികച്ചും പ്രകൃതി ദത്തമായ ചായ കൂട്ടുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത് .  കോടോത്ത് ഇന്ന് കാണുന്ന പ്രസിദ്ധായ ഈ ക്ഷേത്രം ദാരുശില്പങ്ങളുടെ കേദാരം കൂടിയാണ്. ക്ഷേത്രഗോപുരത്തില്‍ മരത്തില്‍ കൊത്തിവച്ച ചിത്രങ്ങള്‍ നിത്യവിസ്മയമായി ഇന്നും നിലകൊള്ളുന്നു. ഈ  ദാരുശില്പങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഗോപുരം കോടോത്ത് അമ്പു നായര്‍ എന്ന കാരണവര്‍ 1917.ല്‍ പണികഴിപ്പിച്ചതാണ് എന്ന് ഗോപുര വാതിലില്‍ തന്നെ എഴുതി വെച്ചിട്ടിടുണ്ട് . ഗോപുരത്തില്‍ സീതാജനനംഅനന്തശയനംകൃഷ്ണലീലകിരാതംദശാവതാരംപാര്‍വ്വതി കല്യാണംപാലാഴിമഥനംഗജേന്ദ്രമോക്ഷം തുടങ്ങിയ പുരാണ കഥകളിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ എന്നിവ സവിസ്തരം കൊത്തിവെച്ചിട്ടുണ്ട്. തളിപ്പറന്പ് പരിയാരത്തുനിന്ന് വന്ന ഒരു മുഖ്യ ആചാരിയും രണ്ട് സഹായിയും ചേര്‍ന്ന് നാലു വര്‍ഷം കൊണ്ടാണത്രെ ഇവിടത്തെ ശില്‍പനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അന്നത്തെ ഏതാണ്ട് 8 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചെന്നും പറയുന്നു. ഈ ക്ഷേത്രത്തിലും ,പള്ളിയറകളിലും ഉത്സവങ്ങളും കളിയാട്ടങ്ങളും ഇന്നും നടന്നു വരുന്നു . മകര മാസം മുതലാണ്‌ ആരംഭം .  കാസറഗോഡ്‌ ജന്മിത്വ വ്യവസ്ഥയുടെ ചരിത്രം പരിശോധിച്ചാല്‍ ജന്മി കുടുംബങ്ങളില്‍ ഭൂരി ഭാഗവും നായര്‍,ബണ്ട്സ് വിഭാഗത്തില്‍ പെട്ടവരാണന്നു കാണാം. .ബ്രാഹ്മണ ജന്മി കുടുംബങ്ങളും ഉണ്ടായിരുന്നു .കൂട്ടു കുടുംബ വ്യവസ്ഥയുടെ തകര്‍ച്ച തുടങ്ങിയപ്പോള്‍ 1935.ഓടെ എല്ലാ കുടുംബങ്ങളിലും സ്വത്ത്‌ വിഭജനം നടക്കുകയും പഴയ പ്രതാപം ക്രമേണ ക്ഷയിച്ചു വരികയും ചെയ്തതായി കാണുന്നു . ജന്മിമാരെന്ന അവരുടെ അസ്ഥിത്വം ഭൂപരിഷ്കരണം നടപ്പാക്കിയ 1970.വരെ നിലനിന്നു  . മരുമക്കത്തായ സമ്പ്രദായ ക്രമം  പിന്തുടര്‍ന്നുപോന്ന കോടോത്ത് തറവാട് 1934.ല്‍ ഭാഗിക്കുകയും മൂന്ന് റിസീവര്‍മാരെ വെക്കുകയും ചെയ്തു. ഈ കുടുംബത്തിനെതിരെ പില്‍ക്കാലത്ത് ശക്തമായ കര്‍ഷക സമരങ്ങളും ഉയര്‍ന്നുവന്നു...

കോടോത്തിന് സ്വന്തമായി ഒരു കഥകളിസംഘം തന്നെ ഉണ്ടായിരുന്നു. കോടോത്ത് കമ്മാരന്‍ നായരുടെ കാലഘട്ടം ഈ തറവാടിന്‍റെ സുവര്‍ണ കാലമായി അറിയപ്പെടുന്നു. 1893.ല്‍ തഴക്കാട്ട് മനയിലെ വാസുദേവന്‍ നമ്പൂതിരിപ്പാട് കഥകളി യോഗം സ്ഥാപിച്ചു ,ഏതാണ്ട് ഇതേ കാലത്താണ് കോടോത്ത് കമ്മാരന്‍ നായര്‍ കോടോത്ത് കഥകളി യോഗം സ്ഥാപിച്ച ത്   . വേങ്ങയില്‍ ചാത്തുകുട്ടി നായനാരുടെ രാജരാജേശ്വരി വിലാസം കഥകളി യോഗത്തിലെ നടന്മാരും ,മറ്റു കലാകാരന്മാരും കാസറഗോഡ് ജില്ലയില്‍ പ്രഗല്ഭരായിരുന്നു.  പിന്നെ യുള്ളത്   കാനാ കണ്ണന്‍ ,ചെട്ടി പണിക്കര്‍ , കണ്ണന്‍ പാട്ടാളി എന്നിവരാണ് .ഇവരെ മൂന്ന് പേരെയും എനിക്ക് നന്നായി അറിയാം . എന്റെ കുട്ടിക്കാലത്ത് 1960-70. കാലഘട്ടം  കോടോത്ത് വീട്ടില്‍ വെച്ച് കര്‍ക്കിടക മാസത്തില്‍ ചവിട്ടി തടവുക എന്ന ഒരു  ഏര്‍പ്പാട് ഉണ്ടായിരുന്നു . എന്നെ കാനാ കണ്ണന്‍ ആശാനും , എന്റെ അനുജന്മാരെ രണ്ടു പേരേ ചെട്ടിപണിക്കരും 5.