പുളിങ്ങോം മഖാം |
കംബല്ലുര്‍
കോട്ടയില്‍ തറവാടും, പുളിങ്ങോം മഖാമും .
മത സൌഹാര്‍ദ്ധത്തിന്റെ
പ്രതീകമായി കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോത്തു നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
ഉയര്‍ന്നു വന്ന ഒരു പ്രസിദ്ധമായ മുസ്ലീം ദേവാലയമാണ് പുളിങ്ങോം മഖാം . ഈ
ദേവാലയത്തിന് പഴയകാല പ്രഭല നായര്‍ തറവാടുകളില്‍ ഒന്നായ
കംബല്ലുര്‍ കോട്ടയില്‍ തറവാടുമായി ചരിത്രപരമായി അഭേദ്ധ്യമായ ബന്ധം ഉണ്ടായിരുന്നു
എന്ന വസ്തുത അറിയാവുന്നവര്‍ ചുരുങ്ങും .തറവാട്ടിലെ മുതിര്‍ന്ന തലമുറക്കു
ഈ വക കാര്യങ്ങള്‍ അറിയാമായിരുന്നു .യുവ
തലമുറകള്‍ക്ക് ഈ വക കാര്യങ്ങള്‍ അജ്ഞാതമായിരിക്കാനാണ് സാധ്യത . ഇന്നത്തെ യുവ
തലമുറകള്‍ കൂടി ഈ വക കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് കാലഘട്ടത്തിന്‍റെ കൂടി
ആവശ്യമാണെന്ന് ഞാന്‍ കരുതുന്നതു കൊണ്ടായിരിക്കാം ഈ ബ്ലോഗ് എഴുതാന്‍ എന്റെ മനസ് എന്നെ പ്രാപ്തനാക്കിയത് .
കാര്യത്തിലേക്ക് കടക്കുന്നതിനു മുന്‍പ് കേരളത്തിലെ
മുസ്ലിം അധിനിവേശത്തെ കുറിച്ചു അല്‍പ്പം ചരിത്രം കൂടി
മനസിലാക്കുന്നത് നന്നായിരുക്കും എന്നു തോന്നുന്നു . 18ആം നൂറ്റാണ്ടിന്‍റെ ആദ്യ കാലഘട്ടങ്ങളില്‍
ആണല്ലോ ഇന്ത്യ യിലേക്കുള്ള മുസ്ലിംങ്ങളുടെ വരവ് തുടങ്ങുന്നത് .കച്ചവട
താല്‍പര്യമായിരുന്നു അവരെ പ്രധാനമായും ഇവിടേയ്ക്ക് ആകര്‍ഷിച്ചത് ,അതിനാല്‍ തന്നെ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍
മാത്രമാണ് അധ്യകാലഘട്ടങ്ങളില്‍ അവരുടെ സാനിധ്യം ഉണ്ടായിരുന്നത് . പിന്നീട് അത്
കിഴക്കന്‍ മേഖലകളിലേക്കും ക്രമേണ വ്യാപിക്കുകയായിരുന്നു . അന്നത്തെ നാടുവാഴികള്‍ക്കും, പ്രമാണികള്‍ക്കും , ഭൂപ്രഭുക്കന്മാര്‍ക്കും ,നായന്മാര്‍ക്കും കടല്‍
കച്ചവടക്കാരുമായുള്ള സൌഹൃദവും ,സ്നേഹവും
നിലനിര്‍ത്തേണ്ടത് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ വളരെ ഉപകരിക്കും
എന്നു തോനിയതു കൊണ്ടാകാം അവരുടെ കിഴക്കോട്ടുള്ള വരവിനെ പ്രോത്സാഹിപ്പിച്ചതും അവര്‍ക്കു
വേണ്ടുന്ന സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്തു ആരോഗ്യ പരമായ ഒരു ബന്ധം നിലനിര്‍ത്താന്‍
പ്രേരകമായത് . അതുവരെ തീരദേശ മേഘലകള്‍ വിട്ടു അവര്‍ അധികം യാത്ര ചെയ്തിരുന്നില്ല .
