Saturday, July 2, 2016

തറവാട് എന്ന സങ്കല്പം







ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീഷിക്കുന്ന "തറവാട്,   എന്ന സങ്കല്പ്പത്തിന്‍റെ അഥപ്പതനം  .എന്‍റെ കാഴ്ചപ്പാടില്‍

ഇന്ന് നമ്മള്‍ ഇവിടെ ഈ ഭൂമിയില്‍     പലവിധത്തില്‍ ഉള്ള സുഖസൌകര്യങ്ങളും  അനുഭവിച്ചു ജീവിക്കുകയാണല്ലോ.  എങ്ങിനെ ഉണ്ടായി നമുക്കീവക സുഖ സൌകര്യങ്ങള്‍   എല്ലാം എന്നു ആരോടെങ്കിലും ചോദിക്കുകയാണെങ്കില്‍ എന്തായിരിക്കും മറുപടി.  എല്ലാം ഞാന്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കി എടുത്തതാണെന്ന മറുപടിയായിരിക്കും അധികം പേരില്‍ നിന്നും കിട്ടുക..സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്ന തരത്തില്‍ ഉള്ള ഒരു സ്ഥിരം ഡയലോഗു മാത്രമായി അറിവുള്ളവര്‍ ഇതിനെ വിലയിരിത്തും എന്നു മാത്രം. നമ്മള്‍ നേടിയ തെല്ലാം യഥാര്‍ഥത്തില്‍ നമ്മുടേതു മാത്രമാണോ. നമ്മുടെ നേട്ടങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ചവരെ നാം സൌകര്യപൂര്‍വ്വം മറന്നുപോയില്ലേ.  എല്ലാം നമ്മുടെ സ്വന്തം. ഭാര്യയ്ക്കും  കുട്ടികള്‍ക്കും മാത്രം അവകാശപ്പെട്ടത് എന്നാണല്ലോ വിചാരം .
നമ്മളെ പാലൂട്ടി വളര്‍ത്തി വലുതാക്കിയ അമ്മ , കൈ പിടിച്ചു നടത്തി സ്വയം നെഞ്ച്  വിരിച്ചു  നിവര്‍ന്നു നടക്കാന്‍ പഠിപ്പിച്ച അച്ഛന്‍, പലസ്ഥലങ്ങളിലും കൂടെ കൊണ്ടുപോയി പല കളികകളും , തമാശ  കാഴ്ച്ചകളും കാട്ടിത്തന്നു നമ്മളെ സന്തോഷിപ്പിക്കയും  ആനന്ദി പ്പിക്കയും ചെയ്ത നമ്മുടെ     സഹോദരങ്ങള്‍ . ഇങ്ങിനെ പലരോടും കടപ്പെട്ടവരല്ലേ നാം .  കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മളെ ജനിപ്പിച്ചത് ഒരാള്‍ പാലൂട്ടി വളര്‍ത്തിയത് ഒരാള്‍ ,ജോലി തന്നത് മറ്റൊരാള്‍ , അവസാനം കുളിപ്പിക്കുന്നത്  വേറൊരാള്‍. അവസാനം      എടുത്തുകൊണ്ടു പോകുന്നതും വെറൊരാളായിരിക്കും. പിന്നെ എന്തിനാണ് മനുഷ്യാ ഇത്രയും അഹങ്കാരം. നമ്മുടെ വീടിന്നുള്ളിലെ സാദന സാമഗ്രികള്‍ , ആഡംബര വസ്ത്തുക്കള്‍ ഇവയെല്ലാം നമ്മള്‍ ഉണ്ടാക്കിയതാണോ മറ്റുപലരുടെയും അദ്ധ്വാനവും വിയര്‍പ്പും അതില്‍ ഉണ്ട് . എന്തിനേറെപ്പറയുന്നു നമ്മള്‍ ഇന്ന് കഴിച്ച ഭക്ഷണത്തിന്റെ പിന്നില്‍  പ്പോലും  അനേകം പേരുടെ പരിശ്രമം ഉണ്ടല്ലോ . അതിനെല്ലാം പ്രതിഫലം നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടാകുമോ. “ഒരിക്കല്‍ ധനികനായ ഒരാള്‍ നല്ല ഫലപുഷ്ട്ടിയുള്ള ഭൂമി കണ്ടപ്പോള്‍ ഇങ്ങിനെ പറഞ്ഞു എന്നു കേട്ടിട്ടുണ്ട് .എന്ത് വില കൊടുത്തും  എനിക്കീ മണ്ണ് സ്വന്തമാക്കണം .അപ്പോള്‍ മണ്ണ് പറഞ്ഞു ഞാന്‍ ഒരു വിലയും കൊടുക്കാതെ തന്നെ നിന്നെ സ്വന്തമാക്കും എന്നു”.  