വര്ഷം ചവിട്ടി തടവിയിട്ടുണ്ട് . അനുജന്മാര്‍ രണ്ടു പേര്‍ കഥകളിയും അല്‍പ്പം അഭ്യസിച്ചിരുന്നു . പലതരത്തിലുള്ള എണ്ണകള്‍,പന്നി നെയ്യ് തുടങ്ങിയവ ചേര്‍ത്തു ഉണ്ടാക്കുന്ന 'മുക്കൂട്ട് എന്ന കുഴമ്പ് ഉപയോഗിച്ചാണ് ഈ തടവല്‍ . മുകളില്‍ കയറു കെട്ടി അതില്‍ പിടിച്ചുകൊണ്ട് കാലു കൊണ്ട് ചവിട്ടി ഉഴിയുമായിരുന്നു ഞങ്ങളെ അന്ന് ഇവര്‍ രണ്ടുപേരും . അതിന്‍റെ ഗുണവും ഞങ്ങള്‍ക്ക് പില്‍ക്കാലത്ത് അനുഭവപെട്ടിട്ടുണ്ട് .  വേങ്ങയില്‍ ചാത്തുകുട്ടി നായനാരുടെ കഥകളി യോഗത്തില്‍ കളി അഭ്യസിച്ച 'നാട്ട്യരത്നം 'കണ്ണന്‍ പാട്ടാളി അമ്പതു വര്‍ഷക്കാലം കഥകളി അവതരിപ്പിക്കുകയുണ്ടായി . ഈ അടുത്ത കാലത്താണ് അദ്ദേഹം മരിച്ചത് .(2008-Dec-10).  താഴക്കാട്ട്‌ മന കഥകളിയോഗത്തിന്റെ സാമ്പത്തിക ശേഷി കുറഞ്ഞപ്പോള്‍  കഥകളിയോഗം നടത്തിക്കൊണ്ടു പോകാനുള്ള കാര്യശേഷിയുള്ളവര്‍ ഇല്ലാതെ വന്നപ്പോള്‍ തറവാട്ടിലെ കോടോത്ത് കമ്മാരന്‍ നായര്‍ താഴക്കാട്ട്‌ മന കളിയോഗത്തിലെ കലാകാരന്മാരെ മൊത്തമായി ഏറ്റെടുത്ത്‌ കോടോത്ത്‌ തന്നെ ഒരു കഥകളിയോഗം ആരംഭിച്ചു .പൂര്‍ണ സജ്ജമായ കഥകളി അരങ്ങു ഉണ്ടാക്കുന്നതിനു മുന്‍പ് തന്നെ കമ്മാരന്‍ നായര്‍ മറ്റു യോഗങ്ങളിലെ കലാകാരന്മാരെ   ക്ഷണിച്ചു  വരുത്തി   കളിയരങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നുകോടോത്ത് സ്വന്തമായി കഥകളി യോഗം ആരംഭിച്ചപ്പോള്‍ താഴക്കാട്ട് മന കളിയോഗത്തിലെ പ്രഗല്‍ഭരായ ‘കരുണാകര മേനോനും ,അമ്പു പണിക്കറും ,ചിണ്ട പണിക്കരും ,ചന്ദു പണിക്കരും ,അതിലെ പ്രധാന അംഗങ്ങളായി .കോടോത്ത്‌ കഥകളി യോഗത്തിന്റെ ഏറ്റവും വലിയ നേട്ടം അത്‌ ശിക്ഷണം നല്‌കി വളര്‍ത്തിയെടുത്ത പ്രശസ്‌തരായ ഒരുകൂട്ടം കഥകളി കലാകാരന്മാരുടെ പില്‍ക്കാല പ്രകടനങ്ങളാണ്‌.   ഉത്തര കേരളത്തിലേയുംമദ്ധ്യകേരളത്തിലേയും അനേകം അരങ്ങുകളില്‍ കഥകളി ഭ്രാന്തന്മാരുടെ പ്രശംസയ്‌ക്ക്‌ പാത്രീഭൂതരായ കളിങ്ങോന്‍ അമ്പുനായര്‍, അടുക്കാടക്കം കൃഷ്‌ണന്‍ നായര്‍, ഗോവിന്ദപ്പണിക്കര്‍ ഐന്ഗൂറന്‍  കൃഷ്‌ണന്‍ നായര്‍ , ശിവപാലന്‍ തുടങ്ങിയവര്‍.

കരുണാകരമേനോന്റെയുംചന്തുപ്പണിക്കരുടേയുംഅമ്പുപ്പണിക്കരുടേയും ശിക്ഷണത്തില്‍ കോടോത്ത്‌ കളരിയില്‍ നിന്നു തെളിഞ്ഞു വന്നവരാണ്‌. 1927ഓടുകൂടി ഏകദേശം 22 വര്‍ഷക്കാലം നിന്ന ഈ കഥകളിയോഗം മിക്കവാറും അസ്‌തമിച്ചു.ചില കാരണവന്മാര്‍ മാത്രം ചിലപ്പോള്‍ കളിയരങ്ങുകള്‍ സംഘടിപ്പിച്ചു പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിച്ചു എന്ന് മാത്രം  കോടോത്ത് തറവാട്ടിലെ ഹനുമാന്‍ കിരീടം വളരെ പ്രസിദ്ധമാണ് . കാഞ്ഞംകാട്ടെ രസിക ശിരോമണി കോമന്‍ നായരുടെ മകന്‍ ബാലഗോപാലന്‍ (അടയാര്‍), വിഷ്ണു മംഗലത്തെ കുഞ്ഞിരാമ മാരാര്‍ ,മഹാകവി പി .കുഞ്ഞിരാമന്‍ നായരുടെ  പേരകിടാവ് ഗോപാലകൃഷ്ണന്‍ തുടങ്ങിയ ഒട്ടേറെ പേര്‍ ഇന്ന് കഥകളി രംഗത്ത് ഉണ്ട് .