ചില സ്ഥലങ്ങളില്‍ ജാതിവ്യവസ്ഥകള്‍ ഇവരുടെ വരവിനു തടസമായി നിലനിന്നിരുന്നു .
എന്നാല്‍ മുസ്ലിം ആവാസ കേന്ദ്രങ്ങളില്‍ ഉള്ള ചിലര്‍ ഇസ്ലാം മതത്തെ സ്വാഗതം
ചെയ്യുകയും അവരുമായുള്ള സ്നേഹ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഇങ്ങിനെ
വന്ന മുസ്ലീങ്ങളില്‍ കച്ചവടക്കാരും ,കഠിനമായി
ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു . ഇത്തരത്തില്‍ ഉള്ള ഒരു ബന്ധം
നാട്ടുപ്രമാണിമാരുടെയും , ഭൂപ്രഭുക്കന്മാരുടെയും
കച്ചവടവും ,കൃഷികാര്യങ്ങളും
സംപുഷ്ട്ടി പ്രാപിക്കാന്‍ കാരണമായി . ഹൈന്ദവരു മായുള്ള ഈ മതമൈത്രി വളരെ
ക്കാലം നിലനിന്നു പോരുന്നു .അങ്ങിനെ മത സൌഹാര്‍ദ്ധ ത്തിന്‍റെ നല്ല നാളുകള്‍
നമുടെ മലബാറിന്റെ മലയോരങ്ങിലും ഒരുകാലത്ത് കളിയാടിയിരുന്നു .
കേരളത്തിലെ ഉള്‍നാടന്‍
പ്രദേശങ്ങളില്‍ ഉണ്ടായ ആദ്യത്തെ പള്ളി യാണല്ലോ മലപ്പുറം ജില്ലയിലേത് .അവിടെ
ഉണ്ടായിരുന്ന 'പറമ്പി
നമ്പി 'എന്നൊരാളുടെ
ഭൂസ്വത്തുക്കള്‍ കടത്തനാട്ടുകാര്‍ ആക്രമിച്ചപ്പോള്‍ യുദ്ധ സഹായം
ചെയ്തുകൊടുത്തതിനു പ്രത്യുപകാരമായി പണിതുകൊടുത്തതാണ് ഈ പള്ളി എന്ന് പറയപ്പെടുന്നു
.ഇതുപോലെ ഹിന്ദു മുസ്ലിം മത മൈത്രിയുടെ യും സാഹോദര്യ ബന്ധത്തിന്റെയും അവാച്യ
മായ ഊഷ്മളത പണ്ടു മുതലേ മനസിലാക്കിയിരുന്ന ഒരു നായര്‍ തറവാട്ടുകാര്‍
(പുളിങ്ങോത്തു നായര്‍ ) അഥവാ കംബല്ലുര്‍ കോട്ടയില്‍ തറവാട്ടുകാര്‍ എന്നൊരു നായര്‍
കുടുംബക്കാര്‍ ഇവിടെ കാസര്‍ഗോഡ് ജില്ലയിലും (പഴയ കണ്ണൂര്‍ ജില്ല ) ഉണ്ടായിരുന്നു
. അവര്‍ ഇന്നും ആ നല്ല സൌഹൃദ ബന്ധം നിലനിര്‍ത്തി പ്പോരുന്നു . അതിനു മൂക
സാക്ഷിയായി പ്രസിദ്ധമായ പുളിങ്ങോം മഖാം തലയുയര്‍ത്തി നില്‍ക്കുന്നു . മനുഷ്യന്‍
ഏതു മതവിശ്വാസി ആയാലും തമ്മില്‍ തമ്മില്‍ ബഹുമാനത്തോടെ ഇടപഴകുന്ന ഒരു വ്യവസ്ഥ
എല്ലാ മനുഷ്യരുടെയും നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണെന്നു വളരെക്കാലം
മുന്‍പു തന്നെ ഈ തറവാട്ടുകാര്‍ മനസിലാക്കിയിരിക്കണം . ഏകദേശം നാനൂറു വര്‍ഷത്തെ ചരിത്രം