സ്വയം നടക്കാന്‍ പോലും കഴിവല്ലാതിരുന്ന നമ്മള്‍ എന്നോ സ്വന്തം കാലില്‍ നടക്കാന്‍ പഠിച്ചു എന്നു കരുതി ഇത്രയേറെ അഹങ്കരിക്കാമോ. നമ്മളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോടും സഹോദരങ്ങളോടും അതിലുമുപരി സമൂഹത്തോടും നമ്മള്‍ക്കു കടപ്പാടുണ്ട് . അതു മറക്കരുത്. സാമൂഹ്യ ജീവിയായ മാനുഷന് സ്വജനങ്ങളെയും സമൂഹത്തെയും നിരാകരിച്ചു ഒരു ജീവിതം സാദ്ധ്യമല്ല  . മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്ന അടിസ്ഥാന യൂണിറ്റാണല്ലോ  കുടുംബം. സമൂഹത്തിന്റെ വികാസവും പുതുതലമുറയുടെ വളര്‍ച്ചയും കുടുംബത്തിന്റെ സുസ്ഥിതിയെയും നന്മയെയും ആശ്രയിച്ചിരിക്കുന്നു. കുടുംബ ജീവിതത്തിന്‌ മനുഷ്യോല്‍പ്പത്തിയോളം പഴക്കമുണ്ടെന്നാണല്ലോ നമ്മുടെ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്നത് .നമ്മുടെ പുരാണ കഥാപാത്രങ്ങള്‍ മിക്കവരും ഉത്തമ കുടുംബജീവിതം നയിച്ചവരായിരുന്നു.
വിവാഹമെന്ന ഉത്തമ കര്‍മ്മത്തിലൂടെ രണ്ടു പേരില്‍ തുടങ്ങി മക്കളും മാതാപിതാക്കളുമെല്ലാമായി അനേകം പേരുടെ കൂട്ടായ്‌മയായി നില കൊള്ളാന്‍ ദൈവം തന്നെ ഉണ്ടാക്കി തന്ന ഒരു സംവിധാനം അതാണല്ലോ കുടുംബം, അഥവാ തറവാട് എന്നൊക്കെ പറയുന്നത് . പരസ്‌പര സ്‌നേഹം, വിട്ട്‌വീഴ്‌ച എന്നിവയിലൂടെ ശരിയായ കുടുംബ ബന്ധങ്ങള്‍ നില നിര്‍ത്താന്‍ മനുഷ്യന്‌ സാധിക്കും എന്നു നമ്മുടെ പഴയ തലമുറ കാട്ടിതന്നിട്ടുമുണ്ട് . എന്നിട്ടുമെന്തേ നാം ഇങ്ങിനെ. .
സുഖഭോഗ ജീവിതവും അതിനായി ഉപഭോഗ സംസ്‌കാരവും തങ്ങളുടെ കൊടിയടയാളങ്ങളായി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്ന വര്‍ത്തമാന കാലത്ത്‌ കുടുംബം തന്നെ തെറ്റുകുറ്റങ്ങളുടെ പ്രഥമ പാഠശാലയായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌. ഇവിടെ മാതാപിതാക്കളെന്നോ മക്കളെന്നോ വ്യത്യാസമില്ലാതെ പരസ്‌പര ധര്‍മവും മര്‍മവും മറന്ന പ്രവര്‍ത്തനങ്ങളാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. വിവര സാങ്കേതിക വിദ്യകള്‍ക്കൊപ്പം കുടുംബ ഘടകങ്ങളും മാറ്റങ്ങള്‍ സ്വീകരിച്ച്‌ മുന്നേറുന്നു.