ചരിത്ര സ്മരണകള്‍ ഉറങ്ങുന്നതും   പശ്ചിമ പര്‍വ്വത നിരകളുടെ പരിലാളനയേറ്റ് കുന്നുകളും മലകളും കാട്ടാറുകളും വയലേലകളും നിറഞ്ഞ ഭൂപ്രദേശമാണ് കോടോം-ബേളൂര്‍. അങ്ങിങ്ങായി പാറക്കെട്ടുകളും ചെങ്കല്‍ സമതലങ്ങളും വനഭൂമിയും ഇവിടെ കാഴ്ചകളൊരുക്കി നിരന്നുനില്‍ക്കുന്നു. കുന്നിന്‍ചെരിവില്‍ രൂപംകൊള്ളുന്ന കാട്ടരുവികള്‍ ഒന്നുചേര്‍ന്ന് നദിയായിജലസ്രോതസ്സായി മാറുന്നതിനൊപ്പം ഇവിടത്തെ ഗ്രാമീണ പൂര്‍ണതയ്ക്ക് അത്യപൂര്‍വ്വ  സൌന്ദര്യം കൂടി നല്‍കുന്നു. ജില്ലയിലെ ഏറ്റവും ഉയരമുള്ള മലകളിലൊന്നായ കണ്ടടുക്കം മല ഈ ഗ്രാമത്തിലാണ്. കാവുകളും ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഗോപുര കവാടങ്ങളും തറവാട്ടുദൈവങ്ങളുടെ സ്ഥാനങ്ങളും കൊണ്ട് സമൃദ്ധമായ കോടോത്ത് വയംബ് ബേളൂര്‍, പൊടവടുക്കംഉയദപുരംഅയറോട്ട്ചുള്ളിക്കരചക്കിട്ടടുക്കംഅടുക്കള കണ്ടം ബാനം ,  മയ്യങ്കാനംകാലിച്ചാനടുക്കംപെരളംതായന്നൂര്‍, അയ്യങ്കാവ്പറക്കളായിആനക്കല്ല് തുടങ്ങിയ പ്രദേശങ്ങള്‍ ചേര്‍ത്താണ് 1963.ല്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് രൂപംകൊണ്ടത്. ഈ പഞ്ചായത്തിലെ പിന്നോക്ക വിഭാഗങ്ങളില്‍ ഭൂരിഭാഗവും മാവിലര്‍ സമുദായക്കാരാണ് ഇവര്‍ പൊതുവെ അദ്ധ്വാനശീലരാണ്. വൈവിദ്ധ്യമാര്‍ന്ന ആചാരവിശേഷങ്ങള്‍ ഇവര്‍ വച്ചു പുലര്‍ത്തുന്നു. ശുദ്ധമല്ലാത്ത തുളു ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. മയ്യന്‍  എന്ന പദത്തില്‍ നിന്നാണ് മാവിലന്‍ എന്ന പേരുണ്ടായത് എന്നാണ് അനുമാനിക്കുന്നത്. ഉത്തര കേരളത്തിലെ തെയ്യം കലാരംഗത്ത് അപൂര്‍വ്വമായ സംഭാവന നല്‍കിയ വിഭാഗമാണ് മലയര്‍. പഞ്ചായത്തിന്റെ സാംസ്കാരിക രംഗത്ത് ഇവര്‍ ഗണ്യമായ സംഭാവന നല്‍കി. കോടോന്നന്‍  എന്നത് ഇവരുടെ ഇടയിലെ ആചാരപ്പേരായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും ഏകദേശം പതിനെട്ട് കിലോ മീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് എത്തിച്ചേരാം. നീലേശ്വരംകാഞ്ഞങ്ങാട് തുടങ്ങിയ നഗരങ്ങളില്‍ മാത്രമേ ആദ്യകാലത്ത് ഹൈസ്കൂളുകള്‍ ഉണ്ടായിരുന്നുള്ളൂ. 1930-കളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ രൂപം കൊള്ളാന്‍ തുടങ്ങിയത് .പഴയ കാലത്ത് എഴുത്ത് ആശാന്‍മാര്‍ വീടുകളില്‍ വന്നു കുട്ടികളെ പഠിപ്പിക്കുന്ന രീതിയായിരുന്നു  തറവാട്ടു അങ്ങളുടെ നേതൃത്വത്തില്‍ അവരുടെ പഠിപ്പു രകളില്‍ ആരംഭിച്ച വിദ്യാലയങ്ങളുംകര്‍ഷക പ്രസ്ഥാനത്തിന്റെയും ദേശസ്നേഹ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി രൂപം കൊണ്ട വിദ്യാലയങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്. കുടുംബങ്ങള്‍ക്ക് വേണ്ടി ആവശ്യമായ തുണിനെയ്ത്ത്മണ്‍പാത്ര നിര്‍മ്മാണംകളരിയാവശ്യങ്ങള്‍ക്കായി ആയുധങ്ങള്‍ മുതലായവ നിര്‍മ്മിക്കാന്‍ വൈദഗ്ദ്ധ്യമുള്ള  പരാമ്പരാഗത തൊഴിലാളികള്‍ ഈ പഞ്ചായത്തില്‍ നിലനിന്നിരുന്നു എന്നതിനു തെളിവാണ് കോടോത്ത് ഗ്രാമത്തിലെ ജാതി അടിസ്ഥാനത്തില്‍ ഓരോ തൊഴിലിനെയും ഓരോ കുലങ്ങളായി വിഭജിച്ചിരുന്ന രീതി. ഇവര്‍ ജന്മികളാണെങ്കിലും ഫ്യുടല്‍ സമ്പ്രദായത്തിലെ ജന്മികളെ പോലെ സമൂഹത്തെ വെല്ലുവിളിച്ചും അവരെ ചൂഷണം ചെയ്തും ജീവിച്ചിരുന്ന അവസ്ഥ ഇവരില്‍ അനുമാനിക്കാന്‍ കഴിയുന്നില്ല . ഇന്നും ഈ പ്രദേശങ്ങളില്‍ കാണുന്ന മതമൈത്രി  സാഹോദര്യവും അതിനു തെളിവാണ് എന്ന് വേണം കരുതാന്‍ . പക്ഷെ ഇതിനു അപവാദമായി ചിലതെങ്കിലും ഉണ്ടായിട്ടില്ല എന്നും നമുക്ക് പറയാനും പറ്റില്ല .