അവകാശപ്പെടാവുന്ന ഒരു പ്രസിദ്ധ തറവാടു കൂടിയാണ് കംബല്ലുര്‍ കോട്ടയില്‍ തറവാട്
.ഇന്നത്തെ കണ്ണൂര്‍,കാസറഗോഡ് ജില്ലകളില്‍ ആയി അനേകം ഏക്കര്‍ ഭൂസ്വത്തുക്കളുടെ
അവകാശികള്‍ ആയിരുന്നു അവര്‍ .നൂറ്റാണ്ടുകള്‍ മുന്‍പു കേരളത്തില്‍ എത്തിയ സൂപ്പി
വര്യന്മാര്‍ക്ക് പള്ളി പണിയാന്‍ ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോത്ത്
എന്ന സ്ഥലത്ത് വിശാലമായ ഭൂമി നല്‍കി എല്ലാ സഹായ സഹകരണങ്ങളും നല്‍കി
മാതൃകയായി .അങ്ങിനെ അവിടെ പ്രസിദ്ധമായ ഒരു മുസ്ലിം ആരാധനാലയം ഉയര്‍ന്നു
വന്നു .ഇന്നും പ്രൌഡിയോടെ നിലനില്‍ക്കുന്നു . സ്നേഹ ബന്ധവും സൌഹാര്‍ദ്ധവും പരസ്പര
സഹകരണവും എല്ലാം പഴയപടി തന്നെ ഒട്ടും കുറവില്ല .ഓരോ വര്‍ഷവും പള്ളിയില്‍ നേര്‍ച്ച
കുറിക്കുന്നതിന് മുന്പായി പുളിങ്ങോത്തു നായരുടെ തറവാട്ടില്‍ (കംബല്ലുര്‍ കോട്ടയില്‍
വീട്) പോയി മുസ്ലിം സഹോദരങ്ങള്‍ പോയി സമ്മതം ചോദിക്കുന്ന ഒരു ചടങ്ങ് ഇന്നും
നിലനില്‍ക്കുന്നു . തറവാട്ടിലെ തല മുതിര്‍ന്ന സ്ത്രീ (കോട്ടയില്‍ അമ്മ )
വന്നു പടിഞ്ഞാറ്റയില്‍ നിന്നും കൊടിയിലയില്‍ മഞ്ഞള്‍ പ്രസാദം
എടുത്തു പടിമ്മേല്‍ വെക്കുന്നു ആ പ്രസാദം സ്വീകരിക്കുന്നതോടു കൂടി
ഉറൂസിന്റെ ദിവസം കുറിക്കും . കൂടാതെ അംഗങ്ങളെ ചടങ്ങില്‍ പങ്കെടുക്കാന്‍
പള്ളിയിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു . പണ്ടുകാലത്തു പള്ളിയിലെ ഉറൂസിന്റെ
മുഴുവന്‍ ചിലവുകളും ഈ തറവാട്ടുകാര്‍ തന്നെയാണ് വഹിച്ചിരുന്നത് എന്നു
പറയപ്പെടുന്നു . ഇപ്പോള്‍ പഴയ പ്രതാപമൊക്കെ മാറിപ്പോയ അവസ്ഥയില്‍ ഒരു ചെറിയ
സംഖ്യാ കവറില്‍ ആക്കി പള്ളി ഭാരവാഹികളെ ഏല്‍പ്പിക്കുന്നു ,അത്രമാത്രം . ഇത്തരത്തില്‍ ഒരു ചടങ്ങില്‍
പങ്കെടുക്കാന്‍ തറവാട്ടിലെ ഒരംഗ മെന്ന നിലയില്‍ എനിക്കും ഈ 2016. വര്‍ഷത്തില്‍ ഒരവസരം
കിട്ടി .ഈ വര്‍ഷം ,മകര
മാസം ഒന്നാം തീയതിയായിരുന്നു അത് . എന്റെ അമ്മാവന്‍ ശ്യാം കുമാര്‍ ,സഹോദരന്മാരും ഒരുമിച്ചു അവിടെ പോകാനും
പള്ളിക്കകത്തു കയറി പ്രാര്‍ഥിക്കാനും കിട്ടിയ അസുലഭ മുഹൂര്‍ത്തം .