കൂടുമ്പോള്‍ ഇമ്പമുള്ളതാണ്‌ കുടുംബം എന്ന കാഴ്ചപ്പാടിനു  പകരം കൂടുമ്പോള്‍ കലഹമുള്ളതാണ്‌ കുടുംബം എന്ന രീതിയിലേക്ക്‌ കാര്യങ്ങള്‍ മാറുകയാണോ . ഇവിടെ നഷ്ടപ്പെടുന്ന പ്രതാപത്തെ കുറിച്ചോ ചോര്‍ന്ന്‌ പോവുന്ന മൂല്യങ്ങളെ കുറിച്ചോ ആരും ചിന്തിക്കാറില്ല. ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ സ്വന്തം സഹോദരന്റെ മക്കളെപ്പോലും കണ്ടാല്‍ അറിയാതായി . അല്ലെങ്കിലും തിരക്കു പിടിച്ച ഇന്നത്തെ അധൂനിക ജീവിതത്തില്‍ ഇതിനൊക്കെ എവിടെയാണ് സമയം . ഇന്നു അച്ഛനും അമ്മയും വേണ്ട. അവരെ ശുശ്രൂഷിക്കാന്‍ നേരമില്ല .അവരെ വൃദ്ധസദനത്തില്‍ കൊണ്ടുവിടുന്നു .നമുക്കവരുടെ ഡെത്ത് സര്‍ടിഫിക്കറ്റ്  മാത്രം   മതി എന്ന നില വരെ എത്തി നില്‍ക്കുകയല്ലേ  കാര്യങ്ങള്‍ .
വിവരങ്ങള്‍ഇവിടെയാണ് തറവാട്,കുടുംബം എന്നൊക്കെയുള്ള വാക്കിന്‍റെ പ്രസക്തി നിലനില്‍ക്കുന്നത്. പണ്ടുകാലങ്ങളില്‍ നമ്മുടെ ഗുരു കാരണവന്മമാര്‍ വീടുകളില്‍ തന്നെ അവരുടെ ധര്‍മ്മ ദൈവങ്ങളെ കുടിയിരുത്തി പള്ളിയറകളും, ക്ഷേത്രങ്ങളും നിര്‍മ്മിച്ച്‌  കുടുംബത്തിലെ എല്ലാ തലമുറകളെയും അവിടെ നടക്കുന്ന പൂജാകര്യങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ അവസരം നല്‍കുകയും ഒരുമിച്ചു ഭക്ഷണം കഴിച്ചു സുഖ ദുഖങ്ങള്‍ പങ്കു വെച്ചു അങ്ങിനെ തറവാട് എന്ന ആശയവും, പ്രൌഡമായ ഒരു സംസ്കൃതിയും നമ്മളില്‍ ഉയര്‍ന്നു വരാന്‍ ഇടയാക്കിരുന്നു.
ഇന്ന് ആ ക്ഷേത്രങ്ങളും അനുഷ്ട്ടങ്ങളും എല്ലാം ജീര്‍ണ്ണ സ്ഥിതിയെ പ്രാപിച്ചിരിക്കുകയാണ് .അവ നന്നാക്കിയെടുക്കാനുള്ള  തിരക്കിലാണ് നമ്മില്‍ പലരും .അതിന്നായി കുടുംബാംഗങ്ങള്‍ ഒത്തു ചേരുന്നു പരസ്പരം അഹിതമായ കാര്യങ്ങള്‍ പറഞ്ഞു കലഹത്തിന്റെ വക്കുവരെ എത്തുന്ന കാഴ്ചകള്‍ കാണാം  ഈ ഒരു കാര്യത്തില്‍ മാത്രമല്ല പലപ്പോഴും പലകാര്യങ്ങളിലും കുടുംബംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ ഇങ്ങിനെ സംഭവിക്കുന്നു.  അവസാനം എല്ലാ കാര്യങ്ങളും തകിടം മറിയുന്നു .ഒരു തീരുമാനത്തില്‍ എത്താറില്ല . ഗുരുജനങ്ങളോട് പോലും പറയരുതാത്തത് പറഞ്ഞുപോകുന്നു . സംരക്ഷേക്കണ്ട സഹോദരിയോടും, അമ്മയോടും കോപിക്കാന്‍ ഒരു മടിയും ഇല്ല. ആധുനിക മാനവ സമൂഹത്തിനു  മനസ്സില്‍ നിന്നും ഭയ ഭക്ത്തി, ബഹുമാനം ,സ്നേഹം, കാരുണ്യം, എന്നിവ നഷ്ട്ടപ്പെട്ടു പോയി എന്നാണോ കരുതേണ്ടത് .  പിന്നെങ്ങിനെയാണ് നമുക്ക് പണ്ടുണ്ടായിരുന്ന സാംസ്കാരിക മൂല്യവും തറവാടും, അവിടെ പടിഞ്ഞാറ്റയില്‍ കത്തിച്ചു വെച്ച നിലവിളക്കും, ശ്രീകോവിലിലെ പ്രതിഷ്ട്ടയെയും വണങ്ങാനും ശുദ്ധീകരിക്കാനും  കഴിയുക .ദൈവ സൃഷ്ട്ടികളായ സ്വന്തം സഹോദരന്മാരെ കാണാന്‍ കഴിയാത്ത കണ്ണു കൊണ്ടെങ്ങിനെ നിലവിളക്കിലും, കരിങ്കല്‍ പ്രതിഷ്ട്ടയിലും ചൈതന്ന്യം കാണാന്‍  സാധിക്കുക .