പ്രമാദമായ കര്‍ഷക സമരങ്ങളും അതിനോടനുബന്ധിച്ചു പല ദാരുണ സംഭവങ്ങളും നടന്നിട്ടുണ്ടല്ലോ ജന്മിത്വത്തിന് എതിരെ യുള്ള പ്രധിഷേധം ശക്തിയോടെ കോടോത്ത് ഉയര്‍ന്നു വന്നിരുന്നു അവസാനം തുറന്ന സംഘട്ടനത്തില്‍ എത്തുകയും ചെയ്തു . ജന്മിത്വത്തിനേറ്റ.ഒരു വലിയ ആഘാഥ മായി മാറി ആ സംഭവം .കോടോം ബേളൂര്‍ കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ കാഞ്ഞങ്ങാട് ബ്ളോക്കില്‍ കോടോം,ബേളൂര്‍, തായന്നൂര്‍, പരപ്പ (പകുതി ഭാഗംവില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്. 95.44 .കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ബേഡഡുക്കകുറ്റിക്കോല്‍, കള്ളാര്‍ പഞ്ചായത്തുകളുംതെക്ക് കിനാനൂര്‍ കരിന്തളംമടിക്കൈ പഞ്ചായത്തുകളുംപടിഞ്ഞാറ്  പുല്ലൂര്‍ പെരിയമടിക്കൈ പഞ്ചായത്തുകളുംകിഴക്ക് കിനാനൂര്‍ കരിന്തളംബളാല്‍, കള്ളാര്‍ പഞ്ചായത്തുകളുമാണ്കോടോം ഗ്രാമം ഉള്‍പ്പെടുന്ന പഞ്ചായത്ത് 1953-ലാണ്  നിലവില്‍ വന്നത്.    കോടോത്ത് കുഞ്ഞമ്പു നായര്‍  പെരിയംകാനം ആയിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. അന്ന് കൈ പോക്കിയായിരുന്നു തിരഞ്ഞെടുപ്പ് .കാവുകളും ചരിത്രസ്മരണകള്‍ ഉറങ്ങുന്ന ഗോപുര കവാടങ്ങളും തറവാട്ടു ദൈവങ്ങളുടെ സ്ഥാനങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ പഞ്ചായത്ത്. ഗതകാല ചരിത്രസ്മരണകള്‍ ഉറങ്ങുന്ന നാലുകെട്ടുകള്‍, ജന്മിത്വവ്യവസ്ഥിതിക്കെതിരായി പോരാടിയ കര്‍ഷകസമരങ്ങളുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ എന്നിവ ഈ പഞ്ചായത്തിന്റെ തിലകക്കുറികളാണ്. സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ കേദാരമാണ് കോടോം-ബേളൂര്‍ പഞ്ചായത്ത്. സമൃദ്ധമായ കാര്‍ഷിക വിളഭൂമികളും ജലസ്രോതസ്സുകളും പഞ്ചായത്തിന് ഹരിതാഭ കൈവരുത്തുന്നു. ഹോസ്ദുര്‍ഗ് താലൂക്കിലെ മലയോര മേഖല ഉള്‍പ്പെടുന്ന തായന്നൂര്‍, ബേളൂര്‍-കോടോം-പരപ്പ ഗ്രാമത്തിന്റെ ഒരു ഭാഗം എന്നിവ ചേര്‍ന്നാണ് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തായി രൂപപ്പെട്ടത്. ആദ്യകാലത്ത് കോടോംബേളൂര്‍ എന്നിവ രണ്ടു പഞ്ചായത്തായിരുന്നു. 1963-ല്‍ ഇവ സംയോജിച്ച് ഒറ്റ പഞ്ചായത്തായി മാറി 

( മുന്‍ പ്രസിഡന്റുമാര്‍ Belur Panchayath
1-ലാലൂര്‍ കണ്ണന്‍ നായര്‍ .2-K.കൃഷ്ണന്‍ മണിയാണി.3-BM.കുഞ്ഞമ്പു നായര്‍.4-KP.കുഞ്ഞമ്പു നായര്‍.5-TK.ശ്രീധരന്‍.6-U.തമ്പാന്‍ നായര്‍ 7.VK.തങ്കമ്മ.8-മീനാക്ഷി പദ്മനാഭന്‍.തുടങ്ങിയവര്‍.-----)നാടന്‍ കലാരൂപങ്ങളും നാടന്‍പാട്ടുകളും സാംസ്കാരിക തനിമക്ക് മാറ്റുകൂട്ടുന്നു. ഐതിഹ്യങ്ങള്‍ വീണുറങ്ങുന്ന പള്ളിയറകളും കാവുകളും തറവാടുകളും പഞ്ചായത്തില്‍ ഏറെ കാണാം. വൈവിദ്ധ്യമാര്‍ന്ന സ്ഥലങ്ങളും മിത്തുകളും പ്രൌഢമായ ഗതകാല സ്മരണകളാണ്. അസംഖ്യം തറവാടുകളും കാവുകളും ഇവിടുത്തെ സാംസ്കാരിക പാരമ്പര്യത്തിന് മകുടം ചാര്‍ത്തുന്നു നേരോത്ത് പെരട്ടൂര്‍ കൂലോത്തോട്  ചേര്‍ന്നുള്ള ഭാഗത്ത് കാവുകളുടെ സമുച്ചയം കാണാം. വന്‍മരങ്ങളുടെയും അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെയും സമ്പന്നമായ ശേഖരം കാവുകളില്‍ കാണാവുന്നതാണ്. അപൂര്‍വമായ പത്തായപക്ഷി കാവുകളില്‍ കാണപ്പെടുന്നു. നൂറ്റാണ്ട് പഴക്കമുള്ള  ചിത്രപീഠം പെരട്ടുര്‍ കൂലോത്ത് കാണാം. കാവുകളില്‍ കണ്ടിരുന്ന മയില്‍, കുരങ്ങുകള്‍, മുയല്‍, കൂരന്‍ എന്നിവയ്ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. താളിയോല ഗ്രന്ഥങ്ങളുടെ മഹാശേഖരം ഉണ്ടായിരുന്ന അയ്യങ്കാവ് കൂലോം നായരച്ചന്‍ വീട് . മുളവിന്നൂര്‍ ഭഗവതി ക്ഷേത്രം എന്നിവ സ്മരണീയങ്ങളാണ്. കേടോം തറവാട്ടിലെ പട്ടോല ഗ്രന്ഥങ്ങളും ഗണനീയമാണ്.