പള്ളി കമ്മിറ്റി ഭാരവാഹികള്‍ ക്ഷണിച്ചു വരുത്തിയ അതിഥികളായ ഞങ്ങളോടു എത്ര
മാന്ന്യമായാണ് അവര്‍ പെരുമാറിയത് അവര്‍ തന്ന ആദരവും സ്നേഹവും അവരുടെ ഹൃദയത്തിന്റെ
അടിത്തട്ടില്‍ നിന്നും വന്ന സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും ഭാഷ
തന്നെയായിരുന്നു എന്നതു തിരിച്ചറിയാന്‍ വിഷമമുണ്ടായില്ല . തമ്മില്‍ തമ്മില്‍
ബഹുമാനത്തോടെ ഇടപഴകുന്ന സഹവര്‍ത്തിത്വ അന്തരീക്ഷം ഇതു മതവിശ്വസങ്ങളുടെയും നിലനില്‍പ്പിനു
ആവശ്യമാണല്ലോ . ഇതൊക്കെ അനുഭവിക്കാന്‍ നമ്മള്‍ എന്തു സുകൃതമാണ് ചെയതതു എന്നു
നിശ്ചയമില്ല . ഇത്രയും പ്രൌഡമായ പാരമ്പര്യമുള്ള കംബല്ലുര്‍ കോട്ടയില്‍ തറവാട്ടില്‍
ജനിക്കാന്‍ ഇടവന്നതു തന്നെയായിരിക്കാം അതിനു കാരണം . അഭിമാനിക്കുന്നു ഞാന്‍
എന്‍റെ തറവാടിനെ കുറിച്ചു .ഈ വൈകിയ വേളയിലെങ്കിലും . ഒരു പക്ഷെ
ഇതുതന്നെയായിരിക്കാം നമ്മുടെ പിതാമഹന്മാര്‍ അവരുടെ പിന്‍ തലമുറക്കാര്‍ക്കായി
ബാക്കി വെച്ചിട്ടു പോയ പൈതൃക സമ്പത്ത് . ഇവ എന്നും സംരക്ഷിക്കപ്പെടണം
അതു കാലഘട്ടത്തിന്‍റെയും വരും തലമുറകളുടെയും ആവശ്യമാണ് .കര്‍ത്തവ്യമാണ് .
പള്ളിയില്‍ നിലവിളക്കു
കത്തിക്കുന്നത് പുളിങ്ങോം മഖാമില്‍ കാണുന്ന ഒരു പ്രത്യേകതയാണ് . ഉറൂസ് നടക്കുന്ന
അവസരത്തില്‍ ദാഹ ജലം നല്‍കുന്നതിനും ,
വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും ഹിന്ദു സഹോദരന്മാര്‍
മുന്നിട്ടിറങ്ങുന്നു . ഇങ്ങിനെ ഹിന്ദുക്കളും ,മുസ്ലിങ്ങളും തോളോടു തോള്‍ ചേര്‍ന്നു
ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന കാഴ്ച്ച ഇന്ന് വളരെ അപൂര്‍വമായി മാത്രം
കണ്ടുവരുന്നു . ഇങ്ങിനെയുള്ള സൌഹാര്‍ദ്ധ ബന്ധ മായിരിക്കാം പിന്നീട് മാപ്പിള
തെയ്യത്തിന്റെ പിറവിക്കു കാരണമായത് .