ആദ്യം സ്വയം ഹൃദയത്തെയും മനസിനെയും ശുചീകരിച്ചു സഹോദരങ്ങളെയും കുടുംബത്തെയും തദ്ധ്വാര സമൂഹത്തെ മൊത്തമായും മാനിക്കാന്‍   പ്രാപ്തരാകുക. അതായത് സ്വന്തം ഹൃദയത്തില്‍ തന്നെ ആദ്യം ഒരു ക്ഷേത്രം പണിയുക. ഇങ്ങിനെയുള്ള പവിത്രത സംരക്ഷിക്കപ്പെടുമ്പോഴാണ്‌ കുടുംബം തറവാട് എന്നൊക്കെയുള്ള അര്‍ത്ഥം പൂര്‍ണ്ണമാവുന്നത്‌.  കുടുംബം ,തറവാട് എന്നൊക്കെയുള്ള വ്യവസ്ഥകള്‍ സമൂഹത്തിനും  തറവാട്ടിലെ ഓരോ അംഗത്തിനും ഉപകാര പ്രഥമാകണമെങ്കില്‍ കുടുംബത്തിലെ അംഗങ്ങള്‍ പിതാവ്‌, മാതാവ്‌, മക്കള്‍, എന്നിവരെല്ലാം കൃത്യമായ വിധികളും, വിലക്കുകളും പാലിക്കേണ്ടതുണ്ട്‌. ഇതിന്റെ അഭാവമാണ്‌ കുടുംബങ്ങളില്‍ ഇന്നു കാണുന്ന അസ്വസ്ഥതകള്‍ക്കു കാരണം . ക്ഷമയും, സഹനവും, സ്‌നേഹവും,  യഥേഷ്ടം ആവശ്യമായി വരും. എങ്കില്‍  കുടുംബ ബന്ധങ്ങള്‍ ശക്ത്തി പ്രാപിക്കും.  ഒരുപാട് പണമോ, വലിയ കെട്ടിടങ്ങളോ, സ്ഥാനമാനങ്ങളോ കൊണ്ടുമാത്രം കുടുംബത്തിന്റെ ഭദ്രതയും സുരക്ഷിതത്വവും സാധ്യമാകുന്നില്ല. പരസ്പര സ്‌നേഹവും അതിലൂടെ നേടിയ കുടുംബബന്ധങ്ങളും ദൈവം കനിഞ്ഞരുളിയ അനുഗ്രഹമായി കണ്ട്, അവ ഭദ്രമായി നിലനിര്‍ത്താനും അതിലൂടെ വ്യക്തിക്കും സമൂഹത്തിനും ലഭിക്കേണ്ടുന്ന നന്മകളെ വളര്‍ത്താനും കഴിയുമ്പോഴാണ് മനുഷ്യന്‍ വ്യത്യസ്തനാകുന്നത്. ഇതൊന്നും ഇല്ലെങ്കില്‍ നമ്മുടെ തറവാടും കുടുംബവും ഭവനവും എല്ലാം സങ്കല്‍പ്പങ്ങള്‍ മാത്രം.  ഉണങ്ങി വരണ്ട ഒരു കെട്ടിടം മാത്രമാകും അവ . എന്നും വഴക്ക് കൂടുന്ന വീട്ടിലെ സദ്ധ്യയെക്കാള്‍ സ്വസ്ഥമായ കുടുംബാന്ധരീക്ഷമുള്ള വീട്ടിലെ പഴംകഞ്ഞി ആയിരിക്കും ഉത്തമം  എന്നു കേട്ടിടുണ്ട് . എന്നും വഴക്കു കൂടുന്ന വീടുകളില്‍ ഭിക്ഷക്കാര്‍ പോലും വരാന്‍ മടിക്കും. 