തറവാട്ടു ചരിത്രത്തിലേക്ക്  തന്നെ ഒന്നുകൂടി തിരിച്ചു വരാം ചന്ദ്രശേഖര കുറുപ്പ് ( ചന്ദ്രശേഖര ഗുരിക്കല്‍ ) നല്ല കളരിപയറ്റു അഭ്യസിയും ഈശ്വര വിശ്വാസിയും ആയിരുന്നുവല്ലോ  , വെരിക്കുളത്തും  ,കോടോത്തും കളരികള്‍ സ്ഥാപിക്കുകയും പിന്തലമുറകളെ കളരി അഭ്യസിപ്പിക്കുകയും ചെയ്ത്‌ വന്നിരുന്ന അദ്ദേഹം വിവാഹിതന്‍ ആയിരുന്നില്ല .   അതിനാല്‍  പൊടവടുക്കം വേങ്ങയില്‍ തറവാട്ടില്‍ നിന്നും ജാതകങ്ങളും മറ്റും  പരിശോധിച്ച്    തറവാട്ടിലേക്ക്  യോജിച്ചവള്‍  ആണെന്നും ,സന്താന സൌ ഭാഗ്യം  ഉള്ളവളാണ്  എന്നും , ധര്‍മ്മ ദൈവ പ്രീതി  ഉള്ളതായും   ഉറപ്പു   വരൂത്തിയ ശേഷം   ഒരു പെണ്‍ കുട്ടിയെ ദത്തെടുക്കുകയും ദിവസങ്ങള്‍  നീണ്ട  താന്ത്രിക  കര്‍മ്മങ്ങള്‍ ചെയ്ത്  ചാമുണ്ടി അമ്മ  കുട്ടിയെ കൈ ഏല്‍ക്കുന്നത്   വരെ  ചടങ്ങുകള്‍ നീണ്ടു  നിന്നു.  അതോടു കൂടി വേങ്ങയില്‍ തറവാടു മായി  ഉള്ള ബലി,   പുല  ബന്ധം   മുറിച്ചു  . കോടോത്ത്  തറവാട്ടിലെ  ഒരു  അങ്ങമായി   മാറ്റുകയും  ചെയ്തു .  വിവാഹപ്രായ മെത്തിയതോടെ തന്റെ ദത്തു പുത്രിയെ കന്യാദാനം നടത്തുകയും അങ്ങിനെ പുതിയൊരു  സന്തതി  പരമ്പര  കോടോത്ത്  തറവാട്  ആധാരമായി   ഉടലെടുക്കുകടും ചയ്തു . 

ചാമുണ്ടി അമ്മയുടെ വരവിനെ കുറിച്ച് മുന്പ് സൂചിപ്പിച്ചിട്ടുണ്ട്അപ്രകാരം ഈ ചന്ദ്രശേഖര ഗുരിക്കളുടെ കെട്ടും ചുറ്റും തൊടുകുറിയും നടത്തവും തേജസ്സും ഭക്തിയും മറ്റും കണ്ടു സംപ്രീതയായ ‘ചാമുണ്ടി ദേവിയുടെ ചൈതന്ന്യം  ഗുരിക്കളുടെ കൂടെ വരികയും വെ രിക്കുളം ആധാരമായി വസിക്കുകയും ചയ്തു .ഒരു നാള്‍ ഗുരിക്കല്‍ കോടോത്ത് വന്നപ്പോള്‍ ചാമുണ്ടി കൂടെ വരികയും സ്ഥല ദേവതയായ പടാര്‍കുളങ്ങര ഭഗവതിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച് അവിടെ കുടിയിരുന്നു . പടാര്‍കുളങ്ങര ഭഗവതിക്ക് അവിടെത്തന്നെ ഒരരികില്‍ സ്ഥാനം നല്‍കുകയും ചെയ്തു .  വെരിക്കുളം താമസമാക്കിയ പിന്മുറക്കാര്‍ ചമുണ്ടിയമ്മയെ അവരുടെ പടിഞ്ഞറ്റയില്‍ പരിപാലിക്കുകയും കോടോത്ത് ഉള്ള ചൈതന്ന്യത്തെ കളരിയുടെ അടുത്തു തന്നെ പ്രതിഷ്ട്ടി ക്കുകയും ചയ്തു .വേങ്ങയില്‍ തറവാട്ടില്‍ നിന്നും ദെത്തെടുത്ത പുത്രിയില്‍ സന്താന  അഭിവൃദ്ധി ഉണ്ടാകുകയും മൂന്ന്  പെണ്മക്കള്‍ ഉണ്ടായി . അംഗ  സംഖ്യ   കൂടുന്നതനുസരിച്ച്  മൂന്ന്  ഭവനങ്ങള്‍  നിര്‍മ്മിച്ചു .  ഒരാള്‍ പടിഞ്ഞാറെ  വീട്ടിലും , മറ്റൊരാള്‍  കോടോത്ത്  പുതിയ  വീട്ടിലും , ഒരാള്‍  കുറ്റിക്കോല്‍ എന്ന സ്ഥലത്തും      താമസം  തുടങ്ങി   . പിന്നെയും കൊടോത്തും , വെരിക്കുളത്തും കൂടുതല്‍  ഭവനങ്ങള്‍   നിര്‍മ്മിച്ചു .  ഇങ്ങിനെ  ഉണ്ടായ വംശ പരമ്പര പില്‍ക്കാലത്ത്     കോടോത്ത് തറവാട് എന്നറിയപ്പെട്ടു . ------- ഉത്ത അമ്മ എന്ന മകള്‍ക്ക് വേണ്ടിയാണ് പടിഞ്ഞാറെ വീട് നിര്‍മ്മിച്ചത് . പടിഞ്ഞാറേ വീട് ഉണ്ടാകുന്നതിനു മുന്‍പു  തന്നെ   അവിടെ എട്ടുകെട്ടും ,കളരിയും ,പടിഞ്ഞാറ്റ യും  ഉള്ള ഒരു വലിയ വീടും ,അടുത്തു തന്നെ താഴത്തു വീട് എന്ന വേറൊരു വീടും ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിടുണ്ട് .  