ചാമുണ്ടി അമ്മയും
മാപ്പിള തെയ്യവും ഒരുമിച്ചു കെട്ടിയാടുന്ന പാരമ്പര്യം ഉള്ള ഒരു നായര്‍ തറവാട്
കൂടിയാണല്ലോ കംബല്ലുര്‍ കോട്ടയില്‍ തറവാട് . പുളിങ്ങോം പള്ളിയിലെ കലന്തന്‍
മുക്ക്രി ഹിന്ദു ദേവതയായ കരിം ചാമുണ്ടിയുടെ കോപത്തിനിരയായി കൊല്ലപ്പെടുന്നതും ആദ്യ
വധ ശ്രമത്തില്‍ കൊട്ടതലച്ചി മലയില്‍ നിന്നും ഒരു വലിയ പാറക്കല്ല്
മുക്ക്രിക്കു നേരെ തള്ളിവിടുന്നതും ആ കല്ല് പുളിങ്ങോം പള്ളിക്കു നേരെ
വന്നപ്പോള്‍ വേറൊരു ഹിന്ദു ദൈവമായ പൊട്ടന്‍ ദൈവം തന്‍റെ ചൂരല്‍ കോല്‍ കൊണ്ട്
കല്ലിനെ തടുത്തു നിര്‍ത്തി പള്ളിയെ രക്ഷിക്കുന്നതും , മരണ ശേഷം കലന്തന്‍ മുക്ക്രി ചാമുണ്ടിക്കൊപ്പം
തെയ്യമായി പരിണമിച്ച കഥയും നിലവില്‍ ഉണ്ട് . ഇതേ കലന്തന്‍ മുക്ക്രിയെ ത്തന്നെയാണ്
ഇന്നും മാപ്പിളയും ചാമുണ്ടിയുമായി കംബല്ലുര്‍ കോട്ടയില്‍ വീട്ടില്‍ എല്ലാ തുലാവം '11, തീയതിയും
കെട്ടിയാടിക്കുന്ന തെയ്യകൊലം .തുലാവം 10.നു രാവിലെ മുതല്‍ തന്നെ തെയ്യത്തിനുള്ള
ഒരുക്കങ്ങള്‍ തുടങ്ങുന്നു . മാവിലന്‍ സമുദായത്തില്‍ പ്പെട്ടവരാണ് ഇവിടുത്തെ തെയ്യ കൊലധാരികള്‍
,അവര്‍ രാവിലെ തന്നെ എത്തുന്നു . ശേഷം തലമുതിര്‍ന്ന തറവാട്ടംഗം മൂന്ന്
കൊലധാരികളെയും തീരുമാനിച്ചു പട്ടും വളയും കൊടുക്കുന്നു .തുടര്‍ന്ന് അധികം അകലെ
അല്ലാത്ത ആക്കോ കാവില്‍ അടിയന്തിരം കഴിച്ചു ആക്കോ ചാമുണ്ടിയുടെ ചൈതന്യം ആവാഹിച്ചു
തറവാട്ടു വീട്ടിലേക്കു എഴുന്നള്ളിച്ചു കൊണ്ടുവരുന്നു .തുലാവം .11.നു സന്ധ്യ യോടെ തുടങ്ങല്‍
എന്ന ഒരു ചടങ്ങ് നടന്നാല്‍ പിന്നെ തെയ്യകൊലങ്ങള്‍ അരങ്ങില്‍ വരും . വീരന്‍ തെയ്യം,
നാട്ടടുക്കന്‍ തെയ്യം, മാപ്പിളയും,ചമുണ്ടിയും, കാട്ടുമൊടന്ത, എന്നീ കോലങ്ങള്‍
തറവാട്ടു മുറ്റത്തു നിറഞ്ഞാടുന്നു . അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു വരമഞ്ഞള്‍ കുറിയുടെ ഗന്ധം
ഭക്ത മനസുകളില്‍ നിറക്കുന്നു .12.നു
രാവിലെ മുതല്‍ വിഷ്ണുമൂര്‍ത്തി , ആക്കോ ചാമുണ്ടി , കാട്ടുമൊടന്ത. എന്നീ തെയ്യങ്ങള്‍
കെട്ടിയാടുന്നു .
കൂടാതെ തറവാട് വീടിന്റെ
കിഴക്കു ഭാഗത്തായി ഒരു ഭഗവതി ക്ഷേത്രവും തരവാട്ടുകാരുടെതായി ഉണ്ട് .ഇപ്പോള്‍ ഈ
ക്ഷേത്ര ഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണെങ്കിലും പാരമ്പര്യ ട്രസ്റ്റി
കോട്ടയില്‍ തറവാട്ടിലെ കാരണവരാണ് . തറവാട്ടുകാരുടെ ധര്‍മ്മ ദൈവമായ വാഴക്കോട്ടു
ഭഗവതി പടിഞ്ഞാറു ഭാഗത്തേക്ക് ദര്‍ശനമായി കംബല്ലുര്‍ ഭഗവതി ക്കൊപ്പം നിലകൊള്ളുന്നു
. മീന മാസത്തിലെ കാര്‍ത്തിക നാളില്‍ ഇവിടെ മൂന്ന് ദിവസത്തെ ഉത്സവം നടത്തപ്പെടുന്നു
.