(‘സംബന്ധമാ ഭാഷണ പൂര്‍വമാഹു: എന്നാണല്ലോ രഘുവംശത്തില്‍ കാളിദാസന്‍ പറഞ്ഞിരിക്കുന്നത് .) ബന്ധങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ഭാഷണം കൂടിയേ തീരു . കുറ്റപ്പെടുത്തലുകളും പരാതികളും ഏറെയുണ്ടാകാം . എങ്കിലും സഹോദരീ സഹോദരന്മാരും, അമ്മാവന്‍ മാരും എളയച്ചന്മാരും, മാതാപിതാക്കളുമെല്ലാം കുടുംമ്പം അല്ലങ്കില്‍ തറവാട് എന്നിങ്ങനെ ഉള്ള സംവിധാനത്തിലെ ഏറ്റവും ശക്തമായ രക്ത ബന്ധ ശൃംഖലയില്‍പ്പെട്ടവരാണെന്ന് ഓര്‍ക്കുക . അവരോടു എന്നും യുവ തലമുറകള്‍ അവരുടെ ക്ഷമാശീലം പരീക്ഷിക്കുക  . വര്ഷത്തില്‍ ഒരിക്കലല്ല പലപ്രാവശ്യം കുടുംബത്തിലെ എല്ലാവരും ഒത്തുകൂടാനുള്ള സാഹചര്യം  ഒരുക്കുക അവിടെ വെച്ച് പരസ്പരം സംസാരിക്കുക ആശയങ്ങള്‍ കൈമാറുക. എനിക്കു അതു തരണം ഇത് തരണം എന്നു പ്രാര്‍ഥിക്കാതെ കുടുംബത്തിന്‍റെ ശ്രേയസ്സിനു വേണ്ടി മൊത്തത്തില്‍ പ്രാര്‍ഥിക്കുക .ഒരു കുടുംബത്തിലെ ഒന്നോ രണ്ടോ ആള്‍ക്കാര്‍ മാത്രം ഉന്നതിയില്‍ എത്തിയിട്ട് കാര്യമില്ല .എല്ലാവരും തുല്ല്യ നിലയില്‍ എത്തണം. എന്ന ഭോധം വളര്‍ത്തുക എന്നാലെ ഒരു കുടുംബം ,  അല്ലങ്കില്‍  തറവാട്    നന്നായി എന്നു പറയാന്‍ പറ്റു. അതുവഴി ഒരു സമൂഹവും നല്ല നിലയില്‍ എത്തട്ടെ .  ശേഷി കുറഞ്ഞവനും കൂടിയവനും ഉണ്ടാകാം . ശേഷി  കുറഞ്ഞവനെ കൈ പിടിച്ചു ഉയര്‍ത്താന്‍ പരിശ്രമിക്കുക നമ്മുടെ സേവനങ്ങള്‍ വേണ്ടിടത്ത് അതു ചെയ്യാന്‍ മടിക്കാതിരിക്കുക
അതിനായി നാം ആദ്യം നമ്മളെ അറിയുക പിന്നെ നമ്മുടെ കുടുംബ ബന്ധങ്ങളുടെ വില അറിയുക പിന്നെ അതിന്റെ വേരുകള്‍ തേടി പോവുക  .  അതുവഴി നമ്മുടെ തറവാടിന്റെ പാരമ്പര്യവും പൈതൃക സംസ്കാരവും എത്ര വലുതായിരുന്നു എന്നു മനസിലാക്കാന്‍ ശ്രമിക്കുക..  അതുവഴി നേടിയ അറിവ്    