ആദ്യ ഘട്ടത്തില്‍ പുല്ലു (മുളി) കൊണ്ടായിരുന്നു മേല്‍കൂര മറച്ചിരുന്നത് – ബാസല്‍ മിഷന്‍ പാപ്പിനശേരിയില്‍ (വളപട്ടണം) ഒട്ടു കമ്പനി തുടങ്ങിയപ്പോള്‍. 1865, 1897, 1917. എന്നീ വര്‍ഷങ്ങള്‍  മേല്‍ക്കൂര മറച്ച ഓടുകളില്‍ രേഖ പ്പെടുത്തി യിട്ടുണ്ട് .   ( ചന്ദ്രഗിരി പുഴ വഴി തോണിയില്‍ ഓടു കൊണ്ടുവരികയുംവാവടുക്കം പുഴക്കരയില്‍ നിന്ന് തലച്ചുമടായി കൊണ്ട് വന്നു മേല്‍കൂര ഓടു മേയുകയും ചെയ്തു എന്ന് എന്റെ വലിയമ്മയും മറ്റും പറഞ്ഞു കേള്‍ക്കുന്നു  . കോടോത്ത് പാട്ടാളി കണ്ണന്‍ നായര്‍ എന്ന കാരണവരുടെ കാലത്താണ് മേല്‍കൂര ഓടു മേഞ്ഞത്  എന്നാണു  എനിക്ക് അറിയാന്‍ കഴിഞ്ഞത് ..    പില്‍ക്കാലത്ത്  ഈ തറവാട്  നാല് ഭാഗവും പാറകളാല്‍ ചുറ്റപ്പെട്ടതും  നെല്‍ വയലുകളാല്‍  സമ്പുഷ്ട മായതുമായ കൊടോം ഗ്രാമത്തില്‍ നാല് താവഴികളിലായി ഉയര്‍ന്നു വന്നു. കോടോത്ത്  പടിഞ്ഞാറെ വീട്  താവഴി ' “കോടോത്ത് മാളിയക്കാല്‍ താവഴിവെരിക്കുളം കുറ്റിക്കോല്‍ താവഴികോടോത്ത് പുതിയ വീട് താവഴി എന്നിവയാണ് ഈ നാല് തവഴികള്‍ . കോടോത്ത് കിഴക്കേ വീട് എന്ന വേറൊരു കുടംബക്കാരും ഉണ്ട് ,  വേങ്ങയില്‍ തറവാട്ടില്‍ നിന്നും ദത്തു കൊണ്ട് വന്ന  കാര്യം മുന്‍പു പറഞ്ഞിരുന്നുവല്ലോ , അങ്ങിനെ ദത്തു കൊണ്ടുവരുമ്പോള്‍  കുട്ടിയുടെ  കൂടെ അവള്‍ക്കു കൂട്ടിനായി വേങ്ങയില്‍ തറവാട്ടിലെ തന്നെ മറ്റൊരു പെണ്‍കുട്ടിയും കൂടി വന്നിരുന്നു .  ( സ്വന്തം  സഹോദരി  ആണ്  എന്നും പറയപ്പെടുന്നു ,വാസ്തവം അറിയില്ല . ) .   കുറച്ചു നാള്‍  ഒരുമിച്ചു കഴിഞ്ഞ ശേഷം  വേങ്ങയില്‍ തറവാട്ടിലേക്കു തന്നെ  തിരിച്ചു പോവുകയും എന്നാല്‍ അവര്‍  കുട്ടിയെ  സ്വീകരിക്കാതെ  കോടോത്ത് തറവാട്ടിലേക്ക്  തന്നെ തരിച്ചയക്കുക യാണ്  ചെയ്തത്  . ധര്‍മ്മിഷ്ട്ടനും ,സാത്വികനും  ആയിരുന്ന  തറവാട്ടുകാരണവര്‍  കുട്ടിയുടെ  സംരക്ഷണം  ഏറ്റെടുത്തു  വിവാഹ പ്രായത്തില്‍  വിവാഹം  നടത്തി കൊടുക്കുകയും , അനുവാദമില്ലാതെ ഇറങ്ങി  വരികയും അതില്‍ നിന്നു  ഒരു  കുട്ടിയെ  മാത്രം സ്വീകരിച്ചപ്പോള്‍  ഒരുമിച്ചു വന്ന  കുട്ടി   ഒറ്റപ്പെട്ടു പോവുകയും  .  പിന്നീട് സ്വന്തം വീട്ടിലും സ്ഥാനം ഇല്ലാതെ വന്നപ്പോള്‍ അന്നത്തെ കാരണവര്‍  കൂടെ വന്ന കുട്ടിക്ക്   കളരിക്കു കിഴക്ക് വശം താമസിക്കാന്‍ വീടും സ്ഥലവും അനുവദിച്ചു നല്‍കി   . തറവാട്ടങ്ങള്‍ക്ക് പുല ,വാലായ്മ്മ , തുടങ്ങിയ  ബുദ്ധിമുട്ടുകള്‍    വന്നു കഴിഞ്ഞാല്‍   കളരി പടിഞ്ഞാറ്റയില്‍  വിളക്കു  വെക്കുന്ന  ജോലിയും  കല്‍പ്പിച്ചു  നല്‍കി . അങ്ങിനെ കളരിക്കു കിഴക്ക് വശം താമസിക്കുന്നതിനാല്‍ കോടോത്ത്   കിഴക്കേ വീട് എന്നറിയപ്പെട്ടു തുടങ്ങിയതാണന്നും പറയപ്പെടുന്നു .    .. കളരിക്കു പടിഞ്ഞാറ് ഭാഗം ഉള്ള വീട് കോടോത്ത് പടിഞ്ഞാറേ വീട് എന്നും അറിയപ്പെടാന്‍ തുടങ്ങി .പടിഞ്ഞാറേ വീടിനു വടക്ക് ഭാഗം ഉള്ള വീടാണ് കോടോത്ത് വടക്കെവീട് . പടിഞ്ഞാറേ വീടിനു മുകള്‍ വശം ഉള്ള വീട് കോടോത്ത് മീത്തലെ വീട് എന്നുംഏറ്റവും അവസാനം ഉണ്ടാക്കിയതും കൂട്ടത്തില്‍ അല്‍പ്പം ചെറുതും ആയ നാലുകെട്ടോട് കൂടിയ വീട് ‘കോടോത്ത് കുഞ്ഞിപുതിയവീട്എന്നും ഇന്ന് അറിയപ്പെടുന്നു . ഇവയില്‍ കോടോത്ത് മാളിയക്കല്‍ , പുതിയ വീട് എന്നിവ ഇപ്പോള്‍ കോടോത്ത് ഇല്ല . ഇപ്പോഴുള്ള അവകാശികള്‍ പൊളിച്ചു മാറ്റി കഴിഞ്ഞു  .  