യുക്തി ചിന്തകളില്‍
വ്യപരിച്ചാല്‍ ഈ കഥകളിലൊക്കെ ചിലപ്പോള്‍ നമുക്കു പല വൈചിത്ര്യങ്ങളും കാണാന്‍
കഴിഞ്ഞേക്കാം . യുക്തിക്കു നിരക്കാത്തവ . എങ്കിലും ഈ കഥകളൊക്കെ പഴയ കാലത്തെ
സാമൂഹ്യ വ്യവസ്ഥിതി അനുസരിച്ചു മത മൈത്രി ബന്ധം എന്നും നിലനില്‍ക്കാന്‍
വേണ്ടിത്തന്നെയാകണം ഉണ്ടാക്കപെട്ടതു . ഹൈന്ദവ മത സങ്കല്പ്പത്തിനൊപ്പം ഇസ്ലാം മത
സങ്കല്‍പ്പങ്ങളും കൂടിച്ചേരുന്നു ഇവിടെ .മത സംഘര്‍ഷങ്ങള്‍ എന്നും നമ്മുടെ മനസിനെ
അലട്ടുമ്പോള്‍ മതസൌഹാര്‍ദം നിറഞ്ഞു തുളുമ്പുന്ന ഒരന്തരീക്ഷം ഇവിടെ തെളിഞ്ഞു വരണം .
അതിനു ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ നിലനില്‍ക്കുക തന്നെ വേണം . മതമൈത്രിയുടെ
ഊഷ്മളത തൊട്ടറിയുവാന്‍ വേറെ ഉദാഹരണങ്ങള്‍ നാം എന്തിനു തേടി പ്പോകുന്നു .
'ലോകാ
സമസ്താ സുഖിനോ ഭവന്തു ; എന്നു
ഉറക്കെ പ്രാര്‍ഥിക്കാന്‍ കഴിയുന്ന നമുക്കു ആരും അന്യരല്ല . എല്ലാവരും നമ്മുടെ
സഹോദരന്മാര്‍ സമൂഹത്തിലെ ഉച്ച നീചത്വങ്ങളുടെ പൊള്ളത്തരങ്ങള്‍ തനി
നാടന്‍ ഭാഷയില്‍ തുറന്നു കാട്ടുന്ന പൊട്ടന്‍ ദൈവത്തിന്‍റെ പള്ളിയറയും (വാതില്‍
മാടം ) നയന മനോഹരമായ മലനിരകളാലും, പുണ്ണ്യ നദിയായ പയസ്വിനി പുഴയിലെ തെളിനീരും
പള്ളിയറകളും ,കാവുകളും
നിറഞ്ഞു നില്‍ക്കുന്നതും നാടിന്‍റെ സാംസ്കാരിക തനിമ വിളിച്ചറിയിക്കുന്നതും പരശു
രാമനാല്‍ പ്രതിഷ്ട്ടിക്കപ്പെട്ടതും ആയിരുന്ന അതിപുരാതനമായ പുളിങ്ങോം ശങ്കര
നാരായണ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഇതേ പള്ളിയുടെ സമീപം തന്നെയാണ് .