വരും തലമുറക്കാര്‍ക്ക് വേണ്ടി കാത്തു സൂക്ഷിക്കുക .  വേരുകള്‍ നഷ്ട്ടപ്പെട്ട വൃക്ഷത്തിന്‌  നില്ലനില്പ്പു ഇല്ലല്ലോ അതുപോലെ ത്തന്നെ പ്രാധാന്യമുള്ളതാണ് അതിലെ ഓരോ ചില്ലകളും ,ഇലയും . മറ്റും ,  കുടുംബത്തിലെ ഓരോ വ്യക്തികള്‍ക്കും അവരവരുടേതായ  വ്യക്തിത്വവും ,കാഴ്ചപ്പാടുകളും ഉണ്ടാകാം .അവര്‍ ചെറിയ കുട്ടികള്‍ ആയാല്‍ പ്പോലും .. അവരെ ബഹുമാനിക്കാനും ,സ്നേഹിക്കാനും നമുക്ക് കഴിയണം .  അത് ചെയ്യരുത് ഇത് ചെയ്യരുത് , എന്തിനു അതു  ചെയ്തു    എന്നല്ലാതെ എന്ത് ചെയ്യണം  എന്ന് ആരും പറഞ്ഞു കേള്‍ക്കാറില്ല .   നാം ചെയ്തു കഴിഞ്ഞ പ്രവര്‍ത്തികള്‍ക്ക് മാത്രമാണല്ലോ  വിമര്‍ശനം നേരിടേണ്ടി വരിക . ഒന്നും ചെയ്യാത്തവര്‍ക്ക് വിമര്‍ശനത്തെ  ഭയക്കേണ്ടതില്ലോ . വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഒരാളെ തിരഞ്ഞു പിടിച്ചു വിമര്‍ശിക്കാതിരിക്കുക. കാരണം വിമര്‍ശനം ഒരു നല്ല കലയാണ്‌ . സംരക്ഷിക്കുകയും  . പരിപോഷിപ്പിക്കുകയും  ആണ് വേണ്ടത്  ..     നമ്മുടെ കുടുംബ യോഗങ്ങളിലും പലപ്പോഴും ബഹളവും ,ആശയകുഴപ്പങ്ങളും ഉണ്ടാകാം . അവ വെറും അഭിപ്രായങ്ങളും ,ആശയങ്ങളും തമ്മില്‍ ഉള്ള  സംഘട്ടനം  മാത്രമാണ്  അല്ലാതെ വ്യക്തികള്‍ തമ്മില്‍ അല്ല എന്ന് ഓര്‍ക്കുക . യാതൊരു വിധ  വിദ്ധ്വേഷവും, വെറുപ്പും  മനസ്സില്‍ വെച്ച്  കൊണ്ട്  നമ്മള്‍ നമ്മളെത്തന്നെ  ധുഷിപ്പിക്കാതിരിക്കുക . നെഗറ്റീവ് എനര്‍ജി  വരാന്‍  അനുവദിക്കാതിരിക്കുക (യുദ്ധം കഴിഞ്ഞാലും വേണം പ്രീതി പരസ്പരം')   എന്ന ഗീതാ വാക്ക്യം  നമുക്ക് ഇവടെ  '          ( 'യോഗം കഴിഞ്ഞാലും വേണം പ്രീതി പരസ്പരം ')  എന്ന് രേഖപ്പെടുത്താം ...


(വലിയ രചനാ പാഠവമൊന്നും അവകാശപ്പെടാന്‍ ഞാന്‍ അര്‍ഹനല്ല എന്നറിയാം അറിയാം എഴുതിയത് മുഴവന്‍ ഇന്നത്തെ കാലഘട്ടത്തില്‍ എത്രമാത്രം വിലപ്പോകും എന്നും അറിയാം  ചിലപ്പോള്‍ വായനക്കാര്‍ പരിഹസിക്കും .കുറ്റപ്പെടുത്തലുകളും പ്രതീഷിക്കുന്നു . ചിലപ്പോള്‍ ഞാന്‍ തനിച്ചാകുമ്പോള്‍ എന്‍റെ ചെറുപ്പകാലം ‘മക്കളും മരുമക്കളും വലിയമ്മയും വലിയച്ചനും അമ്മാവന്മാരും എല്ലാവരും കൂട്ടുകുടുംബമായി താമസിച്ചിരുന്ന ആ പഴയ നല്ലകാലം തറവാട് വീടും പടിപ്പുരയും പത്തായ പുരയും മറ്റും ഓര്‍മ്മകളില്‍ അനുവാദമില്ലാതെ കടന്നുവരുന്നു .ഇത്രമാത്രം ഇപ്പോള്‍ പറയുന്നു..


                 Suryanarayanan Nambiar.KK