ഇങ്ങിനെ നാല് തവഴികലായി തറവാട് വിഭജിച്ചുവെങ്കിലും വെരിക്കുളംകുണ്ടംകുഴി , കോടോത്ത്തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന തറവാട്ടു വക ക്ഷേത്രങ്ങളിലും ,ദേവസ്ഥാനങ്ങളിലും ഉണ്ടായിരുന്ന അധികാരവും ,മേല്കൊയിമയും     ഇന്നും എല്ലാ തവഴികളിലും ഒരുപോലെ നിക്ഷിപ്ത്തമാണ് . ഉത്സവാദി കാര്യങ്ങളില്‍ എല്ലാവരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുന്നു . ഒരു തറവാട്ടു കൂട്ടായിമയുടെ പ്രതീതി ഈ അവസരങ്ങളില്‍ എല്ലാ തറവാടംഗംഗളും അനുഭവിച്ചറിയുന്നു . കൂടാതെ കോടോത്ത് തറവാട്ടുകാര്‍ക്കു മറ്റു എട്ടു കുടുംബ ക്കാരുമായി കുടുംബ ബന്ധം നിലനില്‍ക്കുന്നു  . അവര്‍ തമ്മില്‍ ഉള്ള സാഹോദര്യ ബന്ധമാണ് ഇന്നും നിലനില്‍ക്കുന്നതു  . വേങ്ങ , കരിച്ചേരികാനത്തൂര്‍ പുതുക്കിടിപെരിയ , പേറ , ഐംകൂറന്‍കണ്ണമ്പള്ളി , വെള്ളത്തടിയന്‍ എന്നിവരാണ്‌ ആ കുടുംബക്കാര്‍ . ഇവരുമായി കോടോത്ത് തറവാട്ടുകാര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ല ..അവര്‍ സഹോദരി സഹോദരന്മാര്‍ ആണന്നാണ് പറയുന്നത്  ...   കോടോത്ത്   അന്നുണ്ടായിരുന്ന കാരണവന്മാരില്‍ പ്രഗല്‍ഭന്മാരാണ്  ' കണ്ണന്‍ നായര്‍കോരന്‍ നായര്‍കമ്മാരന്‍ നായര്‍ തുടങ്ങിയവര്‍. ഇവരാണ്  തറവാട് വീടുകളും . മറ്റും നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തവര്‍ .

  പടിഞ്ഞാറേ വീട്   . ഏകദേശം 350.വര്‍ഷത്തെ പഴക്കം കാണും ഈ വീട്ടിനു . 1951.ല്‍ തറവാട് വീടുകളും മറ്റും കോടതിയില്‍ നിന്നും തറവാട്ടങ്ങള്‍ക്കിടയില്‍ ലേലം ചെയ്തപ്പോള്‍ കോടോത്ത് പടിഞ്ഞാറെ വീട് എന്റെ അച്ഛന്‍ ലേറ്റ് KP.കുഞ്ഞമ്പു നായര്‍ ലേലത്തില്‍ എടുക്കുകയും അങ്ങിനെ അവര്‍ക്ക് അവകാശപ്പെട്ടതായി ഭവിക്കുകയും ച്ചെയതു. (ഉത്ത വലിയമ്മയുടെ മകള്‍ പാട്ടി അമ്മയാണ് എന്റെ അച്ഛന്റെ അമ്മയുടെ അമ്മ ).. ഇപ്പോള്‍ അച്ഛന്റെ മരണശേഷം (2013-oct-15). മുതല്‍ പിതാവ് എഴുതി വെച്ച ഒസ്യത്ത് പ്രകാരം മക്കളായ ‘കംബല്ലുര്‍ കോട്ടയില്‍ തറവാട് അംഗങ്ങള്‍ഞാന്‍ അടക്കമുള ഏഴു പേര്‍ അവകാശികളായി  തീര്‍ന്നിരിക്കുകയാണ് . ധര്‍മ ദൈവമായ പടിഞ്ഞാറേ ചമുണ്ടിയെ ഇവിടെ പത്തായ പുരയില്‍ ഇന്ന് വേണ്ട പോലെ പരിപാലിച്ചു വരുന്നുണ്ട് ഞങ്ങള്‍  . പക്ഷെ കാല പഴക്കം വീടിന്റെ മേല്‍കൂരയെയും മറ്റും ഇപ്പോള്‍ കാര്യമായി ബാധിച്ചിട്ടുണ്ട് . ഇത്രയും പുരാതനമായ നാല് കേട്ടോട് കൂടിയ കോടോത്ത് പടിഞ്ഞാറെ വീട്ടുകാരുടെ  തറവാട് വീടായ ഈ ഭവനം തുടര്‍ന്നും സംരക്ഷിപ്പെടെണ്ടതുംകോടോത്ത് പടിഞ്ഞാറെ വീട്ടുകാരുടെ തന്നെ തറവാട് വീടായി അറിയ പ്പെടേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണന്നു ഞാന്‍ അടക്കമുള്ള എന്റെ സഹോദരന്മാര്‍ക്കും ,സഹോദരിക്കും  തോന്നുന്നു.  ശരിക്കും പറഞ്ഞാല്‍  കോടോത്ത് പടിഞ്ഞാറെ വീട്ടുകാര്‍ എന്ന മഹാവൃക്ഷത്തിന്റെ വേര് തന്നെയാണ് ഈ ഭവനം അതില്‍  ഉണ്ടായ ഇലകളും പൂക്കളും കായ്കളും ആണ് ഇന്നത്തെ യുവതലമുറ കള്‍  അടക്കമുള്ള  അല്ല ങ്കില്‍ 'KP എന്ന് ചുരക്കപ്പേരില്‍ അറിയപ്പെടുന്ന കോടോത്ത് പടിഞ്ഞാറെ വീട്ടുകാര്‍ . '  അതിനാല്‍ ഈ പ്രസിദ്ധമായ തറവാടിന്‍റെ  വേരുകള്‍ കാത്തു സൂക്ഷിക്കേണ്ടത് ഓരോ  തറവാട്  അംഗ ത്തിന്‍റെയും കര്‍ത്തവ്യമാണെന്ന് ഞാന്‍ അടക്കമുള്ള എന്‍റെ സഹോദരങ്ങളും കരുതുന്നു  .