ക്ഷേത്രത്തിലെയും പള്ളിയിലെയും ഭാരവാഹികള്‍ തമ്മില്‍ വളരെ നല്ലൊരു ആത്മ ബന്ധം
ഇന്നും കാത്തു സൂക്ഷിക്കുന്നു .ഈ ക്ഷേത്രവും അനുബന്ധ കാവുകളും പള്ളിയറകളും ഒരു
കാലത്ത് കംബല്ലുര്‍ തറവാട്ടുകാരുടെ അധീനതയില്‍ തന്നെയായിരുന്നു നില നിന്നിരുന്നത്
. കാലത്തിന്‍റെ കുത്തൊഴുക്കില്‍ ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഈ ക്ഷേത്ര
സമുച്ചയങ്ങളില്‍ പലതും നശിച്ചു പോയിരുന്നെങ്കിലും പഴയ പ്രൌഡിയോടു കൂടിത്തന്നെ
അവയില്‍ പലതും വീണ്ടെടുക്കാന്‍ ഇവിടെയുള്ള സന്മനസുകളുടെ ദീര്‍ഘ വീക്ഷണത്തോടു കൂടിയ
പ്രവര്‍ത്തനങ്ങള്‍ക്ക് സാദിച്ചിട്ടുണ്ട്. ഇപ്പോള്‍ NSS.കരയോഗ ക്കാരാണ് ക്ഷേത്രം ഏറ്റെടുത്തു
നടത്തുന്നത് .
ക്ഷേത്രം
ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ക്കായി കംബല്ലുര്‍ കോട്ടയില്‍
തറവാട്ടിലെ മറ്റു മുതിര്‍ന്നവരെയും അവരുടെ താമസ സ്ഥലങ്ങളില്‍ ചെന്നു കണ്ടു .
ചര്‍ച്ച ചെയ്തതിന്‍റെ ഫലമായാണ് ക്ഷേത്രം കരയോഗം ഏറ്റെടുക്കാന്‍ തീരുമാനമായത് എന്നു
അറിയാന്‍ കഴിയുന്നു . പിന്നീടു കരയോഗത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടു കൂടി
അന്യാധീന പ്പെട്ടുപോയ ക്ഷേത്ര സ്വത്തുക്കള്‍ വീണ്ടെടുക്കാനും അവിടെ ഇന്ന് കാണുന്ന
രീതിയില്‍ ഉള്ള ഒരു ക്ഷേത്രം 'ശങ്കര
നാരായണ ക്ഷേത്രവും മറ്റു അനുബന്ധ പള്ളിയറകളും'
ഉയര്‍ന്നു വരുവാന്‍ കാരണമാകുകയും ചെയ്തു .ഈ വക കാര്യങ്ങള്‍ ക്ഷേത്രം
ഭാരവാഹികളുമായി അല്‍പ്പനേരം സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞതാണ്
('സര്‍വ്വ മത സാരവുമേക' മെന്ന ശ്രീനാരായണ ഗുരുവിന്‍റെ വരികള്‍ ഇവിടെ ഓര്‍ത്തുപോകുന്നു. ഈ വരികളില്‍ ഊന്നിയ ബൈബിള്‍ ,ഗീതാ , ഖുറാന് .ഇവയെല്ലാം നമ്മള്‍ എതുമതക്കരായാലും വായിച്ചു മനസിലാക്കേണ്ടതും പഠന വിധേയമാക്കേണ്ടതും നിത്യ ജീവിതത്തില്‍ പ്രായോഗിക മാക്കേണ്ടതും ആണു കരുത്തുറ്റ മതേതര ബോധം നമ്മളില്‍
ഉടലെടുക്കാന്‍ ഇവ സഹായിക്കും ,വിധ്വേഷ മല്ല വിവേകമാണ് അവിടെ നമ്മളെ നയിക്കേണ്ടത് . നമുക്കു നഷ്ട്ടപ്പെടു പോയ അല്ലങ്കില്‍ നാം നഷ്ട്ടപ്പെടുത്തിയ എത്രയോ സുന്ദരമായ ,സന്തോഷകരമായ ഒരു ഭൂതകാലം നമുക്കു ഉണ്ടായിരുന്നു എന്ന വസ്തുത കേട്ടറിഞ്ഞതും , വയിച്ചറിഞ്ഞതും ആയ അനുഭവം വരും തലമുറകള്‍ക്ക് കൂടി കൈമാറുക എന്നതു മാത്രമേ ഞാന്‍ ഈ
ചെറു ലേഖനം കൊണ്ടു ഉദ്ദേശിക്കുന്നുള്ളൂ .
Suryanarayanan Nambiar.K.K