അതിനാല്‍ ഞങ്ങളുടെ മാത്രം സ്വകാര്യ സ്വത്തായി സംരക്ഷിക്കാന്‍ താല്‍പ്പര്യം ഇല്ല ..നഷ്ടേ മൂലേ നൈവ ഫലം ന പുഷ്പം - വേരറ്റ വൃക്ഷത്തിനെവിടെ നിന്നാണ്‌ പൂവും കായും ഉണ്ടാകുക ?  .കോടോത്ത് പടിഞ്ഞാറെ വീട് അംഗങ്ങള്‍ മുന്‍കൈ എടുക്കുകയാണങ്കില്‍ ഞങ്ങള്‍ ഏഴു മക്കളുടെയും കൂടി പ്രാദിനിധ്യത്തോട് കൂടി ഒരു ട്രസ്റ്റ്‌ രൂപികരിക്കുവാനോ അല്ല ഒരു കുടുംബ സംഗമം നടത്തി ഉരുത്തിരിഞ്ഞു വരുന്ന ഏതെങ്കിലും പ്രധിവിധികള്‍ നടപ്പില്‍ വരുത്തി ഈ ഭവനം സംരക്ഷിച്ചു കൊണ്ട് പോകുന്ന ഏതു പ്രവര്‍ത്തിയിലും പങ്കു ചേരാന്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളു . കളിയാട്ടംഉത്സവാദി ദിനങ്ങളില്‍ എല്ലാ തറവാടങ്ങള്‍ക്കും വന്നു താമസിക്കുവാനും മറ്റും ഉപകരിക്കുകയും ചെയ്യും . ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഇന്നത്തെ സാഹചര്യത്തില്‍   ഈ ഭവനത്തിന്‍റെ  നവീകരണം  അസാദ്ധ്യമാണ്‌ ) – ഇതിനൊരു ശുഭ പര്യവസാനം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ  അനുകൂല  സാഹചര്യം ഉണ്ടാകാന്‍ കാത്തിരിക്കാം ... ശുഭം .....

ക്കുറിപ്പുകള്‍ ;-കോടോത്ത് തറവാടിനെ കുറിച്ചു ഞാന്‍ എഴുതിയാല്‍ അത് ഒരു മഹാകാവ്യമായി  പോകുമോ എന്ന ഒരു ആശംഗ തീരെ ഇല്ലാതിരുന്നില്ല .പ്രത്യേകിച്ചും എന്റെ അച്ഛന്റെ തറവാടാണ് അത് . ഞാന്‍ കളിച്ചു വളര്‍ന്ന പാടവും പാറകളും പുല്ലാഞ്ഞി കാടുകളും ,ക്ഷേത്രകുളങ്ങളും നിറഞ്ഞ ഒരു സാധാരണ ഗ്രാമം .മദ്ധ്യത്തില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കോടോത്ത് പടിഞ്ഞാറെ വീട് .ചെറുപ്പത്തില്‍ കൂട്ടുകാരുമോന്നിച്ചു ഞെട്ടടി പറച്ചു നെറ്റിയില്‍ പൊട്ടിച്ചതും ,കാശാവിന്‍ കുരു ഇട്ടു ഓട തോക്ക് പൊട്ടിച്ചതും,മോലോത്തെ കുളത്തില്‍ നീന്തി കുളിച്ചതും ഓര്‍ത്തു പോകുന്നു .കൈവിട്ടു പോകുമ്പോഴാണ് പലതിന്റെയും വില മനസിലാകുക . തറവാടിനും ചുറ്റുപാടുകള്‍ക്കും മാറ്റമൊന്നും ഇല്ലെങ്കിലും നമ്മള്‍ എത്രയോ മാറിയിരിക്കുന്നു . അമ്പലത്തിലെയും ,പതിക്കാലിലെയും എത്രയോ ഉത്സവങ്ങളും ,കളിയാട്ടങ്ങളും കണ്ടു വളര്‍ന്നു വന്നവരാണ് എന്റെ സമപ്രായക്കാര്‍ . ഇന്നത്തെ ചെറുപ്പക്കാരില്‍ എത്രയോ പേര്‍ മോഹിപ്പിക്കുന്ന ഉത്സവകഴ്ചകളോട് നന്ദിഗുഡ് ബൈ പറയുകയാണ്‌ . അസമത്വങ്ങളോട് പ്രതികരിക്കാന്‍ വെമ്പുന്ന മനസിന്‌ ഈ വക കാഴ്ചകള്‍ ആര്‍ഭാടത്തിന്റെ ആഘോഷമായി  തോന്നിയിരിക്കാം  .  അധികം വൈകിയാല്‍ തിരിച്ചു പിടിക്കാന്‍ നാം എത്ര ശ്രമിച്ചാലും ഒരു പക്ഷെ സാധിക്കാതെ നമ്മുടെ മനസ് വല്ലാതെ വിഷമിച്ചെന്നു വരും.. നമുക്ക് നഷ്ടപ്പെട്ട അഥാവാ നാം തന്നെ  നഷ്ട്പ്പെടുത്തിയ വസന്തം പോലെ ....   ഒരു നാടിനും ,നാട്ടുകാര്‍ക്കും എന്ന് വേണ്ട  കുടുംബാങ്ങള്‍ക്കും അന്നവും ,വസ്ത്രവും , അറിവും ,ഭൂമിയും നല്‍കി  പരിപോഷിപ്പിച്ച  ഒരു മഹത്തായ സംസ്കാരത്തിന്‍റെ  ഉറവിടം  അനശ്വരമായി നില നില്‍ക്കുക തന്നെ വേണം ..

By-Suryanarayanan Nambiar.

Kamballur Kottayil..